അട്ടപ്പാടിയില്‍ വയറിളക്കവും ഛര്‍ദിയും രൂക്ഷം; രോഗം പടര്‍ന്നത് കുടിവെള്ളത്തില്‍ നിന്നാവുമെന്ന് ആരോഗ്യ വകുപ്പ് നിഗമനം - kerala latest news
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18581588--thumbnail-16x9-hbvsd.jpg)
പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ വയറിളക്കവും ഛര്‍ദിയും പടര്‍ന്ന് പിടിക്കുന്നു. വെച്ചപ്പതി, വെള്ളക്കുളം, വരഗംപാടി, നല്ലശിങ്ക, ഊത്തുക്കുഴി, ഷോളയൂർ എന്നിവിടങ്ങളിലാണ് രോഗം പടര്‍ന്ന് പിടിച്ചിട്ടുള്ളത്. കുട്ടികള്‍ അടക്കം 132 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ശനിയാഴ്‌ച മുതലാണ് ആളുകള്‍ ആശുപത്രികളില്‍ എത്തി തുടങ്ങിയത്.
ഡി.എം.ഒ റീത്ത രോഗ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. കുടിവെള്ളത്തില്‍ നിന്നാവും രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. എന്നാല്‍ വിവിധയിടങ്ങളില്‍ നിന്നാണ് രോഗ ബാധിത മേഖലയിലുള്ളവര്‍ വെള്ളം ശേഖരിക്കുന്നത്. കുടിവെള്ളം തിളപ്പിച്ച് മാത്രം ഉപയോഗിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
രോഗം ബാധിച്ചതിന് തുടര്‍ന്ന് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കി. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ജനങ്ങള്‍ ഉടനടി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
വയറിളക്കവും ഛര്‍ദിയും ബാധിച്ചാല്‍ മരുന്നിനൊപ്പം ഉപയോഗിക്കേണ്ടവ: വയറിളക്കവും ഛര്‍ദിയും ബാധിച്ചാല്‍ ധാരാളം വെള്ളം കുടിക്കണം. കഞ്ഞിവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് ഇവ രണ്ടും ബാധിച്ചാലുണ്ടാകുന്ന നിര്‍ജലീകരണ സാധ്യത കുറക്കുന്നു. മാതള നാരങ്ങയുടെ ജ്യൂസ് വയറിളക്കത്തിന് ഉത്തമ പ്രതിവിധിയാണ്. കറിവേപ്പിലയുടെ തളിരില ഞെട്ടോടെ അടര്‍ത്തിയെടുത്ത് അരച്ച് പച്ചമോരില്‍ ചേര്‍ത്ത് കുടിക്കുന്നത് വയറിളക്കത്തിന് ഉത്തമമാണ്.