Muthalappozhi issue | മുതലപ്പൊഴി വിഷയം : ബിഷപ്പിനായി കാത്തിരുന്ന് കെ സുധാകരൻ, മുഖം കൊടുക്കാതെ തോമസ് ജെ നെറ്റോ - ബിഷപ്പ്

🎬 Watch Now: Feature Video

thumbnail

By

Published : Jul 11, 2023, 10:50 PM IST

തിരുവനന്തപുരം : മുതലപ്പൊഴി വിഷയത്തിൽ ലത്തീൻ അതിരൂപത ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്ക് പിന്തുണ അറിയിച്ച് രാഷ്‌ട്രീയമായി നീങ്ങാനുള്ള കോൺഗ്രസ്‌ ശ്രമത്തിന് തിരിച്ചടി. മുൻകൂട്ടി സമയം നിശ്ചയിച്ച് ബിഷപ്പ് ഹൗസിൽ എത്തിയിട്ടും കെ സുധാകരനെ കാണാൻ തോമസ് ജെ നെറ്റോ കൂട്ടാക്കിയില്ല. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ച നാലാമത്തെ ആളുടെയും മൃതദേഹം കിട്ടിയതിനാൽ അദ്ദേഹം അവിടേക്ക് പോയെന്നാണ് ബിഷപ്പ് ഹൗസ് ജീവനക്കാർ സുധാകരനെ അറിയിച്ചത്. 

എന്നാൽ മുതലപ്പൊഴിയിലെ കോൺഗ്രസ്‌ പ്രവർത്തകരുമായി ബന്ധപ്പെട്ട സുധാകരന്‍റെ കൂടെ വന്നവർക്ക് ബിഷപ്പ് അവിടെ എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. മുതലപ്പൊഴി വിഷയത്തെ രാഷ്‌ട്രീയവത്കരിക്കാനുള്ള കോൺഗ്രസ് ശ്രമത്തിന് നിന്നുകൊടുക്കാന്‍ തത്കാലം താൻ ഇല്ലെന്ന സൂചനയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ബിഷപ്പ് നൽകിയതെന്ന് വ്യക്തം.

വൈകുന്നേരം 6:15 ഓടെയാണ് സുധാകരൻ ബിഷപ്പ് ഹൗസിൽ എത്തിയത്. മുൻകൂട്ടി അറിയിച്ചതിനാൽ മാധ്യമപ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. സുധാകരനെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, എം വിൻസെന്‍റ് എന്നിവരും അനുഗമിച്ചിരുന്നു. സുധാകരൻ സ്വീകരണമുറിയിലെത്തിയപ്പോഴാണ് ബിഷപ്പ് ഹൗസ് ജീവനക്കാർ കാര്യം അറിയിക്കുന്നത്.  

also read : Muthalappozhi Protest| 'മന്ത്രിമാരുടേത് നിലവാരം കുറഞ്ഞ ഷോ, കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രി നാടിന് അപമാനം'; കെ സുധാകരന്‍

ഉടനെ തന്നെ പ്രവർത്തകർ ബിഷപ്പിനെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്‌തു. അവസാനം 10 മിനിട്ടോളം ബിഷപ്പിനെയും കാത്തിരുന്ന സുധാകരൻ നേരിൽ കാണാനാകാതെ തിരികെ മടങ്ങുകയായിരുന്നു. എന്നാൽ ബിഷപ്പ് ഹൗസിൽ എത്തിയത് ദുഃഖം അറിയിക്കാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമാണെന്നും മുതലപ്പൊഴിയിൽ ഒരു മൃതദേഹം കൂടി കിട്ടിയതിനാൽ ബിഷപ്പും മറ്റ് വികാരികളും അവിടേക്ക് തിരിച്ചിരിക്കുകയാണെന്നും അതിനാൽ ഇന്ന് അദ്ദേഹത്തെ കാണാൻ സാധിച്ചില്ലെന്നും നാളെ കൂടിക്കാഴ്‌ച ഉണ്ടാകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

ആന്‍റണി രാജുവിനെ പരിഹസിച്ച് കെ സുധാകരൻ : മന്ത്രിമാരെ തടഞ്ഞത് ഗൂഢാലോചന പ്രകാരമാണെന്ന് പറഞ്ഞ ആന്‍റണി രാജുവിനെ പരിഹസിച്ച് കെ സുധാകരൻ. കലാപ ആഹ്വനത്തിന് കേസ് ചാർജ് ചെയ്യപ്പെട്ട വികാരിയായ ജനറൽ യൂജിൻ പെരേരയെ സന്ദർശിക്കാനായി ബിഷപ്പ് ഹൗസിൽ വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും ബിഷപ്പും കടപ്പുറത്തുവച്ച് ഗൂഢാലോചന നടത്തിയോയെന്ന് പരിഹസിച്ച സുധാകരൻ, എന്തും വിളിച്ചുപറയുന്ന പോങ്ങൻമാരായി മന്ത്രിമാർ മാറിയെന്നും നാണവും ഉളുപ്പുമില്ലാതെ ഓരോന്ന് പറയുന്നുവെന്നും ആക്ഷേപിച്ചു.

also read : Muthalapozhi Protest | 'സംഘർഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമം'; പ്രതിഷേധം വനിത ജില്ല നേതാവിന്‍റെ നേതൃത്വത്തിലെന്നും മന്ത്രി ആന്‍റണി രാജു

മുതലപ്പൊഴിയിൽ നടന്നത് കൊലപാതകമാണ് : വികാരികൾക്കെതിരെ കേസ് എടുത്തത് മ്ലേച്ഛമായ കാര്യമാണ്. തീരദേശവാസികൾ ക്ഷോഭിക്കുന്നത് സ്വാഭാവികമാണ്. മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാക്കുപാലിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല അവരുടെ മേൽ സര്‍ക്കാര്‍ കുതിര കയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.