പരിക്കേറ്റ നിലയിൽ മദ്രസയുടെ ഉള്ളിലേക്ക് ഓടിക്കയറിയ മാൻ ചത്തു - മദ്രസയുടെ ഉള്ളിൽ ഓടിക്കയറിയ മാൻ മരിച്ചു
🎬 Watch Now: Feature Video
വയനാട് : പേരിയയിൽ പരിക്കേറ്റ നിലയിൽ മദ്രസയിലേക്ക് ഓടിക്കയറിയ മാൻ ചത്തു. പേരിയ 36 ലെ ഖുവ്വത്തുല്‍ ഇസ്ലാം സെക്കൻഡറി മദ്രസയിലേക്കാണ് വലിയ പുള്ളിമാന്‍ ഓടിക്കയറിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ധാരാളം കുട്ടികള്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് മദ്രസയ്‌ക്കുള്ളിലേക്ക് മാന്‍ ഓടിക്കയറിയത്.
തെരുവ് നായകള്‍ ഓടിച്ചതിനെ തുടര്‍ന്ന് പ്രാണരക്ഷാർഥമാണ് മാന്‍ ഓടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിഭ്രാന്തിയിലായ കുട്ടികള്‍ മറ്റ് വാതിലുകളില്‍ കൂടി ഓടി സുരക്ഷിത സ്ഥാനത്തേക്ക് മാറുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ തന്നെ വനപാലകര്‍ സ്ഥലത്തെത്തിയെങ്കിലും മാന്‍ പിന്നീട് ചാവുകയും ചെയ്‌തു.
പട്ടിയുടെ കടിയേറ്റതിനെ തുടര്‍ന്നോ മറ്റോ ഉള്ള മുറിവില്‍ നിന്നും ധാരാളം രക്തം മദ്രസയുടെ അകത്തെല്ലാം ചിതറിയ നിലയിലായിരുന്നു. പരിഭ്രാന്തി മൂലമാണ് മാന്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് വനം വകുപ്പ് അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചു.
കിണറ്റിൽ വീണ മാനിനെ രക്ഷപ്പെടുത്തി : അടുത്തിടെ ഒറ്റപ്പാലത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുള്ളിമാനെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു. കടമ്പൂർ കൂനൻമല വരിക്കോട്ടിൽ കിഴക്കേക്കര രാമചന്ദ്രൻ്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിമാന്‍ വീണത്.
മുകളിലിട്ട വല പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മാനിനെ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവരെത്തി മാനിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ALSO READ : കാടും മലയുമിറങ്ങിയെത്തി അബദ്ധത്തില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു ; പുള്ളിമാന് രക്ഷകരായി വനംവകുപ്പ്