കൊവിഡ് ലോകത്ത് പ്രതിസന്ധി സൃഷ്‌ടിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. എന്നാൽ കൊവിഡ് എങ്ങനെ വന്നുവെന്നോ, അതിന് പിന്നിൽ നടന്നതെന്തെന്നോ നമുക്ക് ഇന്നും അറിയില്ല. ലാവോസിലെ വവ്വാലുകളിൽ കൊവിഡിന് കാരണമാകുന്ന വൈറസിനെപ്പറ്റിയുള്ള സൂചനയുണ്ടെന്നാണ് ഒടുവിൽ പുറത്തു വരുന്ന പഠനങ്ങൾ.
മഹാമാരിക്ക് കാരണമാകുന്ന വൈറസുകളെപ്പറ്റിയുള്ള പഠനം പൂർത്തീകരിക്കാൻ വർഷങ്ങളെടുക്കും. ഇത് ചരിത്രത്തിൽ നിന്ന് നാം പഠിക്കേണ്ട വസ്‌തുതയാണ്. കൊവിഡിന്‍റെ കാര്യത്തിലും പഠനം തുടരുകയാണെന്നും എന്നാൽ പെട്ടെന്ന് വലിയ അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി സെന്‍റർ ഫോർ പ്ലാനറ്ററി ഹെൽത്ത് ആന്‍റ് ഫുഡ് സെക്യൂരിറ്റി ഡയറക്‌ടർ ഹമീഷ് മക്കല്ലം, വൈൽഡ് ലൈഫ് ഡിസീസ് എക്കോളജി സീനിയർ റിസർച്ചർ ഫെലോ അലീസൺ പീൽ എന്നി ഗവേഷകർ പറയുന്നു.
ചരിത്രത്തിൽ നിന്ന് പഠിക്കാം
ഓരോ വർഷവും ലോകത്ത് പകർച്ചവ്യാധി രോഗങ്ങൾ വർധിക്കുകയാണ്. ഈ ഗണത്തിലെ ഒടുവിലത്തെ രോഗമാണ് കൊറോണ വൈറസ് പടർത്തുന്ന കൊവിഡ്. കൊവിഡിന്‍റെ ഉത്ഭവസ്ഥാനം ഇനിയും നാം കണ്ടെത്തിയിട്ടില്ല. മനുഷ്യരിലേക്ക് എത്തുന്നതിന് മുമ്പ് ഏതെല്ലാം ജീവജാലങ്ങളിലാണ് രോഗം ബാധിച്ചതെന്ന് ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്.
എന്നാൽ ഈ പഠനങ്ങൾ ബുദ്ധിമുട്ടേറിയതാണ്. ഇതാണ് പകർച്ചവ്യാധികളെപ്പറ്റിയുള്ള പഠനം നേരിടുന്ന പ്രധാന വെല്ലുവിളി. രോഗം ഏതു ജീവജാലത്തിലാണ് ഉത്ഭവിച്ചതെന്നും എങ്ങനെ പടർന്നുവെന്നും മനസിലാക്കിയാൽ വരും കാലഘട്ടത്തിൽ രോഗങ്ങളെപ്പറ്റിയുള്ള പഠനം എളുപ്പമാക്കും.
എല്ലാം പ്രവചനാതീതമാണ്
കൊവിഡ് വൈറസിന്‍റെ ഉത്ഭവസ്ഥാനം ഇതുവരെ കണ്ടെത്താൻ കഴിയാത്തത് കൃത്രിമമായി നിർമിക്കപ്പെട്ടതിനെ സാധൂകരിക്കുന്നതാണെന്ന് ചില ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ സിദ്ധാന്തത്തെ ഇതിനകം തന്നെ ശാസ്‌ത്രജ്ഞർ തള്ളിക്കളഞ്ഞിട്ടുണ്ട്. അതേ സമയം പഠനം എവിടെയുമെത്തിയില്ല എന്നതിനെ കുറ്റപ്പെടുത്താനും ആരും തയ്യാറല്ല. ഇത്തരം പഠനങ്ങൾക്കായി എടുക്കുന്ന വലിയ സമയക്രമം സർവസാധാരണമാണ് എന്നാണ് ശാസ്‌ത്ജ്ഞരുടെ വാദം.
അടുത്തിടെയുണ്ടായ വൈറസ് രോഗബാധകളുടെ ഉത്ഭവം പോലും കണ്ടെത്താൻ കഴിയാത്ത കേസുകളുമുണ്ട്. ആഫ്രിക്കയിൽ 1970 മുതലുള്ള എബോള വൈറസ് രോഗം ജനങ്ങളിൽ വൻതോതിൽ പടർന്നിരുന്നു. ഈ കേസുകളിൽ വവ്വാലുകളാണ് രോഗവാഹകർ എന്നാണ് ശാസ്‌ത്രലോകം പറയുന്നത്. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ ഇനിയും സമർപ്പിക്കാൻ ശാസ്‌ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്‌തുത.
വവ്വാലുകളും കൊവിഡും
ചൈനയിലും തെക്ക്‌കിഴക്കൻ ഏഷ്യയിലും വവ്വാലുകളിൽ സാർസ് കൊവിഡ് വൈറസിന്‍റെ ജനിതകഘടനയോട് സാമ്യമുള്ള ആർഎടിജി13 വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് വൈറസുകളുടെയും ജനിതക ഘടനയിൽ 96.1 ശതമാനം സാമ്യതയാണുള്ളത്. എന്നാൽ ഈ സാമ്യത മാത്രം കണക്കിലെടുത്ത് സാർസ് വൈറസ് വവ്വാലിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിലയിരുത്താൻ സാധിക്കില്ല. മനുഷ്യരുടെ ജനിതകഘടന ചിമ്പാൻസിയുമായി സാമ്യമുള്ളതിനാൽ മനുഷ്യൻ ചിമ്പാൻസിയിൽ നിന്നോ, തിരിച്ചോ ഉത്ഭവിക്കാനുള്ള സാധ്യതയില്ലല്ലോ. ജനിതക ഘടനയിലെ സാമ്യത ഒരേ സ്‌പീഷീസ്, ഒരേ ഫാമിലി എന്നിങ്ങനെ മാത്രമേ അർഥമാക്കുന്നുള്ളു.
ഈനാംപേച്ചി
വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പകർന്നത് ഈനാംപേച്ചികൾ വഴിയാണെന്നുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഓസ്‌ട്രേലിയയിൽ നടന്ന പഠനത്തിലാണ് ഈ വിലയിരുത്തൽ. ഹെന്ദ്ര വൈറസുകളുടെ കാര്യത്തിൽ കുതിരകളാണ് ബ്രിഡ്‌ജ് ഹോസ്റ്റായി പ്രവർത്തിക്കുന്നത്. ലാവോസിൽ വവ്വാലുകളിൽ കൊറോണവൈറസ് കണ്ടെത്തിയതോടെ ഈനാംപേച്ചിയുടെ പങ്കിനെപ്പറ്റിയുള്ള ധാരണകളിൽ മാറ്റം വന്നിട്ടുണ്ട്. വവ്വാലുകളിൽ നിന്ന് രോഗാണു ഈനാംപേച്ചിയെയും മനുഷ്യരെയും ബാധിച്ചിട്ടുണ്ടാകാമെന്നും എന്നാൽ മനുഷ്യനെ ബാധിച്ച വൈറസ് ഈനാംപേച്ചിയിലൂടെ വന്നതല്ലെന്നുമാണ് പുതിയ പഠനം പറയുന്നത്.
വുഹാനിൽ വച്ച് കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് എങ്ങനെ മനുഷ്യരിലെത്തി ?
ഈ ചോദ്യത്തിന്‍റെ പ്രസക്തി ഇന്നും നിലനിൽക്കുകയാണ്. ചൈനയിൽ വവ്വാലുകൾ താമസിച്ചിരുന്ന ഗുഹകളിലേക്ക് ആളുകൾ തുടർച്ചയായി പോകുമായിരുന്നു. വുഹാനിൽ നിന്ന് അകലെ ഒരു വവ്വാൽ ഗുഹയും സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ വുഹാൻ മാർക്കറ്റിൽ വവ്വാലുകളെ വിൽപന നടത്തിയിരുന്നില്ല. വുഹാൻ പ്രധാന നഗരമാണെന്നിരിക്കെ ഗുഹകളിൽ പോയ വൈറസ് ബാധിതനായ ആൾ മാർക്കറ്റിലൂടെ കടന്നുപോയതിലൂടെയാകാം രോഗം പടർന്നിരിക്കാമെന്നാണ് വിലയിരുത്തൽ. സാർസ് കൊവിഡ് വൈറസുകൾ മറ്റ് മൃഗങ്ങളെയും ബാധിക്കുന്നുണ്ട്.
എന്തെല്ലാം നമുക്ക് ഇനി അറിയാനുണ്ട്?
പുതിയ വൈറസ് രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ രോഗവാഹകരായി വവ്വാലുകളുമായി ബന്ധപ്പെടുത്തുന്ന പ്രവണത നമുക്ക് കാണാം. കൊവിഡിന്‍റെ ആദ്യഘട്ടത്തിലും ഇത്തരത്തിലുള്ള അനുമാനങ്ങൾ ഉയർന്നുവന്നിരുന്നു. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന സാഹചര്യത്തെക്കുറിച്ച് നമുക്ക് ഇനിയും അറിയാനുണ്ട്. അതേ സമയം വവ്വാലുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ഈ സാർസ് കൊവിഡ്-2 വൈറസിന്‍റെ ജനിതക ഘടന പ്രകൃതിയിൽ നിലവിലുണ്ടെന്ന് കണ്ടെത്തുന്നുണ്ട്. പഠനം കൂടുതൽ മുന്നോട്ട് പോയാൽ മാത്രമേ ഇതിനുള്ളിൽ നഷ്‌ടമായ കണ്ണികളെ കണ്ടെത്താൻ സാധിക്കുകയുള്ളു.
READ MORE: ആഴ്‌ചയില്‍ അഞ്ചില്‍ കൂടുതല്‍ തവണ മാംസം കഴിക്കുന്നവരില്‍ അര്‍ബുദസാധ്യത കൂടുതലെന്ന് പഠനം