CM Pinarayi Vijayan On Cooperative Sector 'സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാൻ ശ്രമം, ജനങ്ങൾ നിക്ഷേപിക്കുന്ന തുക സുരക്ഷിതമായിരിക്കും': മുഖ്യമന്ത്രി
🎬 Watch Now: Feature Video
Published : Sep 23, 2023, 6:40 PM IST
കാസർകോട് : സഹകരണ മേഖലയെ (Cooperative sector) തകർക്കാൻ ദുഷ്‌ടലാക്കോടെ ചിലർ ശ്രമിക്കുന്നുവെന്നും ചില പുഴുക്കുത്തുകൾ ചിലയിടങ്ങളിൽ ഉണ്ടാവാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). അഴിമതി മാർഗം സ്വീകരിച്ചവർക്കെതിരെ കർശന നടപടിയാണ് സർക്കാർ എടുത്തത്. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാകെ മോശമാണെന്ന് ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുണ്ടംകുഴിയിൽ ബേഡഡുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസ് കെട്ടിടവും കാർഷിക സേവന കേന്ദ്രവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. സഹകരണ സ്ഥാപനങ്ങളെ ബാധിക്കുന്ന നയം വീറോടെ നടപ്പാകുന്നു. കേരളത്തെ പ്രത്യേകം ലക്ഷ്യമിടുകയാണ്. വാണിജ്യ ബാങ്കുകളുമായി മത്സരിക്കാന്‍ കേരളത്തിലെ സഹകരണ ബാങ്ക് വളർന്നിരിക്കുന്നു. സഹകരണ മേഖലയ്‌ക്ക് എന്തെങ്കിലും കോട്ടമുണ്ടായാല്‍ അത് കേരളത്തിന്‍റെയാകെ പുരോഗതിയെ പിന്നോട്ടടിക്കും. ഇത് തിരിച്ചറിഞ്ഞാണ് നമ്മുടെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നത്. അവരാണ് ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ സഹകരണ മേഖലയെയാകെ താറടിച്ചു കാണിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന് നോട്ടു നിരോധനകാലത്ത് ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്ന് ഒന്നും കണ്ടെത്തിയില്ല. സഹകരണ മേഖലയിൽ ജനങ്ങൾ നിക്ഷേപിക്കുന്ന ഓരോ തുകയും സുരക്ഷിതമായിരിക്കും. അത് സർക്കാർ ഉറപ്പ് വരുത്തും. അതിനെതിരെ എത്ര ഉന്നതരായ ആളുകൾ ശ്രമിച്ചാലും അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.