ഹൈദരാബാദ്: എച്ച്ഐവിയെയും എയ്‌ഡ്‌സിനെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാനും രോഗ ബാധിതര്‍ക്ക് പിന്തുണ ഉറപ്പാക്കാനുമായി എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ആഗോള എയ്‌ഡ്‌സ് ദിനമായി ആചരിച്ച് വരുന്നു.
എച്ച്ഐവി: ഹ്യൂമന്‍ ഇമ്യൂണോ ഡിഫിഷ്യന്‍സി വൈറസ് അഥവ എച്ച്ഐവി എന്നത് ശരീരത്തിലെ പ്രതിരോധ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് ആണ്. ഇത് ക്രമേണ നമ്മുടെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുകയും രോഗങ്ങളിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. എച്ച്ഐവി ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് വ്യാപനം ഉണ്ടാകുന്നത്. ഇന്‍ജക്ഷനിലൂടെയോ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയോ ആണ് പലപ്പോഴും വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് സംക്രമിക്കുന്നത്. Deficiency Syndrome (AIDS) caused by Human Immunodeficiency Virus (HIV) and support those living
ഇക്കൊല്ലത്തെ വിഷയം: സമൂഹത്തെ നയിക്കാം ('Let communities lead') എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്‍റെ മുദ്രാവാക്യം. എച്ച്ഐവി ബാധിതരോടുള്ള സമൂഹത്തിന്‍റെ മനോഭാവത്തിന് നിര്‍ണായക പങ്കുണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു വിഷയത്തിലേക്ക് ലോകാരോഗ്യസംഘടനയെ നയിച്ചത്.
എയ്‌ഡ്‌സ് ദിനത്തിന്‍റെ ചരിത്രം: 1988 മുതലാണ് എയ്‌ഡ്‌സ് ദിനം ആചരിച്ച് തുടങ്ങിയത്. ലോകാരോഗ്യസംഘടനയിലെ രണ്ട് പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥരാണ് ഇതിന് മുന്‍കൈ എടുത്തത്. ലോക എയ്‌ഡ്‌സ് ദിനത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ എച്ച്ഐവിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിനിരക്കുന്നു. ഒപ്പം എച്ച്ഐവിയുമായി ജീവിക്കുന്നവര്‍ക്ക് പിന്തുണ ഏകുന്നു, ഇതിന് പുറമെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയവരെ അനുസ്മരിക്കുന്നു.
എച്ച്ഐവി/എയ്‌ഡ്‌സ് നയങ്ങളും പരിപാടികളും ആസൂത്രണം ചെയ്യാനും ഈ ദിനം തെരഞ്ഞെടുക്കുന്നു. എല്ലാവര്‍ഷവും ഐക്യരാഷ്ട്രസഭയുടെയും മറ്റ് രാജ്യാന്തര സമൂഹങ്ങളുടെയും വിവിധ സംഘടനകള്‍ എച്ച്ഐവിയുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി ഈ ദിനത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
എച്ച്ഐവി/എയ്‌ഡ്‌സ് ആവിര്‍ഭാവം: മധ്യആഫ്രിക്കയിലെ ചിമ്പാന്‍സികളാണ് മനുഷ്യനില്‍ എച്ച്ഐവി അണുബാധ ഉണ്ടാക്കിയതെന്നാണ് കരുതുന്നത്. 1800കളില്‍ തന്നെ ഈ കുരങ്ങുകളില്‍ നിന്ന് രോഗാണുക്കള്‍ മനുഷ്യനിലെത്തിയിരിക്കാം എന്നാണ് നിഗമനം.
സിമിയന്‍ ഇമ്യൂണോ ഡിഫിഷ്യന്‍സി വൈറസുകളാണ് ചിമ്പന്‍സികളെ ആദ്യമായി ബാധിച്ചതെന്നാണ് അനുമാനം. മനുഷ്യര്‍ ആഹാരത്തിനായി ഈ കുരങ്ങുകളെ വേട്ടയാടുകയും ഇവയുടെ അണുബാധിതമായ രക്തവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതോടെയാണ് മനുഷ്യരിലേക്ക് ഇവ പകര്‍ന്നതെന്നാണ് നിഗമനം. വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്ക ആകമാനം രോഗം പടര്‍ന്ന് പിടിച്ചു. അവിടെ നിന്ന് ലോകത്തിന്‍റെ മറ്റിടങ്ങളിലേക്കും രോഗം പടര്‍ന്നു. 1970കളുടെ മധ്യത്തോടെ അമേരിക്കയിലും എച്ച്ഐവി എത്തി.
രോഗലക്ഷണങ്ങള്‍: രോഗപ്രതിരോധ സംവിധാനങ്ങള്‍ തകരാറിലാകുന്നതാണ് വൈറസ് ബാധയുടെ ആദ്യ ലക്ഷണം. നമ്മുടെ ശരീരത്തിലെ പ്രധാന പ്രതിരോധ കോശങ്ങളായ സിഡി4+ടി(CD4+T) കോശങ്ങളെ ഇവ ആദ്യം ഇല്ലാതാക്കുന്നു. എച്ച്ഐവി ശരീരത്തില്‍ എത്തിയാലുടന്‍ തന്നെ ഈ കോശങ്ങളെ ഇവ നശിപ്പിക്കുന്നു. ഇവയുടെ പ്രധാന ലക്ഷണങ്ങള്‍ ഇനിപ്പറയുന്നു
ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന വയറിളക്കം
വരണ്ട ചുമ
വിഷാദം, ഓര്‍മ്മക്കുറവ്
ന്യൂമോണിയ
ദീര്‍ഘമായ ക്ഷീണം
പെട്ടെന്ന് ശരീരം ക്ഷീണിക്കല്‍
ഇടയ്ക്കിടെയുള്ള പനി, രാത്രിയില്‍ അമിതമായ വിയര്‍പ്പ്
ത്വക്കില്‍ തടിപ്പുകള്‍, വായ, മൂക്ക്, കണ്‍പോള തുടങ്ങിയ സ്ഥലങ്ങളില് നിറം മാറ്റം
സന്ധികളില്‍ വേദനയും നീരും
നാവിലും ചുണ്ടിലും തൊണ്ടയിലും വെളുത്തപാടുകള്‍
എച്ച്ഐവി ഗവേഷണങ്ങളും വികസനവും
എച്ച്ഐവി ചികിത്സ രംഗത്ത് വലിയ മുന്നേറ്റം നടത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എച്ച്ഐവി പോസിറ്റീവ് ആയ ആളുകള്‍ക്ക് നിത്യവും മരുന്ന് കഴിച്ച് കൊണ്ട് തന്നെ സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്നുണ്ട്. രണ്ട് മരുന്നുകള്‍ക്ക് ഫുഡ് ആന്‍ഡ് ഡ്രസ് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. റിപ്ലി വൈറിന്‍, കബോട്ടഗ്രാവിര്‍ എന്നിവയാണിത്. ഇത് മാസത്തില്‍ ഒരിക്കലോ രണ്ട്മാസം കൂടുമ്പോഴോ ഇന്‍ജക്ഷനായി സ്വീകരിക്കാനാകും. ദിവസവും മരുന്ന് കഴിക്കാനാകാത്തവര്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു സംവിധാനം.
2022 അവസാനത്തോടെ ഇന്‍ജക്ഷന്‍ രൂപത്തില്‍ നല്‍കാനാകുന്ന മറ്റൊരു മരുന്ന് കൂടി കണ്ടെത്തിയിട്ടുണ്ട്. വൈറസിനെ ചെറുക്കുന്ന ചില മരുന്നുകള്‍ നിരന്തരം ഡോക്ടറെ കാണാതെ തന്നെ കഴിക്കാനാകുന്ന മരുന്നുകള്‍ കൂടിയാണിത്. നമ്മുടെ ശരീരത്തില്‍ എച്ച്ഐവി വൈറസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നത് തടയാനുള്ള ചിലമരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.
എച്ച്ഐവി പൂര്‍ണമായും ചികിത്സിച്ച് മാറ്റാനാകുമോ: അതേ എന്ന് തന്നെയാണ് ഉത്തരം. ഇരട്ട മൂലകോശ മാറ്റി വയ്ക്കലിലൂടെ രോഗം ഒരുസ്ത്രീയില്‍ രോഗം പൂര്‍ണമായും മാറ്റിയ ഉദാഹരണമുണ്ട്. രക്താര്‍ബുദം ഭേദപ്പെടുത്താനുള്ള ചികിത്സയിലും ഇത് ഉപയോഗിക്കുന്നുണ്ട്.
53കാരനായ ഒരു ജര്‍മ്മന്‍ പൗരനിലും മൂലകോശ മാറ്റിവയ്ക്കല്‍ ചികിത്സയിലൂടെ നാല് വര്‍ഷമായി യാതൊരു പ്രശ്നങ്ങളുമില്ലാതെ സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അഞ്ചോളം പേരില്‍ ഇത്തരം ചികിത്സ ഫലം കണ്ടതായി നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
എച്ച്ഐവി കണക്കുകള്‍: എച്ച്ഐവി ഇപ്പോഴും ആഗോള ആരോഗ്യ ആശങ്കയായി തുടരുന്നു. 404 ലക്ഷം പേരുടെ ജീവനെടുത്ത ആരോഗ്യപ്രശ്നമാണിത്. എല്ലാ രാജ്യങ്ങളിലും ഇപ്പോഴും ഇത് പടരുന്നുമുണ്ട്. ചിലയിടങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായ ശേഷം ഇപ്പോള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യവുമുണ്ട്.
2022 അവസാനത്തോടെ ആഗോളതലത്തില്‍ എച്ച്ഐവി പോസിറ്റാവയവരുടെ എണ്ണം 390 ലക്ഷം ആയിരുന്നു. ഇതില്‍ 256 ലക്ഷവും ആഫ്രിക്കന്‍ മേഖലയിലാണെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.
2022ല്‍ മാത്രം എച്ച്ഐവി ബാധിച്ച് 630000 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പുതുതായി 13 ലക്ഷം പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എച്ച്ഐവി അണുബാധയ്ക്ക് ചികിത്സയില്ലെന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇത് ശരിയല്ല. രോഗത്തെ വരുതിയിലാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. പ്രതിരോധത്തിലൂടെയും രോഗനിര്‍ണയത്തിലൂടെയും ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ഇതിനെ നമുക്ക് നിയന്ത്രിക്കാനാകും.
എച്ച്ഐവിയെ 2030ഓടെ പൂര്‍ണമായും തുടച്ച് നീക്കാന്‍ ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബര്‍ ഫണ്ടും യുഎന്‍ എയ്‌ഡ്‌സും ചേര്‍ന്നാണ് ഇത്തരം പ്രചാരണപരിപാടികളുമായി മുന്നോട്ട് പോകുന്നത്. എച്ച്ഐവി ബാധിതരില്‍ 95ശതമാനത്തെയും 2025ഓടെ തിരിച്ചറിയാനാകും. ഇവരില്‍ 95ശതമാനത്തിനും ജീവന്‍രക്ഷാ ചികിത്സ നല്‍കാനും സാധിക്കും.
ഇന്ത്യയിലെ എച്ച്ഐവി: രാജ്യത്ത് നല്ലൊരു വിഭാഗം എച്ച്ഐവി ബാധിതരാണ്. എച്ച്ഐവി ബാധിതരോടുള്ള സമൂഹത്തിന്‍റെ മനോഭാവം പലരുടെയും ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രോഗം മൂലമുള്ള തൊഴില്‍ നഷ്ടം ഇവരെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. ഇത് അവരുടെ കുട്ടികളെയും കുടുംബത്തെയും ബാധിക്കുന്നുണ്ട്.
എച്ച്ഐവി ബാധിതര്‍ക്ക് തൊഴില്‍ നഷ്ടപ്പെടല്‍ അടക്കമുള്ള വെല്ലുവിളികള്‍ നമ്മുടെ സമൂഹത്തില്‍ നേരിടേണ്ടി വരുന്നു. എച്ച്ഐവി/ എയ്‌ഡ്‌സ് രോഗികളെ പിന്തുണയ്ക്കുന്നത് ലക്ഷ്യമിട്ട് ദ ഹ്യൂമന്‍ ഇമ്യൂണോ ഡിഫിഷ്യന്‍സി വൈറസ് ആന്‍ഡ് അക്വയേര്‍ഡ് ഇമ്യൂണോ ഡിഫിഷ്യന്‍സി സിന്‍ഡ്രോ(പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) ആക്ട് 2017 പാസാക്കിയിട്ടുണ്ട്.
രാജ്യത്തെ കണക്കുകള്‍:
24 ലക്ഷം എച്ച്ഐവി ബാധിതര്‍
0.2ശതമാനം പ്രായപൂര്‍ത്തിയായ എച്ച്ഐവി ബാധിതര്‍
63000 പുതിയ രോഗികള്‍
42000 മരണങ്ങള്‍
65ശതമാനം പേര്‍ക്ക് ചികിത്സ
2030 അവസാനത്തോടെ 95ശതമാനം പേര്‍ക്ക് പരിശോധനയും ചികിത്സയും എത്തിക്കുക എന്നതാണ് ലക്ഷ്യം.
എച്ച്ഐവിയെയും എയ്‌ഡ്‌സിനെയും തടയാനുള്ള പ്രധാന മാര്‍ഗം ബോധവത്ക്കരണം തന്നെയാണ്. പരിശോധനകള്‍ പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിന്‍റെ പ്രധാന ഉദ്ദേശ്യം. സുരക്ഷിതമായ ജീവിത ചര്യ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. മിഥ്യാധാരണകളെ പൊളിച്ചടുക്കി വൈറസ് വ്യാപനം തടയാനുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് എയ്‌ഡ്‌സ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
read more; 'ഒന്നായ് പൂജ്യത്തിലേക്ക്' ; നാളെ മുതല്‍ എച്ച്ഐവി സാന്ദ്രത പൂജ്യത്തിലെത്തിക്കാന്‍ കേരളം