ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾ ഭക്ഷണത്തിന് മുൻപ് കുറഞ്ഞ അളവിൽ വേ പ്രോട്ടീൻ(Whey protein) കുടിക്കുന്നത് ഗ്ലൂക്കോസിന്‍റെ അളവ് കുറക്കുമെന്ന് പഠനം. ന്യൂകാസിൽ സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
പഠനത്തിന്‍റെ ഭാഗമായി ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾക്ക് ഭക്ഷണത്തിന് മുൻപ് കുറഞ്ഞ അളവിൽ വേ പ്രോട്ടീൻ അടങ്ങിയ പാനീയം കുടിപ്പിച്ചു. അതിനുശേഷം ഒരാഴ്‌ച ഇവരുടെ ഭക്ഷണത്തിൽ നിന്നും വേ പ്രോട്ടീൻ ഒഴിവാക്കി. വേ പ്രോട്ടീൻ കുടിക്കുന്നവരിൽ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്നതായി കണ്ടെത്തി.
പ്രോട്ടീൻ ഇല്ലാത്ത ആഴ്‌ചയെ സംബന്ധിച്ച് പ്രോട്ടീൻ കുടിച്ച ആഴ്‌ചയിൽ ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾക്ക് പ്രതിദിനം രണ്ട് മണിക്കൂർ അധികം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലായിരുന്നു. കൂടാതെ അവരുടെ രക്തത്തിലെ പ്രതിദിന ഗ്ലൂക്കോസ് അളവ് പ്രോട്ടീൻ കുടിക്കുമ്പോൾ 0.6mmol/L കുറവായിരുന്നുവെന്നും പഠനം പറയുന്നു.
ദഹനവ്യവസ്ഥയിലൂടെ ഭക്ഷണം കടന്നുപോകുന്നതിന്‍റെ വേഗത കുറച്ചും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുന്ന ഹോർമോണുകളെ ഉത്തേജിപ്പിച്ചുമാണ് വേ പ്രോട്ടീൻ പ്രവർത്തിക്കുന്നതെന്ന് ഹ്യൂമൻ ന്യൂട്രീഷൻ റിസർച്ച് സെന്‍ററിലും ഡയബറ്റിസ് റിസർച്ച് ഗ്രൂപ്പിലും പ്രവർത്തിക്കുന്ന ഡോ. ഡാനിയൽ വെസ്റ്റ് പറഞ്ഞു. ലോകമെമ്പാടും പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മരുന്നുകൾക്ക് പകരമായി ഭക്ഷണ പദാർഥങ്ങൾ പോലുള്ള സാധ്യതകൾ തേടുന്നതിന്‍റെ പ്രാധാന്യം വർധിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
പ്രമേഹത്തിനുള്ള മരുന്നുകൾ കഴിക്കുന്നതിനൊപ്പം 18 പ്രമേഹ രോഗികൾക്ക് ഒരാഴ്‌ച പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 10 മിനുട്ട് മുൻപ് 15 ഗ്രാം പ്രോട്ടീൻ അടങ്ങിയ 100 മില്ലി പാനീയം നൽകി. തുടർന്ന് തുടർച്ചയായി ഗ്ലൂക്കോസ് നിരീക്ഷിച്ചു. നിരീക്ഷണത്തിൽ പ്രോട്ടീൻ എടുക്കുന്നവരിൽ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്നതായി കണ്ടെത്തിയതായി അദ്ദേഹം പറയുന്നു.