'പറവൂര്‍ മുൻസിപ്പൽ ചെയർപേഴ്‌സണെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തി'; നവകേരള സദസിനുള്ള ഫണ്ട് പിന്‍വലിച്ച നടപടിയില്‍ മുഖ്യമന്ത്രി
🎬 Watch Now: Feature Video
കോഴിക്കോട്: നവകേരള സദസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan Against VD Satheeshan). പറവൂർ മുനിസിപ്പാലിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിന്‍റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ, നവകേരള സദസിന്‍റെ സംഘാടനത്തിനായി എറണാകുളം ജില്ലയിലെ പറവൂര്‍ നഗരസഭ ഒരു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടല്‍ നടത്തുകയും തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പണം നല്‍കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (നവംബര്‍ 24) പ്രതികരണം നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം. പറവൂർ മുനിസിപ്പാലിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിന്‍റെ നീക്കം അംഗീകരിക്കാനാവില്ല. നവകേരള സദസിന് തുക അനുവദിച്ചതിനെ തുടർന്ന് മുൻസിപ്പൽ ചെയർപേഴ്‌സണെ ഭീഷണിപ്പെടുത്തിയത് അംഗീകരിക്കാനാവില്ല. പ്രാദേശിക ഭരണ സംവിധാനത്തെ സങ്കുചിത ദുഷ്‌ടലാക്കോടെ സമീപിക്കുകയാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം എടുത്ത ബഹിഷ്‌കരണ തീരുമാനം കോൺഗ്രസിന്‍റെ പ്രാദേശിക നേതാക്കൾ അംഗീകരിക്കുന്നില്ല. നവകേരള സദസിനിടെ ഇതാണ് കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും ഉള്‍പ്പടെ കാണാനായത് എന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വടകരയിൽ പറഞ്ഞു.