ലണ്ടൻ: യുവാക്കൾക്ക് കൊവിഡ് ബൂസ്‌റ്റർ ഡോസ് നൽകുന്നത് അവസാനിപ്പിക്കാനൊരുങ്ങി യുകെ. യുകെ ജോയിന്‍റ് കമ്മിറ്റി ഓൺ വാക്‌സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷനാണ് (JCVI) ഇക്കാര്യം അറിയിച്ചത്. കൊവിഡ് ഭീതി പൂർണമായും ലോകത്ത് നിന്ന് ഒഴിഞ്ഞിട്ടില്ലാത്തപ്പോഴാണ് യുകെയുടെ പുതിയ തീരുമാനം.
ഫെബ്രുവരി 12 ന് വാക്‌സിനേഷനുകൾ നൽകുന്നത് പിൻവലിക്കാനാണ് അധികൃതരുടെ നീക്കം. 16 വയസിന് മുകളിലുള്ളവർക്കും 50 വയസിന് താഴെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവർക്കും ബൂസ്‌റ്റർ ഡോസ് നൽകുന്നത് അവസാനിപ്പിക്കും. എന്നാൽ കൊവിഡ് വാക്‌സിൻ പിൻവലിക്കുന്ന കാര്യം ഒന്നൂടെ ചിന്തിക്കണമെന്നാണ് ലണ്ടനിലെ ലീഡ്‌സ് സർവകലാശാലയിലെ ഓങ്കോളജി അസോസിയേറ്റ് പ്രൊഫസർ സ്‌റ്റീഫൻ ഗ്രിഫിൻ പറയുന്നത്.
കൊവിഡ് വ്യാപനം: കൊവിഡ് മഹാമാരിയിൽ ദുരിതമനുഭവിച്ച രാജ്യങ്ങളിലൊന്നാണ് ഇംഗ്ലണ്ട്. 2022ൽ വരെ നിരവധി കൊവിഡ് കേസുകളാണ് രാജ്യത്ത് യുകെയിൽ റിപ്പോർട്ട് ചെയ്‌തത്. 33,000 പേരാണ് കഴിഞ്ഞ വർഷം കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. 12 ആഴ്‌ചകളോളം നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് കൊവിഡ് ബാധിച്ച 1.8 ദശലക്ഷം ആളുകളും നേരിട്ടത്. 2022 ൽ യുകെയിൽ അഞ്ച് ഒമിക്രോൺ വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.
വാക്‌സിനേഷൻ അനിവാര്യം: ഒരു പ്രാവശ്യം കൊവിഡ് വന്നവരുടെ ശരീരത്തിൽ വൈറസിനെതിരായ ആന്‍റിബോഡികൾ ഉണ്ടാകും. എന്നാൽ ഇതിന് കൊവിഡിനെ പൂർണമായി നേരിടാൻ കഴിയുമെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ കൊവിഡ് വാക്‌സിനേഷൻ അനിവാര്യമാണ്. അതുപോലെതന്നെ ബൂസ്‌റ്റർ ഡോസുകൾ നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കും.
വാക്‌സിൻ എടുക്കാതെ നിരവധിപ്പേർ: ഇംഗ്ലണ്ടിലെ വലിയൊരു വിഭാഗം ജനങ്ങളും ഇതുവരെ വാക്‌സിനേഷൻ എടുത്തിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 40 വയസിന് താഴെയുള്ള 30 ശതമാനം പേരും വാക്‌സിൻ എടുത്തിട്ടില്ല. ഓസ്ട്രേലിയ നാലാമത്തെ ബൂസ്‌റ്റർ ഡോസാണ് ഇപ്പോൾ നൽകുന്നത്. അമേരിക്കയാകട്ടെ മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക വാർഷിക ബൂസ്‌റ്റർ ഡോസ് വരെ ആസൂത്രണം ചെയ്യുകയാണ്. ഇതിനിടയിലാണ് യുകെ 50 വയസിന് താഴെയുള്ളവർക്കുള്ള ബൂസ്‌റ്റർ ഡോസ് നിർത്തലാക്കുന്നത്.
പുതിയ വകഭേദം വ്യാപിച്ചാൽ സ്ഥിതി രൂക്ഷം: യുവാക്കൾക്കും ആരോഗ്യമുള്ളവർക്കും കൊവിഡ് വാക്‌സിനേഷൻ നൽകുന്നത് നിർത്തലാക്കിയാൽ പിന്നീട് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്. കൊവിഡ് വ്യാപനം കൂടിയാൽ രോഗികൾക്ക് ആനുപാതികമായ ഡോക്‌ടർമാരോ ആരോഗ്യപ്രവർത്തകരോ ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കും. യുവാക്കൾക്കും ബൂസ്‌റ്റർ ഡോസ് നൽകിയാൽ രോഗവ്യാപനം തടയാൻ സാധിക്കും.