Onam Sadhya For Good Health നാവിന്‍റെ 6 രുചികളേയും ഉണര്‍ത്തും ഓണസദ്യ; പോഷക സമൃദ്ധമാണ് ഇലനിറയും വിഭവങ്ങള്‍ - എങ്ങനെ ഓണസദ്യ ഉണ്ടാക്കാം
🎬 Watch Now: Feature Video
Published : Aug 26, 2023, 6:08 PM IST
കണ്ണൂര്‍: മധുരം, എരിവ്, പുളി, ഉപ്പ്, ചവര്‍പ്പ്, കയ്‌പ്പ് ഇവയാണ് നമ്മുടെ നാവേകുന്ന രുചികള്‍. ഈ രുചി വൈവിധ്യങ്ങള്‍ ആവോളം ആസ്വാദിക്കാന്‍ കഴിയുന്ന നാളുകൂടിയാണ് മലയാളിക്ക് ഓണം. ഓണസദ്യ കേവലം രുചി മാത്രം തരുന്ന ഒന്നല്ല, പോഷക സമൃദ്ധം കൂടിയാണ്. നമ്മുടെ ദഹനേന്ദ്രിയത്തെ കരുതലോടെ മനസിലാക്കിയുള്ളതു കൂടിയാണ് ഈ ഓണരുചിക്കൂട്ടുകള്‍. ധാതുലവണങ്ങള്‍, ജീവകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍ എന്നിങ്ങനെ ശരീരത്തില്‍ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്ന എല്ലാം സദ്യ തരും. തൂശനിലയില്‍ കുത്തരി ചോറ് വിളമ്പി പരിപ്പും നെയ്യും ഒഴിച്ച് ഉണ്ണാന്‍ തുടങ്ങുന്നു. ബുദ്ധിശക്തിയ്‌ക്ക് ഊര്‍ജമേകുന്നതാണ് പരിപ്പും നെയ്യും. തൂശനിലയിലുമുണ്ട് കാര്യം. അലൂമിനിയത്തിന്‍റേയും ചെമ്പിന്‍റേയും പ്ലാസ്‌റ്റിക്കിന്‍റേയും അംശങ്ങള്‍ കലരാന്‍ ഇടയാക്കില്ല എന്നതുതന്നെ ആ കാര്യം. തവിട് കളയാത്ത അരിയുടെ ചോറാണ് ഉപയോഗിക്കുന്നതെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ്‌സും വിറ്റാമിന്‍ ബികോംപ്ലക്‌സും കിട്ടും. പിന്നെ വിളമ്പുന്നത് സാമ്പാറാണ്. സാമ്പാറ് നന്നായാല്‍ സദ്യ നന്നായി എന്നാണ് ഭക്ഷണപ്രിയരുടെ പക്ഷം. പരിപ്പും പച്ചക്കറികളും ചേര്‍ന്ന സാമ്പാര്‍ ശരീരത്തിന് എല്ലാവിധ പോഷകങ്ങളും നല്‍കും. ഇലകള്‍കൊണ്ടുള്ള തോരന്‍, അവിയല്‍ എന്നിവ വൈറ്റമിനുകളുടെ കലവറയാണ്. പോരാത്തതിന് നാരുകളും പയറും പച്ചക്കറികളും ചേര്‍ന്ന എരിശേരി. കുമ്പളങ്ങയും വന്‍പയറും ചേര്‍ത്ത ഓലന്‍ എന്നിവ രുചിയിലും പോഷണത്തിലും മുന്നിലാണ്. ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തുകളയാന്‍ കുമ്പളങ്ങയ്‌ക്ക് പ്രത്യേക കഴിവുണ്ട്. വയറിലെ അസുഖങ്ങള്‍ക്ക് വൈദ്യര്‍ കല്‍പിക്കുന്നത് കുമ്പളങ്ങ ജ്യൂസാണെന്ന് ഓര്‍ക്കണം. ഇഞ്ചിയും പുളിയും ചേര്‍ത്ത് പാകപ്പെടുത്തുന്ന പുളിയിഞ്ചി ഓണസദ്യയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. മോരും രസവും ദഹനത്തെ സഹായിക്കും. പായസം കുടിച്ചുകഴിഞ്ഞാല്‍ മോരും രസവും വിളമ്പുന്നതാണ് ശരിയായ രീതി. ഇവ കൂടി കഴിച്ചാല്‍ വയറില്‍ സദ്യയുടെ ഭാരം കുറയ്‌ക്കാം. അങ്ങനെ, ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കാന്‍ പാകത്തിലാണ് ഓണസദ്യയിലെ ഓരോ ഇനവും. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നാണ് സദ്യ ഉണ്ണുക. അപ്പോള്‍ മനസിനും ശരീരത്തിനും കിട്ടുന്ന അനുഭൂതി ഒന്ന് വേറെത്തന്നെയാണ്.