'പാമ്പില്ലേ..എങ്കിൽ കല്യാണവുമില്ല' !; സ്‌ത്രീധനമായി പാമ്പുകളെ നൽകുന്ന ഇന്ത്യയിലെ അപൂർവ ഗ്രാമം
🎬 Watch Now: Feature Video
കോർബ (ഛത്തീസ്‌ഗഡ്) : ഇന്ത്യയിൽ സ്‌ത്രീധനം നിയമവിരുദ്ധമാണെങ്കിലും ഇന്നും സ്‌ത്രീധനം ഒരു അഭിമാന പ്രശ്‌നമായാണ് പലരും കാണുന്നത്. നമ്മുടെ നാട്ടിൽ പണമായും, സ്വർണമായും, വസ്‌തുക്കളായും ഒക്കെ സ്‌ത്രീധനം നൽകി വരാറുണ്ട്. എന്നാൽ സ്‌ത്രീധനമായി പാമ്പുകളെ നൽകുന്ന ഒരു ഗോത്രമുണ്ട് ഇന്ത്യയിൽ. ഛത്തീസ്‌ഗഡിലെ കോർബയിലെ സൻവാര ഗോത്രക്കാരാണ് പാരമ്പര്യമായി വിവാഹത്തിന് പാമ്പുകളെ സ്‌ത്രീധനമായി നൽകുന്നത്.
വധു ഒൻപത് വ്യത്യസ്‌ത ഇനം പാമ്പുകളെ വരന്‍റെ വീട്ടിലേക്ക് കൊണ്ട് പോകണമെന്നാണ് ഇവിടുത്തെ ആചാരം. ഒരു പക്ഷേ ഒൻപത് പാമ്പുകളെ കൊണ്ട് പോകാൻ സാധിച്ചില്ലെങ്കിൽ വിവാഹം അപൂർണമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ പാമ്പുകളെ ആരാധിക്കുന്നുണ്ടെന്നും ചെറിയ കുട്ടികൾക്ക് വരെ പാമ്പിനെ സുരക്ഷിതമായി പിടികൂടാൻ അറിയാമെന്നും പ്രദേശവാസിയായ ഭരത് ലാൽ പറയുന്നു.
അതേസമയം സ്ത്രീധനമായി പാമ്പുകളെ നൽകുന്നത് തങ്ങളുടെ സമൂഹത്തിലെ ഒരു പ്രധാന ആചാരമാണെന്ന് പ്രാദേശിക പാമ്പാട്ടിയായ കടാങ്കി പറയുന്നു. 'നമ്മുടെ പൂർവ്വികർ സ്‌ത്രീധനമായി 60 പാമ്പുകളെയാണ് നൽകിയിരുന്നത്. ഇന്ന് അത് ഒൻപത് ആയി കുറഞ്ഞു. സ്‌ത്രീധനം നൽകിയില്ലെങ്കിൽ സമൂഹത്തിൽ ആരും വിവാഹം കഴിക്കില്ല. അതിനാൽ പാമ്പുകളെ തെരഞ്ഞ് പിടിക്കേണ്ടത് ഞങ്ങളുടെ ജോലി കൂടിയാണ്. കടാങ്കി പറയുന്നു.
അതേസമയം പ്രാദേശിക ഭരണകൂടവും ഈ ആചാരത്തെ മാനിക്കുന്നുണ്ടെങ്കിലും പാമ്പ് പിടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഉപദേശം നൽകാറുണ്ടെന്ന് കോർബ ഫോറസ്റ്റ് ഡിവിഷൻ റേഞ്ച് ഓഫീസർ സിയാറാം കർമാക്കർ പറയുന്നു. വിഷമില്ലാത്ത പാമ്പുകളെ പിടികൂടി പ്രദർശനം നടത്തി ഉപജീവനം നടത്തുന്നവരാണ് ഈ ഗ്രാമത്തിലുള്ളവർ. അതിനാൽ തന്നെ സ്‌ത്രീധനമായി പാമ്പുകളെ നൽകുന്ന ആചാരം ഇവരുടെ തൊഴിലാമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യർക്ക് അപകടകരമല്ലാത്ത വിഷമില്ലാത്ത പാമ്പുകളെ മാത്രം പിടികൂടാനും ജാഗ്രത പാലിക്കാനും പലപ്പോഴും ജനങ്ങൾക്ക് ഉപദേശം നൽകാറുണ്ടെന്നും സിയാറാം കർമാക്കർ വ്യക്‌തമാക്കി.