ശൈത്യകാലം വർഷാവസാന ആഘോഷങ്ങൾ പ്രതീക്ഷിക്കുന്ന നിരവധി പേർക്ക് സന്തോഷം നൽകുന്ന ഒരു സമയാണ്. അതേസമയം മനുഷ്യന്‍റെ രോഗ പ്രതിരോധശേഷിയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു സീസൺ കൂടിയാണിത്. ഈ സമയത്ത് ജലദോഷം, ചുമ, പനി എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു.
ഋതുക്കൾ മാറുന്നതിനനുസരിച്ച് ശരീരത്തിന്‍റെ ശക്തിയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നുണ്ട്. ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ളവർക്ക് ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണ്. ബാഹ്യ പരിസ്ഥിതിയോടും താപനിലയോടും പൊരുത്തപ്പെടുന്നതിന്, ഓരോ സീസണിലും വ്യത്യസ്‌തമായ ദിനചര്യയും പോഷകാഹാരവും ആവശ്യമാണ്.
ശൈത്യകാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അണുബാധകൾ ചെറുത്ത് നിൽക്കാൻ ശരീരത്തിന് ആവശ്യമായ കരുത്ത് നൽകുന്നതിനും ആയുർവേദത്തിൽ പറയുന്ന ചില പൊടികൈകൾ ഇതാണ്.
മധുരക്കിഴങ്ങ് (Sweet Potato): വിറ്റാമിൻ എ, പൊട്ടാസ്യം തുടങ്ങി മറ്റ് പലതരം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മധുരക്കിഴങ്ങ്. ഇത് മനുഷ്യന്‍റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി തുടങ്ങിയ മറ്റ് പോഷകങ്ങളാലും ഇത് സമ്പന്നമാണ്.
മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ വീക്കം, മലബന്ധം എന്നിവ നിയന്ത്രിക്കാം. ഇത് പാകം ചെയ്‌തോ നേരിട്ടോ കഴിക്കാവുന്ന ഒരു കിഴങ്ങാണ്.
നിലക്കടല(Groundnut ): പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, മറ്റ് മൈക്രോ-മാക്രോ ന്യൂട്രിയന്‍റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നിലക്കടല. ഇത് ശരീരത്തെ ചൂടാക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ച്യവനപ്രാശം(Chyawanprash): പ്രതിരോധശേഷി വർധിപ്പിക്കുന്ന 20 മുതൽ 40 വരെ ആയുർവേദ ഘടകങ്ങളും ഔഷധസസ്യങ്ങളും അടങ്ങിയ മിശ്രിതമാണ് ച്യവനപ്രാശം. ഓർമശക്തി വർധിപ്പിക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും കാലാനുസൃതമായ അസുഖങ്ങൾ തടയുന്നതിനും ദഹനം നല്ലരീതിയിൽ നടക്കുന്നതിവും ഇത് ഒരു മികച്ച ഔഷധമായി കണക്കാക്കുന്നു. പ്രതിരോധശേഷി വിവിധ തലങ്ങളിൽ വർധിപ്പിക്കുന്നതിന് ഭക്ഷണത്തിന് ശേഷം ഒരു ടീസ്‌പൂൺ ച്യവനപ്രാശം കഴിക്കുന്നത് നല്ലതാണ്.
ശർക്കര(Jaggery): ഇരുമ്പും ധാതുക്കളും അടങ്ങിയിട്ടുള്ള ഒന്നാണ് ശർക്കര. രോഗശാന്തി ഗുണങ്ങൾ ഉള്ളതിനാൽ ശൈത്യകാലത്ത് ഇത് കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലുടനീളമുള്ള രക്തയോട്ടം വർധിപ്പിച്ച് ശരീരത്തിലെ ചൂട് നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ അമിതമായി ഉപയോഗിക്കുന്നത് വായയിൽ അൾസർ പോലുള്ള അസുഖങ്ങൾ വരാൻ കാരണമാകും.
നെല്ലിക്ക(Amla): വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടമാണ് നെല്ലിക്ക. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചർമപ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനും മുടികൊഴിച്ചിൽ നിർത്തുന്നതിനുമൊപ്പം, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപയോഗിക്കുന്നുണ്ട്. അതിനാൽ, ശൈത്യകാലത്ത് ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ഗുണം ചെയ്യും.