തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട ; പിടിച്ചെടുത്തത് കാറിൽ കടത്തിയ 95 കിലോ - cannabin seized
🎬 Watch Now: Feature Video
തിരുവനന്തപുരം : കണ്ണേറ്റുമുക്കിൽ വൻ കഞ്ചാവ് വേട്ട. 95 കിലോ കഞ്ചാവാണ് പിടിച്ചത്. സ്റ്റേറ്റ് എക്സൈസിന്‍റെ എൻഫോഴ്‌സ്മെന്‍റ് പരിശോധനയിലാണ് കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച നാല് പേരെയും എക്‌സൈസ് പിടികൂടി. കരുമടo സ്വദേശി രതീഷ്, വിഷ്‌ണു, അഖിൽ, തിരുവല്ലം മേനിലo സ്വദേശി രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രയിൽ നിന്നുമെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. വാഹനത്തിൽ ഒരു സ്ത്രീയും കുട്ടികളുമുണ്ടായിരുന്നു. എന്നാൽ ഇവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി. സ്ഥലത്ത് ഇവരെ കാത്തുനിന്ന ഒരാളെയും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.
അതേസമയം പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ വ്യാജമാണെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണ് ഇവരെന്നും സ്ത്രീകളുമായി സഞ്ചരിച്ച് കുടുംബ യാത്രയെന്ന രീതിയിലാണ് സാധാരണ കഞ്ചാവ് കടത്ത് നടത്തുന്നതെന്നുമാണ് എക്‌സൈസിന്‍റെ നിഗമനം.
കുടുക്കിയത് ജിപിഎസ് : ശാസ്‌തമംഗലം സ്വദേശി നന്ദകുമാറിന്‍റെ വാഹനത്തിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. ടാക്‌സിയായി വാടകയ്ക്ക് നൽകുന്ന വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു ഇവർ കഞ്ചാവ് കടത്തിയത്. മെയ് ഒന്നിന് ശാസ്‌തമംഗലത്തെ ഓഫിസിൽ നിന്നും കന്യാകുമാരിയിലേക്ക് പോകണം എന്ന് പറഞ്ഞാണ് പ്രതികൾ നന്ദകുമാറിൽ നിന്ന് വാഹനം വാടകയ്‌ക്ക് എടുക്കുന്നത്.
എന്നാൽ രണ്ട് ദിവസത്തിനിടെ വാഹനം 1600 കിലോമീറ്ററോളം സഞ്ചരിച്ചതായി വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജിപിഎസിൽ നിന്ന് നന്ദകുമാറിന് വ്യക്‌തമായി. ഇതോടെ സംശയം തോന്നിയ നന്ദകുമാർ എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ പ്രതികൾ ആന്ധ്രയിലെ കഞ്ചാവ് കൃഷിയിടങ്ങളിൽ ഉൾപ്പടെ പോയതായി എക്‌സൈസ് കണ്ടെത്തി.
തുടർന്ന് ഇവരുടെ വാഹനം എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ കണ്ണേറ്റുമുക്കിൽ നിന്ന് പ്രതികളെ പിടികൂടുന്നത്. പിടിയിലായ പ്രതികൾ മുൻപും കേസുകളിൽ പ്രതികളായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.