VIDEO| ചക്കയും മാങ്ങയും തേടി നെല്ലിയാമ്പതിയിൽ വിലസി ചില്ലിക്കൊമ്പൻ, ചുരം റോഡിലിറങ്ങി അമ്മയാനയും കുട്ടിയും
🎬 Watch Now: Feature Video
പാലക്കാട് : ചക്കയുടെയും, മാങ്ങയുടെയും കാലമായാൽ നെല്ലിയാമ്പതിക്കാർക്കൊരു കൗതുക കാഴ്‌ചയുണ്ട്. ലയങ്ങൾക്ക് സമീപമുള്ള പ്ലാവിലെ ചക്ക പറിക്കാനും, മാവിലെ മാങ്ങ പറിക്കാനും കാടിറിങ്ങി ഒരുത്തനെത്തും. ലയങ്ങൾക്ക് കേടു വരുത്താതെ, മറ്റു ശല്യങ്ങളുണ്ടാക്കാതെ ചക്കയും, മാങ്ങയും മാത്രം ലക്ഷ്യമാക്കിയെത്തുന്ന ചില്ലിക്കൊമ്പനാണ് ആ വിരുതൻ.
പ്ലാവിൽ മുൻ കാലുകൾ വച്ച് കയറി ചക്ക പറിച്ചെടുക്കും. മാവിൽ പിടിച്ച് കുലുക്കി മാങ്ങകൾ വീഴ്‌ത്തി അവ പെറുക്കി തിന്നും. നെല്ലിയാമ്പതിക്കാർ ഈ കൗതുക കാഴ്ച്ച കണ്ട് രസിക്കുകയും, ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുമെങ്കിലും വന്യ മൃഗമായതിനാൽ ചില്ലിക്കൊമ്പനുമായി അടുത്ത് ഇടപഴകാൻ പോകാറില്ല.
നെല്ലിയാമ്പതി ചുരത്തിൽ അമ്മയാനയും, കുഞ്ഞും : നെല്ലിയാമ്പതി ചുരം റോഡിൽ മാസങ്ങൾക്ക് മുൻപ് സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന അമ്മയാനയും, കുട്ടിയാനയും കാടുകയറിയിരുന്നു. വെള്ളിയാഴ്ച്ച ഈ അമ്മയാനയും, കുട്ടിയാനയും വീണ്ടും ചുരത്തിലെത്തി.
റോഡ് അരികിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനകൾ ചില വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തിരുന്നു. മൂന്ന് മാസങ്ങൾക്ക് മുൻപ് കാർ യാത്രക്കാർക്ക് നേരെയും, ബൈക്ക് യാത്രകാർക്ക് നേരെയും ആന പാഞ്ഞടുത്തിരുന്നു. നിലവിൽ കാട്ടാനകൾ വീണ്ടും ചുരത്തിൽ നിലയുറപ്പിച്ച് അപകടമുണ്ടാക്കുമോ എന്ന ഭീതിയിലാണ് നെല്ലിയാമ്പതിയിലേക്കുള്ള യാത്രക്കാർ.