ഗവർണർ മിഠായി തെരുവിലെത്തിയത് പ്രോട്ടോക്കോൾ ലംഘിച്ച്: മുഖ്യമന്ത്രി - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
🎬 Watch Now: Feature Video
Published : Dec 19, 2023, 5:23 PM IST
കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മിഠായി തെരുവിലെത്തിയത് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്തിരിക്കേണ്ട ആളല്ലെന്നും പ്രോട്ടോക്കോൾ ലംഘിച്ച് ഇറങ്ങി നടക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ നടന്നതോടുകൂടി മിഠായി തെരുവ് ഒന്നുകൂടെ പ്രശസ്‌തമായെന്ന് മുഖ്യമന്ത്രി പരിഹാസ രൂപേണ പറഞ്ഞു. കേരളത്തിലെ ക്രമസമാധന നില ഭദ്രമെന്ന് മനസിലായ ഗവർണർ അദ്ദേഹത്തിന് വേറെ ഏതെങ്കിലും തരത്തിലുള്ള ഉദ്ദേശ്യമുണ്ടോയെന്ന് പറയണം. ഗവർണറെ ആക്രമിച്ചാൽ സർക്കാരിനെ അട്ടിമറിക്കാം എന്ന് ചിന്തിച്ചാലും തെറ്റുപറയാനാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്‍റെ ഭാവി വാഗ്‌ദാനങ്ങളായ വിദ്യാർത്ഥികളോട് ഗവർണർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്‌തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർക്ക് കേരള പൊലീസ് സുരക്ഷ നൽകിയിരിക്കും. എന്നാൽ കേരള പൊലീസ് നൽകുന്ന സുരക്ഷ ഗവർണറുടെ ഇഷ്‌ടാനിഷ്‌ടം വെച്ചായിരിക്കില്ല. പകരം ഗവർണറുടെ പദവിക്കാണ് കേരള പോലീസ് സുരക്ഷ നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ കൊല്ലത്തെ നവകേരള സദസിനിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പുതുവൽസര ദിനത്തിൽ കെ സ്‌മാർട്ട് പ്രവർത്തനം ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഓൺലൈനായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന സംരംഭമാണ് കെ സ്‌മാർട്ട്. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കും. ജനന മരണ വിവാഹ രജിസ്ട്രേഷൻ ഓൺലൈനായി ചെയ്യാൻ ഇതിലൂടെ സാധ്യമാകും. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഈ സോഫ്റ്റ് വെയർ നിലവിൽ വരുന്നത്. കെ സ്‌മാർട്ട് ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ആദ്യം നഗര പ്രദേശങ്ങളിൽ ആവും പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാവുക. ജനുവരി 1 മുതൽ നഗര പ്രദേശങ്ങളിലും ഏപ്രിൽ 1 മുതൽ ഗ്രാമ പ്രദേശങ്ങളിലും കെ സ്‌മാർട്ട് സേവനം നടപ്പാക്കും. ഇത് നടപ്പിലാകുന്നതോടെ പൊതു ജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട അവസ്ഥ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.