Well Water Colour Turned Blue: കിണർ വെള്ളത്തിന് നീല നിറം, സംഭവം കോഴിക്കോട് മാവൂരില്‍ - കിണർ വെള്ളത്തിന് നിറവ്യത്യാസം
🎬 Watch Now: Feature Video
Published : Oct 26, 2023, 12:11 PM IST
കോഴിക്കോട്: മാവൂർ കൈത്തൂട്ടി മുക്കിൽ കരോത്തിങ്ങൽ വീരാൻ, കാരോത്തിങ്ങൽ ഗഫൂർ എന്നിവരുടെ വീട്ടുമുറ്റത്തെ കിണറിലെ വെള്ളത്തിന് നീല നിറം (Well water colour turned blue in Kozhikode). ഇന്ന് രാവിലെ കിണറിൽ നിന്നും വെള്ളം എടുക്കാൻ എത്തിയപ്പോഴാണ് നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് കിണറുകളിലെയും വെള്ളം കടും നീല നിറത്തിലാണുള്ളത്. ഇന്നലെ രാത്രി വരെ വെള്ളത്തിന് യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. അതേസമയം വെള്ളത്തിന് നിറ വ്യത്യാസം വന്നതോടെ വീട്ടുകാരുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. മാവൂർ ഗ്രാമപഞ്ചായത്തിലും ആരോഗ്യ വിഭാഗത്തിലും പൊലീസിലും വിവരമറിയിച്ചിട്ടുണ്ട്. വെള്ളം പരിശോധനയ്‌ക്ക് അയച്ച് കാരണം വ്യക്തമാകുന്നത് വരെ വെള്ളം ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് അംഗം അറിയിച്ചു. 30 വർഷത്തിലേറെ പഴക്കമുള്ള കിണറിലെ വെള്ളത്തിനാണ് ഇപ്പോൾ നീലനിറം കണ്ടത്. ഇത്രയും കാലത്തിനിടയിൽ വീട്ടുകാർക്ക് ഇത് ആദ്യത്തെ അനുഭവമാണ്. കൂടാതെ പരിസരത്തെ മറ്റു വീടുകളിലെ കിണറുകളിലെ വെള്ളത്തിനൊന്നും തന്നെ നിറവ്യത്യാസം സംഭവിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ഇതിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.