'കെ ബാബു വിജയിച്ചത് മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്‌ത്, അനുകൂല വിധി പ്രതീക്ഷിക്കുന്നു': എം സ്വരാജിന്‍റെ അഭിഭാഷകന്‍ - ഹൈക്കോടതി

🎬 Watch Now: Feature Video

thumbnail

By

Published : Mar 30, 2023, 7:35 AM IST

എറണാകുളം: തൃപ്പൂണിത്തുറ മണ്ഡലത്തിലെ കെ ബാബുവിന്‍റെ തെരെഞ്ഞെടുപ്പ് വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണ എം സ്വരാജിന്‍റെ ഹർജിയിൽ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി പ്രതീക്ഷിക്കുന്നതായി ഹർജിക്കാരന്‍റെ അഭിഭാഷകനായ കെ എസ് അരുൺ കുമാർ. കെ ബാബുവിന്‍റെ തെരെഞ്ഞടുപ്പ് വിജയം ചോദ്യം ചെയ്‌ത് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു അഭിഭാഷകന്‍റെ പ്രതികരണം. 2021ൽ കെ ബാബു വിജയിച്ചത് മതപരമായ ചിഹ്നങ്ങൾ ദുരുപയോഗം ചെയ്‌താണെന്നും അതിനാൽ കെ ബാബുവിന്‍റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് എതിർ സ്ഥാനാർഥിയായ എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.

'നിങ്ങളുടെ വോട്ട് അയ്യപ്പന്' എന്നെഴുതിയ ലഘുലേഖ: കേസില്‍ കെ ബാബു ഉന്നയിച്ച പ്രാഥമികമായ എതിർവാദം ഹൈക്കോടതി വിശദമായി പരിശോധിക്കുകയുണ്ടായി. ഈ കേസ് നിലനിൽക്കുമെന്നാണ് ഹൈക്കോടതി വിധിച്ചതെന്ന് അഡ്വ. കെ എസ് അരുൺ കുമാർ പറഞ്ഞു. മതപരമായ വികാരം ആളിക്കത്തിക്കുന്ന രീതിയിൽ തെരെഞ്ഞെടുപ്പിന്‍റെ തലേ ദിവസം ഒരു ലഘുലേഖ പുറത്തിറക്കിയിരുന്നു. ഇതിൽ നിങ്ങളുടെ വോട്ട് അയ്യപ്പന് എന്ന രീതിയിലായിരുന്നു പ്രചാരണം നടത്തിയത്.

തെരെഞ്ഞെടുപ്പിന്‍റെ ഒരോ ഘട്ടത്തിലും നടത്തിയ ഇത്തരം പ്രചാരണങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ഈ കേസ് വിശദമായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. കെ ബാബുവിന്‍റെ പ്രാഥമികമായ എതിർവാദം കോടതി തള്ളി. തെരെഞ്ഞെടുപ്പ് കേസുകളിൽ ഹൈക്കോടതി തന്നെയാണ് സാക്ഷികളെ വിസ്‌തരിക്കുക. മൂവാറ്റുപുഴ ലോകസഭ മണ്ഡലത്തിൽ പി എം ഇസ്‌മായിൽ, വിജയിച്ച എതിർ സ്ഥാനാർഥി പി സി തോമസിനെതിരെ സമാനമായ ആരോപണം ഉന്നയിച്ച് ഫയൽ ചെയ്‌ത കേസിൽ ഹൈക്കോതി പി സി തോമസിന്‍റെ വിജയം റദ്ദാക്കുകയും പി എം ഇസ്‌മായിലിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. 

Also Read: കെ ബാബു എംഎൽഎയ്ക്ക്‌ തിരിച്ചടി ; എം സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

ഈ വിധി സുപ്രീം കോടതി ശരിവയ്‌ക്കുകയും ചെയ്‌തു. പി സി തോമസ് പോപ്പിനോടൊപ്പം നിൽക്കുന്ന ചിത്രം ദുരുപയോഗം ചെയ്‌ത് വോട്ടഭ്യർഥിച്ചു എന്നതായിരുന്നു ആരോപണം. പോപ്പിനോടൊപ്പം നിൽക്കുന്ന ചിത്രമുള്ള കലണ്ടർ വീടുകളിൽ വിതരണം ചെയ്യുകയും ചെയ്‌തിരുന്നു.  

തെരെഞ്ഞെടുപ്പിൽ മതപരമായ സ്വാധീനം ചെലുത്തി ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശത്തെ സ്വാധീനിക്കുന്ന രീതിയിൽ പ്രചാരണം നടത്തിയ സാഹചര്യത്തിൽ അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേസിൽ എം സ്വരാജിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ കെ എസ് അരുൺ കുമാർ പറഞ്ഞു. മതത്തെ ഉപയോഗിച്ചാണ് നിലവിലെ എംഎൽഎ ആയ കെ ബാബു വോട്ട് തേടിയതെന്നും ഇത് ജനാധിപത്യ നിയമങ്ങളുടെ ലംഘനമാണെന്നും എം സ്വരാജ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുകയും ചെയ്‌തു. വോട്ടർമാരെ സ്വാധീനിക്കാൻ കെ ബാബു അയ്യപ്പനെയും മതത്തെയും ദുരുപയോഗം ചെയ്‌തു എന്നും ഹർജിയിൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സാമഗ്രികളും ചിത്രങ്ങളും ഹാജരാക്കിക്കൊണ്ടായിരുന്നു എം സ്വരാജിന്‍റെ ഹർജി.

അയ്യപ്പന്‍റെ ചിത്രമുള്ള സ്ലിപ്പ് വിതരണെ ചെയ്‌തിട്ടില്ലെന്ന് കെ ബാബു: അഭിഭാഷകരായ പി കെ വർഗീസ്, കെ എസ് അരുൺകുമാർ എന്നിവർ മുഖേനയായിരുന്നു സ്വരാജ് ഹർജി സമർപ്പിച്ചത്. അതേസമയം സ്വരാജിന്‍റെ ഹർജി നിലനിർത്തിക്കൊണ്ടുള്ള കോടതി വിധി ഒരു തിരിച്ചടിയായി തോന്നുന്നില്ലെന്ന് കെ ബാബു പ്രതികരിച്ചു. അയ്യപ്പന്‍റെ ചിത്രം പ്രിന്‍റ് ചെയ്‌ത സ്ലിപ്പ് വിതരണം ചെയ്‌തിട്ടില്ലെന്നും ഹർജിയിൽ പറയുന്ന കാര്യങ്ങൾ പച്ചക്കള്ളമാണെന്നും കെ ബാബു പറഞ്ഞു. ഡിവൈഎഫ്ഐ നേതാവിനാണ് ഇത് ആദ്യമായി കിട്ടിയതെന്ന് പറഞ്ഞ എംഎൽഎ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.  

തൃപ്പൂണിത്തുറയിലെ കോൺഗ്രസിന്‍റെ വിജയം അധാർമികമായിരുന്നെന്നും കോടതി വിധി പ്രതീക്ഷിച്ചിരുന്നുവെന്നും എം സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സിറ്റിങ് എംഎൽഎ ആയിരുന്ന എം സ്വരാജിനെ 992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ബാബു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.