പ്രേക്ഷകന് അഭിപ്രായം പറയാൻ അവകാശമുണ്ട്, നെഗറ്റീവ് റിവ്യൂ സിനിമക്കാരോടുള്ള സൗന്ദര്യ പിണക്കം; അജു വർഗീസ്
🎬 Watch Now: Feature Video
Published : Nov 21, 2023, 8:01 PM IST
തിരുവനന്തപുരം: 150 രൂപ മുടക്കി തിയേറ്ററുകളിൽ സിനിമ കാണാനെത്തുന്ന പ്രേക്ഷകന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് നടൻ അജു വർഗീസ്. നെഗറ്റീവ് റിവ്യൂ എന്നത് പ്രേക്ഷകർക്ക് സിനിമക്കാരോടുള്ള സൗന്ദര്യ പിണക്കം മാത്രമായാണ് കാണുന്നതെന്നും ഇതേ ആളുകളുടെ മറ്റൊരു സിനിമ ഇഷ്‌ടമാവുമ്പോൾ അവർ നല്ല റിവ്യൂ പറയുന്നുണ്ടെന്നും അജു വർഗീസ് പറഞ്ഞു. തന്‍റെ 'ഫീനിക്‌സ്' എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു താരം. മിഥുൻ മാനുവലിന്‍റെ തിരക്കഥയിൽ വിഷ്‌ണു ഭരതൻ സംവിധാനം ചെയ്‌ത ഈ റൊമാന്‍റിക് ഹൊറർ ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതേസമയം മുൻവിധികളോടെ പ്രേക്ഷകർ സിനിമ കാണാൻ വരുന്നില്ലെന്നും അജു ചൂണ്ടിക്കാട്ടി. വാണിജ്യ സിനിമകൾ ഒരു വ്യവസായിക ഉത്പന്നമാണെന്നും പ്രേക്ഷകന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നടനെന്ന നിലയിൽ മികച്ച അഭിനയം കാഴ്‌ചവയ്‌ക്കാൻ പറ്റിയ സിനിമയാണ് ഫീനിക്‌സ് എന്നും ചെയ്‌ത സിനിമകളിൽ ക്ലാസിക് ആയി അടയാളപെടുത്തുന്ന സിനിമയാകും ഇതെന്നും അജു വർഗീസ് പറഞ്ഞു. ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്‌സ് പക്ഷിയെ പോലെ മരണത്തിൽ നിന്നും ലക്ഷ്യത്തിലേക്ക് ഉയർത്തെഴുന്നേൽക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥ പറയുന്ന ചിത്രമാണ് ഫീനിക്‌സ്. അജു വർഗീസിന് പുറമെ അനൂപ് മേനോൻ, നിൽജ കെ ബേബി, ചന്തുനാഥ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.