കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായര്‍ മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നതായി മെഡിക്കൽ സംഘം. ആരോഗ്യനിലയിൽ ഇന്നലത്തേതിൽ നിന്നും പുരോഗതി ഉണ്ടായിട്ടില്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. എംടിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.
ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില മോശമായ അദ്ദേഹം നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്‌തംഭനം ഉണ്ടായെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമായതായും വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ എംടിയുടെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടു. ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി തേടിയിട്ടുണ്ട്.
ശ്വാസ തടസത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 15നാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നത്. കഴിഞ്ഞ ദിവസം രക്തസമ്മര്‍ദത്തിലടക്കം കാര്യമായ വ്യതിയാനമുണ്ടായി. ഇതേതുടര്‍ന്നാണ് മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കിയത്.
എംടിയുടെ മകള്‍ അശ്വതി, സുഹൃത്തും സാഹിത്യക്കാരനുമായ എംഎൻ കാരശ്ശേരി ഉള്‍പ്പെടെയുള്ളവർ ആശുപത്രിയിലുണ്ട്. എംടിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് രാവിലെ പുറത്തുവിടുന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ നിന്നും വ്യക്തമാകും.