വന്ദന ദാസ് കൊലക്കേസ്: സന്ദീപ് 5 ദിവസം കസ്റ്റഡിയിൽ, പ്രതിക്കായി അഡ്വ. ബി.എ ആളൂർ - കൊട്ടാരക്കര
🎬 Watch Now: Feature Video

കൊല്ലം: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ അഞ്ചു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. പ്രതിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി പൊലീസിനോട് നിർദേശിച്ചു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വന്ദന വധക്കേസിലെ പ്രതി സന്ദീപിനെ രാവിലെ 11 മണിയോടുകൂടിയാണ് കോടതിക്ക് മുന്നിൽ ഹാജരാക്കിയത്. പ്രതിക്കു വേണ്ടി അഭിഭാഷകൻ ബി.എ ആളൂർ കോടതിയിൽ ഹാജരായി. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ആയുധം കണ്ടെത്തണം എന്ന വാദം നിലനിൽക്കില്ലെന്ന് ആളൂർ വാദിച്ചു. ഡോക്‌ടറെ കൊലപ്പെടുത്തി എന്ന ആരോപണം നിലനിൽക്കുന്നത് കൊണ്ട് സന്ദീപിന് ആവശ്യമായ വൈദ്യസഹായം ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞത്.
ആയുധം എങ്ങനെ കൈക്കലാക്കി എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട വാദങ്ങൾക്കൊടുവിലാണ് കോടതി ഉത്തരവിട്ടത്. സന്ദീപിന് ആവശ്യമായ വൈദ്യസഹായം നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിൽ 15 മിനിറ്റ് നേരം അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
സന്ദീപിനെ കോടതിയിൽ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേരാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്. പ്രതിയെ എത്തിച്ചതോടെ കോടതിക്ക് മുന്നിൽ സ്ത്രീകളുടെ പ്രതിഷേധവും നടന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെ കോടതി പരിസരത്ത് വിന്യസിച്ചിരുന്നു. കോടതി അനുവദിച്ച സമയത്തിനുള്ളിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാനാണ് പൊലീസിൻ്റെ നീക്കം. സന്ദീപിനെ ക്രൈം ബ്രാഞ്ച് ഇന്നുമുതൽ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി പ്രതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കും.
കോടതി പരിസരത്ത് പ്രതിഷേധം : സന്ദീപിനെ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സമയത്ത് വലിയ പ്രതിഷേധമുണ്ടായി. കോടതിക്ക് പുറത്ത് ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിച്ചു. മെയ് 10നാണ് ജോലിസമയത്ത് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത സന്ദീപിനെ വൈദ്യപരിശോധനയ്‌ക്കായി എത്തിച്ച സമയത്താണ് അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കി ഡോക്‌ടർ അടക്കം നാലു പേരെ സന്ദീപ് കുത്തിപ്പരിക്കേൽപ്പിച്ചത്.