25 വർഷത്തിനകം ഇന്ത്യ വികസിത രാജ്യമാകും; യുവം പ്രസംഗത്തിൽ പിഴവ് പറ്റിയെന്ന് അനിൽ ആന്‍റണി
🎬 Watch Now: Feature Video
തിരുവനന്തപുരം : ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് താൻ ബിജെപിയിൽ പ്രവർത്തനം ആരംഭിച്ചതെന്നും എല്ലാവരുടെയും പിന്തുണ തേടനാണ് താൻ ഇപ്പോൾ എത്തിയതെന്നും അനിൽ ആന്‍റണി. ബിജെപിയെ കുറിച്ച് പലതരത്തിലുള്ള കുപ്രചരണങ്ങൾ നടക്കാറുണ്ട്. എന്നാൽ ഇതൊക്കെ തെറ്റാണെന്നതാണ് ഗോവയിലെയും നോർത്ത് ഈസ്റ്റിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിവാക്കുന്നത്. ബിജെപി ജില്ല കമ്മിറ്റി ഓഫിസിൽ അനിൽ ആന്‍റണിക്ക് പ്രവർത്തകർ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിൽ എത്തിയെങ്കിലും രാഷ്ട്രീയം സംസാരിച്ചിട്ടില്ല. രാഷ്ട്രീയവും കുടുംബവും വേറെയാണ്. വീട്ടിൽ എല്ലാവരോടും സ്നേഹമായാണ് ഇടപെടൽ. ട്രോളുകളിൽ തനിക്ക് വിഷമമില്ല. എന്നാൽ ട്രോൾ ചെയ്യാൻ കഴിയുന്ന തരത്തിൽ മാത്രമായി കോൺഗ്രസ് പാർട്ടി അധപതിച്ചിരിക്കുന്നു. കോൺഗ്രസിൽ നിന്നും താൻ ഒന്നും പ്രതീക്ഷിക്കുന്നില്ല. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിനെ എല്ലാവരും തഴഞ്ഞു കഴിഞ്ഞുവെന്നും അനില്‍ ആന്‍റണി പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കുതിക്കുകയാണ്. ഇപ്പോൾ തന്നെ ബ്രിട്ടനെ പിന്നിലാക്കി രാജ്യം സാമ്പത്തിക ശക്തി എന്ന നിലയിൽ മുന്നേറി. വരും വർഷങ്ങളിൽ ജർമനിയെയും ജപ്പാനെയും പിന്നിലാക്കി ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണ് രാജ്യം. കോൺഗ്രസിനെ കാത്തിരിക്കുന്നത് 2014നെക്കാളും 2019 നേക്കാളും ശക്തമായ തോൽവിയാണെന്നും അനിൽ ആന്‍റണി പറഞ്ഞു.
രാവിലെ 9:45 ഓടെയായിരുന്നു അനിൽ ആന്‍റണി ബിജെപി ജില്ല കമ്മിറ്റി ഓഫിസിലെത്തിയത്. ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷിന്‍റെ നേതൃത്വത്തിൽ അനിൽ ആന്‍റണിയെ ബിജെപി പ്രവർത്തകർ ഹാരമിട്ട് സ്വീകരിച്ചു. തിങ്കളാഴ്‌ച കൊച്ചിയിൽ ബിജെപി യുടെ യുവം പരിപാടിയിൽ സംസാരിച്ച ശേഷം അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിരുന്നു. ഇതിന് ശേഷം ഇന്നലെ അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിലും സന്ദർശനം നടത്തിയിരുന്നു.