സർജറി നടത്തുന്നതിനായി കൈക്കൂലി ; സ്വകാര്യ ക്ലിനിക്കിൽ വച്ച് പണം വാങ്ങുന്നതിനിടെ ഡോക്‌ടര്‍ വിജിലന്‍സിന്‍റെ പിടിയിൽ - Doctor caught while accepting bribe
🎬 Watch Now: Feature Video
തൃശൂർ : കെെക്കൂലി വാങ്ങുന്നതിനിടെ ഡോക്‌ടര്‍ വിജിലന്‍സിന്‍റെ പിടിയിലായി. തൃശൂർ മെഡിക്കൽ കോളജിലെ അസ്ഥി രോഗ വിഭാഗം ഡോക്‌ടർ ഷെറി ഐസക് ആണ് പിടിയിലായത്. സ്വകാര്യ പ്രാക്‌ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലെ ക്ലിനിക്കിൽ വച്ച് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയുടെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ഡോക്‌ടര്‍ ഷെറി ഐസക് കെെക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ കെെക്കൂലി നല്‍കാന്‍ പരാതിക്കാന്‍ തയ്യാറായില്ല. ഇതോടെ പല തവണ പരാതിക്കാരന്‍റെ ഭാര്യയുടെ ഓപ്പറേഷൻ ഡോക്‌ടർ മാറ്റിവച്ചു.
ഒടുവില്‍ പണം പ്രതി സ്വകാര്യ പ്രാക്‌ടീസ് ചെയ്യുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഭര്‍ത്താവ് തൃശൂർ വിജിലന്‍സ് ഡിവൈഎസ്‌പി ജിം പോള്‍ സി ജിയെ വിവരം അറിയിക്കുകയായിരുന്നു. വിജിലന്‍സിന്‍റെ നിര്‍ദേശ പ്രകാരം ഫിനോള്‍ഫ്‌തലിന്‍ പുരട്ടിയ നോട്ട് ഓട്ടുപാറയിലെ ക്ലിനിക്കിൽ എത്തി ഡോക്‌ടര്‍ക്ക് കെെമാറി. ഇതിനിടെ സമീപത്ത് മറഞ്ഞിരുന്ന വിജിലന്‍സ് സംഘം പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പി ജിം പോൾ സി ജി, ഇൻസ്‌പെക്‌ടർ പ്രദീപ് കുമാർ , ജിഎസ്ഐമാരായ പീറ്റർ പിഐ, ജയകുമാർ, എഎസ്ഐമാരായ ബൈജു, സിപിഒമാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർമാരായ രതീഷ്, രാജീവ്, ബിജു, എബി തോമസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വിദേശ കറൻസിയടക്കം വമ്പൻ തുക ; കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ അസ്ഥിരോഗ വിഭാഗം ഡോക്‌ടർ ഷെറി ഐസക്കിന്‍റെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. ഡോക്‌ടറുടെ മുളങ്കുന്നത്തുകാവിലെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപയും, കൊച്ചിയിലെ വീട്ടിൽ നിന്നും ഡോളർ ഉൾപെടെ 2 ലക്ഷം രൂപയും വിജിലൻസ് കണ്ടെത്തിയിരുന്നു. ഷെറി ഐസക്കിന്‍റെ സ്വത്തുക്കളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു.