Marottichal Chess village of india| ലഹരി നുരയുന്ന ചെസ്, മരോട്ടിച്ചാല്‍ ഇന്ത്യയുടെ ചെസ് വില്ലേജായ കഥയിതാ...
🎬 Watch Now: Feature Video
തൃശൂർ : പ്രകൃതി മനോഹാരിത കൊണ്ട് പേരുകേട്ട വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ മരോട്ടിച്ചാൽ ഗ്രാമം. ഗ്രാമാന്തരീക്ഷവും വെള്ളച്ചാട്ടവുമൊക്കെയായി സുന്ദരമാണ് തൃശൂർ ജില്ലയിലെ മരോട്ടിച്ചാല്‍. എന്നാൽ അതിനപ്പുറം ഈ ഗ്രാമത്തിന് ഒരു പേരുണ്ട്. ഇന്ത്യയുടെ ചെസ് വില്ലേജ്.
ചെസ് കളിയെ നെഞ്ചിലേറ്റിയ ജനത. പ്രായഭേദമന്യേ ചെസിനോടുള്ള അഭിനിവേശം. ഗ്രാമത്തിലെ 80 ശതമാനം ആളുകളും ചെസ് എന്ന ഹരം നെഞ്ചിലേറ്റിയവരാണ്. ചെസ് ഇവർക്ക് പ്രിയപ്പെട്ടതായിട്ട് അരനൂറ്റാണ്ടാകുന്നു. പക്ഷേ അതിന് പിന്നിലൊരു കഥയുണ്ട്.
ചതുരംഗപ്പലകയിലെ കരുക്കൾ പോലെ ജീവിതം മാറിമറിഞ്ഞ നാളുകൾ. വാറ്റുചാരായത്തിൽ മുങ്ങി ജീവിതം താറുമാറായി മദ്യപാനത്തിന്‍റെയും ചൂതാട്ടത്തിന്‍റെയും കേന്ദ്രമായിരുന്ന മരോട്ടിച്ചാൽ. ജീവിതത്തിലെ കറുപ്പ് മാത്രം നിറഞ്ഞ ദിനങ്ങൾ മാറ്റിയെഴുതിയത് മരോട്ടിച്ചാൽ സ്വദേശിയായ ഉണ്ണികൃഷ്‌ണനാണ്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ്‌മാസ്റ്ററായ ബോബി ഫിഷറിനെക്കുറിച്ചുള്ള ലേഖനം വായിച്ചതോടെയാണ് എല്ലാത്തിന്‍റെയും തുടക്കം. ലേഖനം വായിച്ചതോടെ ചെസ് പഠിക്കണമെന്നായി മോഹം. ഗ്രാമത്തിന് പുറത്തുപോയി ചെസ് പരിശീലനം നേടി തിരിച്ചെത്തി. തന്‍റെ കൂട്ടുകാർക്കും നാട്ടുകാർക്കുമൊക്കെ കളി പറഞ്ഞു നല്‍കി.
പിന്നീടുണ്ടായതാണ് അത്ഭുതം. പ്രായഭേദമന്യേ സ്‌ത്രീ പുരുഷഭേദമില്ലാതെ ചെസ് എന്ന വിനോദത്തെ ഗ്രാമം ലഹരിയാക്കി സ്വീകരിച്ചു. മദ്യപാനത്തെയും ചൂതാട്ടത്തെയും ചെസ് കളി കൊണ്ട് ഇവർ തോൽപ്പിച്ചു. വാറ്റുകേന്ദ്രമായിരുന്ന മരോട്ടിച്ചാല്‍ എന്ന പേര് അവർ മാറ്റിയെഴുതി.. 'ഇന്ത്യയുടെ ചെസ് വില്ലേജ്'. ഇപ്പോൾ കറുത്ത ദിനങ്ങളില്ല. വെള്ളയും കറുപ്പും നിറഞ്ഞ കളങ്ങൾ മാത്രം. ജീവിതം ജയിച്ചു മുന്നേറാനുള്ളതാണ്. ചതുരംഗം പോലെ... മരോട്ടിച്ചാല്‍ എന്നുമൊരു പ്രചോദനമാണ്.
കെ ബി വേണുവിന്‍റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ഓഗസ്റ്റ് ക്ലബ്ബ് എന്ന ചിത്രത്തിലെ റിമ കല്ലിങ്കൽ അവതരിപ്പിച്ച സാവിത്രി എന്ന കഥാപാത്രത്തെ പോലെയാണ് മരോട്ടിച്ചാൽ എന്ന് പലരും പറയുന്നു. ചെസിൽ മുഴുകിയ സാവിത്രിയെപ്പോലെ..