ബുന്ദി: സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്‌തി ചെയ്‌തതിനെ തുടര്‍ന്ന് ഇരുപതുകാരി ആത്മഹത്യ ചെയ്‌തു. രാജസ്ഥാനിലെ ബുന്ദി ജില്ലയില്‍ കെഷോരായിപത്തന്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തീരത്ത് ഗ്രാമത്തിലാണ് സംഭവം. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്‌പയെടുത്തായിരുന്നു യുവതിയുടെ വീട് നിര്‍മിച്ചിരുന്നത്.
വായ്‌പ തിരിച്ചടക്കാത്തതിനെ തുടർന്ന് ഇവർ വീട് ജപ്‌തി ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി കടുംകൈ ചെയ്‌തതെന്ന് കുടുംബം ആരോപിച്ചു. ശനിയാഴ്‌ച വൈകിട്ടാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
ധനകാര്യ സ്ഥാപനം വീട് ജപ്‌തി ചെയ്‌തില്ലാരുന്നില്ലെങ്കില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നാണ് കുടുംബത്തിന്‍റെ വാദം. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021ലാണ് പെണ്‍കുട്ടിയുടെ പിതാവ് പന്ത്രണ്ട് ലക്ഷം രൂപയുടെ വായ്‌പ എടുത്തത്. രണ്ട് ലക്ഷം രൂപ തിരികെ അടച്ചതായി പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പണം തിരിച്ചടയ്ക്കാനായില്ല. ഇതേ തുടര്‍ന്നായിരുന്നു ജപ്‌തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ പ്രതിഷേധം നടത്തി. ആദ്യം മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച ഇവര്‍ പിന്നീട് മൃതദേഹവുമായി കോട്ട -ലലസോത് ദേശീയ പാത ഉപരോധിച്ചു. പിന്നീട് പൊലീസും ഭരണകൂടവും നേരിട്ടെത്തി സമരക്കാരെ ശാന്തരാക്കി. ധനകാര്യ സ്ഥാപനവും അധികൃതര്‍ പൂട്ടിച്ചു. ധനകാര്യ സ്ഥാപനത്തിനും അവിടുത്തെ ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൃത്യമായ നടപടികളുണ്ടാകുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821