Cricket World Cup Trophy In RFC : കണ്‍മുന്നില്‍ ലോകജേതാക്കള്‍ ലാളിച്ച ആവേശക്കപ്പ് ; ഗംഭീര സ്വീകരണമൊരുക്കി റാമോജി ഫിലിം സിറ്റി - ഐസിസി
🎬 Watch Now: Feature Video
Published : Sep 20, 2023, 10:41 PM IST
ഹൈദരാബാദ് : സച്ചിനും ധോണിയും യുവരാജും കോലിയുമൊക്കെ ആരവനടുവില്‍ എടുത്തുയർത്തിയ ആവേശക്കപ്പാണിത്. കളിക്കമ്പക്കാരുടെ സിരകളെ ത്രസിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ് (ODI Cricket) ലോകകപ്പിന്‍റെ സുവര്‍ണ കിരീടം. വിഖ്യാത താരങ്ങളടക്കം പലരും മുത്തമിട്ട കപ്പ്, ചിലര്‍ക്ക് കൈയ്യകലെ നഷ്ടമായ കിരീടം. അത്തരത്തില്‍ കനത്ത ആവേശവും നിരാശയുമൊക്കെ ഈ കിരീടത്തെ ചുറ്റിപ്പറ്റിയുണ്ട്. ഈ സുവര്‍ണ മുദ്ര നേടാന്‍ സ്വപ്നങ്ങള്‍ നെയ്‌തുകൂട്ടി കാത്തിരിക്കുകയാണ് 10 ടീമുകള്‍. അവര്‍ക്ക് പോരടിക്കാന്‍ 48 മത്സരങ്ങള്‍. ഒക്‌ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ രാജ്യത്തെ വിവിധ വേദികളിലായി ലോകകപ്പ് മത്സരങ്ങള്‍ (Cricket World Cup Matches) അരങ്ങേറും. ക്രിക്കറ്റ് (Cricket) കമ്പത്തില്‍ അപ്പോള്‍ ലോകം ആവേശഭരിതമാകും. നവംബർ 19ന് നടക്കുന്ന ഫൈനലില്‍ വിജയികളാകുന്നവർ ഈ കിരീടമുയര്‍ത്തി ആനന്ദനൃത്തമാടും. മത്സരങ്ങള്‍ക്ക് മുന്നോടിയായി രാജ്യത്തിനകത്തും പുറത്തും ഐസിസി ട്രോഫിയുടെ (ICC Trophy) പ്രദര്‍ശന പര്യടനം നടന്നുവരികയാണ്. ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് കിരീടം അടുത്തുകാണാനുള്ള അസുലഭ അവസരം. തെലങ്കാനയിലെ പര്യടനത്തിനിടെ, രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വാർത്താ നെറ്റ്‌വര്‍ക്കായ ഇടിവി ഭാരതിന്‍റെ റാമോജി ഫിലിം സിറ്റിയിലെ ആസ്ഥാനത്തും ലോകകപ്പ് ട്രോഫിയെത്തി. ആനന്ദ നിറവോടെ ഇടിവി ഭാരത് അതിനെ വരവേറ്റു (Cricket World Cup Trophy In Ramoji Film City). റാമോജി ഫിലിം സിറ്റിയിലെ കാരംസ് ഗാർഡനില്‍ ആര്‍എഫ്‌സി മാനേജിങ് ഡയറക്‌ടര്‍ സിഎച്ച് വിജയേശ്വരി ട്രോഫി അനാച്ഛാദനം ചെയ്‌തു. ഈനാട് മാനേജിങ് ഡയറക്‌ടര്‍ സിഎച്ച് കിരണ്‍, ഇടിവി സിഇഒ ബാപിനീടു തുടങ്ങിയവര്‍ സംബന്ധിച്ചു. നാലുവർഷം കൂടുമ്പോൾ മാത്രം നടക്കുന്ന ലോകകപ്പ് മാമാങ്കത്തിന്‍റെ മത്സരവേദികളൊരുങ്ങുമ്പോള്‍ ബഹിരാകാശത്തായിരുന്നു കിരീടത്തിന്‍റെ ആദ്യ അവതരണം. ട്രോഫി പ്രദര്‍ശിപ്പിച്ചത് ഒരു ലക്ഷത്തി ഇരുപതിനായിരം അടി ഉയരത്തില്‍. ജൂണ്‍ 27നാണ് പ്രദര്‍ശന പര്യടനം ആരംഭിച്ചത്. 18 രാജ്യങ്ങളിലെ 40ല്‍ അധികം നഗരങ്ങളിലൂടെ ട്രോഫി ഇതിനകം യാത്ര ചെയ്‌തു. ആഗോളതലത്തില്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം എന്നതാണ് കിരീടത്തിന്‍റെ ലോക സഞ്ചാരം കൊണ്ട് ലക്ഷ്യമിടുന്നത്.