വന്ദേഭാരത് എക്‌സ്പ്രസിന്‍റെ എസി ഗ്രില്ലിൽ ചോര്‍ച്ച; യാത്ര മുടങ്ങില്ലെന്ന് വിശദീകരണം - leakage found in vande bharat express
🎬 Watch Now: Feature Video
കണ്ണൂര്‍: പ്രധാന മന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്‌ത വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. ഇന്ന് (26.04.23) ഉച്ചയ്‌ക്ക് കാസർകോട് നിന്ന് പുറപ്പെടേണ്ട ട്രെയിനിന്‍റെ എക്‌സിക്യൂട്ടീവ് ബോഗിയിലെ എസി ഗ്രില്ലിലാണ് ചോർച്ച കണ്ടെത്തിയത്. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വന്ദേഭാരത് എക്‌സ്‌പ്രസിൽ ജീവനക്കാര്‍ ചോർച്ച അടയ്ക്കാനുള്ള ജോലികള്‍ ആരംഭിച്ചു.
റെയിൽവേയുടെ ഐസിഎഫിൽ (ഇന്‍റഗ്രല്‍ കോച്ച് ഫാക്‌ടറി) നിന്നുള്ള സാങ്കേതിക വിദഗ്‌ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി പരിശോധന തുടരുമെന്നുമാണ് റെയിൽവെ അധികൃതർ നൽകുന്ന വിശദീകരണം. ചൊവ്വാഴ്‌ച (25.04.23) തിരുവനന്തപുരത്ത് നിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത്, ബുധനാഴ്‌ച കാസര്‍കോട് നിന്ന് തിരിച്ച് പുറപ്പെടേണ്ടതാണ്.
ചൊവ്വാഴ്‌ച രാത്രി തന്നെ ട്രെയിന്‍ കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് എത്തിച്ചിരുന്നു. വെള്ളം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് രാത്രി പതിനൊന്ന് മണിയോടെ വന്ദേഭാരത് കണ്ണൂരിലെത്തിയത്. കാസർകോട് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം ചോര്‍ച്ചയുണ്ടായത് ഇന്ന് നടക്കാനിരിക്കുന്ന സര്‍വീസിനെ ബാധിക്കില്ലെന്നാണ് വിവരം. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് വന്ദേഭാരത് പുറപ്പെടുക. അതിന് മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ട്രെയിന്‍ കാസര്‍കോട്ടേക്ക് എത്തിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.