ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്‍റ്സ് കളര്‍ അവാർഡ് സമ്മാനിച്ച് രാഷ്‌ട്രപതി;'ഏറെ സന്തോഷമുണ്ട്': ദ്രൗപതി മുര്‍മു - ദ്രൗപതി മുര്‍മു കേരളത്തില്‍

🎬 Watch Now: Feature Video

thumbnail

By

Published : Mar 16, 2023, 10:43 PM IST

എറണാകുളം: ആദ്യ കേരള സന്ദർശനത്തിൽ തന്നെ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്‍റ് കളര്‍ അവാർഡ് നൽകുന്നതിൽ സന്തോഷമുണ്ടന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കൊച്ചിയിൽ ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. യുദ്ധത്തിലും സമാധാനത്തിലും രാജ്യത്തിന് നൽകിയ അസാധാരണ സേവനത്തിനുള്ള ഈ അംഗീകാരം സമര്‍പ്പിക്കാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മുര്‍മു പറഞ്ഞു. 

രാഷ്ട്രത്തിനായുള്ള സമർപ്പിത സേവനത്തിന്‍റെ  80 വർഷം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചതില്‍ എനിക്ക് ചാരിതാർത്ഥ്യമുണ്ടന്നും രാഷ്ട്രപതി പറഞ്ഞു. അന്താരാഷ്‌ട്ര പ്രശസ്‌തി നേടിയ പരിശീലന സ്ഥാപനം പീരങ്കി, മിസൈൽ പോരാട്ടത്തിൽ മികവിന്‍റെ കേന്ദ്രമാണ്. അർധ സൈനിക, പൊലീസ് സേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കും ഐ.എൻ.എസ് ദ്രോണാചാര്യയിൽ പരിശീലനം ലഭിച്ചിക്കുന്നുവെന്നതിൽ സന്തോഷമുണ്ട്. 

കൂടാതെ നമ്മുടെ സുഹൃദ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെയും നാവികരെയും പരിശീലിപ്പിക്കുന്നതിലൂടെ സുരക്ഷിത സമുദ്ര മേഖലയെന്ന ഇന്ത്യയുടെ വീക്ഷണം സ്ഥാപനം വളർത്തിയെടുക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഈ സ്ഥാപനത്തിൽ സേവനം അനുഷ്‌ഠിക്കുകയോ പരിശീലനം നേടുകയോ ചെയ്‌ത പൂർവ വിദ്യാർഥികളെയും പഴയതും നിലവിലുള്ളതുമായ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു. നിലവിലെ നാവിക സേന മേധാവി അഡ്‌മിറല്‍ ഹരികുമാറും ഇവിടുത്തെ പൂർവ്വ വിദ്യാർഥിയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. 

ഇന്ത്യൻ രാഷ്ട്രപതി എന്ന നിലയിൽ ഒരു നാവിക സേന സ്ഥാപനത്തിലെ രണ്ടാമത്തെ സന്ദർശനമാണിത്. നമ്മുടെ ധീരരായ നാവിക സേനാംഗങ്ങൾക്കൊപ്പം വിശാഖപട്ടണത്ത് നാവിക സേന ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഇന്ത്യൻ നാവിക സേനയുടെ പ്രവർത്തനങ്ങൾക്കും പ്രകടനങ്ങൾക്കും ഞാൻ സാക്ഷിയായി. ഏത് വെല്ലുവിളികളും നേരിടാനുള്ള നാവിക സേനയുടെ തയ്യാറെടുപ്പും പരിശീലന മികവും പ്രവർത്തന മികവും വ്യക്തമാക്കുന്നതായിരുന്നു പരിപാടികൾ. ഇന്ന് ദക്ഷിണ നാവിക കമാൻഡിൽ രാജ്യം നേരിടുന്ന ഭീഷണികൾ പ്രതിരോധിക്കാനും നമ്മുടെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ശേഷിയുടെ ഒരു നേർക്കാഴ്‌ച എനിക്ക് ലഭിച്ചുവെന്നും രാഷ്‌ട്രപതി പറഞ്ഞു. 

ഐ.എൻ.എസ് വിക്രാന്ത് സന്ദർശിച്ചും രാഷ്‌ട്രപതി: തദ്ദേശീയമായി നിർമിച്ച ആധുനിക വിമാന വാഹിനിക്കപ്പൽ ആത്മനിർഭർ ഭാരതത്തിന്‍റെ ഉജ്ജ്വല ഉദാഹരണമാണെന്ന് രാഷ്ട്രപതി പറഞ്ഞു. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു വിമാന വാഹിനിക്കപ്പൽ നിർമിക്കാൻ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മുഴുവൻ നാവിക സേനാംഗങ്ങളെയും കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനെയും ഐ.എൻ.എസ് വിക്രാന്ത് യാഥാർഥ്യമാക്കുന്നതിൽ സഹകരിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. 

അർപ്പണ ബോധത്തോടെയും അതുല്യമായും രാജ്യത്തെ സേവിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ധീരരായ സേനാംഗങ്ങളിൽ ഞാൻ അഭിമാനിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളിൽ സമുദ്രശക്തി നിർണായകമാണ്. നീണ്ട തീര പ്രദേശവും ദ്വീപ് സമൂഹങ്ങളും ഗണ്യമായ കടൽ യാത്രികരുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌ വ്യവസ്ഥയായ ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തവും ആധുനികവുമായ നാവിക സേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ട്. 

കഴിഞ്ഞ 75 വർഷമായി യുദ്ധസജ്ജവും ബഹുമുഖവും വൈദഗ്ദ്ധ്യമുള്ളതുമായ നാവിക സേന നമ്മുടെ എതിരാളികളെ ചെറുക്കുകയും സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുകയും സാമൂഹിക-സാമ്പത്തിക വളർച്ച സുഗമമാക്കുന്നതിന് സമാധാനാന്തരീക്ഷം സൃഷ്‌ടിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്‌തു. നമ്മുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിലും നമ്മുടെ വ്യാപാര പാതകൾ സുരക്ഷിതമാക്കുന്നതിലും ദുരന്ത സമയത്ത് സഹായം എത്തിക്കുന്നതിലും ഇന്ത്യൻ നാവിക സേന പ്രകടമാക്കുന്ന പ്രതിബദ്ധതയിൽ രാജ്യം അഭിമാനിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.  

പ്രസിഡന്‍റസ് കളര്‍ അവാർഡ് നൽകുന്നതിന്‍റെ  മുന്നോടിയായി തപാൽ വകുപ്പ് പുറത്തിറക്കുന്ന സ്പെഷ്യൽ കവർ രാഷ്ട്രപതി ദ്രൗപദി മുർമു പുറത്തിറക്കി. അഡ്‌മിറൽ ആർ. ഹരികുമാർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ പരിപാടിയില്‍ സന്നിഹിതരായിരുന്നു. കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു കൊച്ചിയിലെ ഒരു ദിവസത്തെ സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് പോയി.

എയര്‍ഫോഴ്‌സിന്‍റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്‌മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ല കലക്‌ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രാഷ്‌ട്രപതിയെ യാത്രയാക്കിയത്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.