Central Rapid Action Force Route March | പ്രശ്‌നബാധിത സ്ഥലങ്ങളിൽ കേന്ദ്ര ദ്രുതകർമ സേനയുടെ റൂട്ട് മാർച്ച് - troubled areas in kerala
🎬 Watch Now: Feature Video
Published : Sep 12, 2023, 4:02 PM IST
കാസർകോട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരം സംസ്ഥാനത്തെ പ്രശ്‌നബാധിത സ്ഥലങ്ങളിൽ കേന്ദ്ര ദ്രുതകർമ സേനയുടെ (ആർഎഎഫ്) റൂട്ട് മാർച്ച് (Central Rapid Action Force Route March). പൊലീസ് സ്റ്റേഷനുകളുടെ എണ്ണം, ജനസംഖ്യ, പ്രശ്‌നബാധിത സ്ഥലങ്ങൾ എന്നിവയെ കുറിച്ച് കേന്ദ്ര ദ്രുതകർമ സേന വിലയിരുത്തും. രാഷ്‌ട്രീയവും മതപരവുമായ മുൻ സംഘർഷങ്ങളുടെ വിവരങ്ങളും ആർഎഎഫ് ശേഖരിക്കുന്നുണ്ട്. ഏഴു ദിവസമാണ് കേന്ദ്ര സേന സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ക്യാമ്പ് ചെയ്യുക. മത സാമുദായിക സ്‌പർധകളും രാഷ്ട്രീയ സംഘർഷ സാധ്യതയും ഏറിയ പ്രദേശങ്ങളിൽ നിയമ വ്യവസ്ഥ ഉറപ്പ് വരുത്തുക, പൊതുജനങ്ങളുടെ ഭീതി അകറ്റുക എന്നീ ലക്ഷ്യവും റൂട്ട് മാർച്ചിനുണ്ട്. കാസർകോട് ജില്ലയിൽ അസി. കമാൻഡൻഡ് എം ഭാരതിയുടെ നേതൃത്വത്തിൽ 68 അംഗ സേനാംഗങ്ങളാണ് എത്തിയത്. കേന്ദ്ര ദ്രുത കർമസേനയുടെ ചെന്നൈ 97 ബറ്റാലിയൻ സേനാംഗങ്ങളാണിവർ. കാസർകോട് പൊലീസും ഇവർക്കൊപ്പം ഉണ്ടായിരുന്നു. കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, വിദ്യാനഗർ, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ സേന മാർച്ച് നടത്തി. നാദാപുരത്തും ദ്രുത കർമസേന റൂട്ട് മാർച്ച് നടത്തിയിരുന്നു. ഷിമോഗയിലെ ഭദ്രാവതി ക്യാംപിലെ ആർഎഎഫ് 97 ബറ്റാലിയൻ കമാൻഡൻഡ് അനിൽ കുമാർ ജാദവിന്‍റെ നേതൃത്വത്തിൽ 75 അംഗ സേനാംഗങ്ങളാണ് നാദാപുരം, വെള്ളൂർ, പുറമേരി, വളയം, തൂണേരി എന്നിവിടങ്ങളിൽ മാർച്ച് നടത്തിയത്.