അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് കോളജ് വിദ്യാർഥിനി മരിച്ച സംഭവം : പ്രതിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം - മൂവാറ്റുപുഴ എറണാകുളം

🎬 Watch Now: Feature Video

thumbnail

By

Published : Jul 27, 2023, 11:20 AM IST

Updated : Jul 27, 2023, 12:00 PM IST

എറണാകുളം : മൂവാറ്റുപുഴയിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി. ബൈക്ക് ഓടിച്ച എനനെല്ലൂർ കിഴക്കെമുട്ടത്ത് അൻസൺ റോയ്‌ക്ക് (22) എതിരെയാണ് പൊലീസ് നടപടി. ഇയാൾ സ്ഥിരമായി അമിത വേഗതയിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നയാളാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. മോട്ടോർ വാഹന വകുപ്പും അൻസൺ റോയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇയാളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വാളകം കുന്നയ്‌ക്കൽ സ്വദേശി ആര്‍ നമിതയാണ് (20) മരിച്ചത്. ബുധനാഴ്‌ച വൈകുന്നേരം കോളജിൽ നിന്നും മടങ്ങവെയാണ് നമിതയെയും അനുശീ രാജിയെയും ബൈക്ക് ഇടിച്ചത്. അനുശ്രീ രാജി (20) നിർമ്മല മെഡിക്കൽ സെന്‍ററിൽ ചികിത്സയിലാണ്. എനനെല്ലൂർ കിഴക്കെമുട്ടത്ത് അൻസൺ റോയ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കാണ് വിദ്യർഥിനികളെ ഇടിച്ച് തെറിപ്പിച്ചത്. ബുധനാഴ്‌ച വൈകുന്നേരം തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ കോളജ് കവാടത്തിനു മുന്നിലായിരുന്നു അപകടം. കോളജിൽ നിന്ന് പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥിനികൾ റോഡ് മുറിച്ച് കടക്കവെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും അമിതവേഗത്തിൽ വരികയായിരുന്ന ബൈക്ക് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പികയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഓടിക്കൂടിയ വിദ്യാർഥികൾ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നമിതയുടെ ജീവൻ നഷ്‌ടപ്പെട്ടിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആൻസൺ സമീപത്ത് നിർത്തിയിട്ടിരുന്ന ബസിന് അടിയിലേക്കാണ് തെറിച്ചുവീണത്. ഇയാളെയും വിദ്യാർഥികളാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിന് മുമ്പ് പലവട്ടം ഇയാൾ ബൈക്ക് അമിതവേഗത്തിൽ റോഡിലൂടെ തലങ്ങും വിലങ്ങും ഓടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. അതേസമയം, ആൻസണിനെ പുലർച്ചെ രണ്ട് മണിയോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ നിർമ്മല കോളജിലെ വിദ്യാർഥികൾ പ്രതിഷേധിച്ചു. തങ്ങളുടെ സഹപാഠികളെ ഇടിച്ചു തെറിപ്പിച്ച പ്രതിയെ കൊണ്ടുപോകാൻ അനുവദിക്കില്ല എന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. പിന്നീട് പൊലീസെത്തി സുരക്ഷയൊരുക്കിയാണ് ഇയാളെ ഇവിടെ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അതേസമയം, നമിതയുടെ മൃതദേഹം നിർമ്മല ആശുപത്രിയിൽ നിന്നും താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിനു ശേഷം 12 മണിയോടെ കോളജിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് ഉച്ചയ്ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. വൈകുന്നേരം മൂന്നരയോടെ മൂവാറ്റുപുഴ നഗരസഭ ശ്‌മശാനത്തിൽ സംസ്‌കരിക്കും.

Last Updated : Jul 27, 2023, 12:00 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.