തൃശൂരില്‍ വീശിയടിച്ച് മിന്നല്‍ ചുഴലി; വ്യാപക കൃഷി നാശം, വീടുകള്‍ക്കും കേടുപാടുകള്‍
🎬 Watch Now: Feature Video
തൃശൂർ: മറ്റത്തൂര്‍ വെള്ളിക്കുളങ്ങര മേഖലയിൽ ഉണ്ടായ ചുഴലി കാറ്റിലും കനത്ത മഴയിലും വ്യാപക കൃഷി നാശം. മേഖലയില്‍ ആയിരത്തിലധികം വാഴകള്‍ കാറ്റില്‍ നശിച്ചു. പ്രദേശത്തെ പള്ളിയുടെ മേൽക്കൂരയ്‌ക്കും തൊട്ടടുത്തുള്ള രണ്ടു വീടുകൾക്കും കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ചാലക്കുടി താലൂക്കിലെ വെള്ളികുളങ്ങര വില്ലേജില്‍ പെടുന്ന കോപ്ലീപ്പാടം, കൊടുങ്ങ പ്രദേശത്താണ് നാശം വിതച്ച് കാറ്റ് ആഞ്ഞ് വീശിയത്. ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്‌തിരുന്ന വാഴകളാണ് കൂടുതലും നശിച്ചത്.
കോപ്ലീപ്പാടത്ത് ആയിരത്തിലധികം നേന്ത്ര വാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. സെന്‍റ് സെബാസ്റ്റ്യൻ പള്ളിയുടെ മേൽക്കൂരയാണ് കാറ്റില്‍ തകര്‍ന്നത്. തൊട്ടടുത്തുള്ള രണ്ടു വീടുകൾക്കും തകരാര്‍ സംഭവിച്ചു.
മേഖലയിലെ വൈദ്യുതി ലൈനുകള്‍ക്കും തകരാർ സംഭവിച്ചിട്ടുണ്ട്. നേരത്തെയും സമാന രീതിയില്‍ ജില്ലയുടെ പലഭാഗങ്ങളിലും മിന്നല്‍ ചുഴലി നാശം വിതച്ചിട്ടുണ്ട്. പുത്തൂര്‍, ചേര്‍പ്പ്, ഒല്ലൂര്‍, മാള തുടങ്ങിയ മേഖലകളിലാണ് നേരത്തെ മിന്നല്‍ ചുഴലി നാശം വിതച്ചിട്ടുള്ളത്. വേനല്‍ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്.