ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ആരോഗ്യം നിലനിർത്താനും ഒട്ടേറെ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായുണ്ട്. വേനൽച്ചൂട് നമ്മുടെ ശരീരത്തെ ക്ഷീണിപ്പിക്കുന്നതിനൊപ്പം ചർമ്മ രോഗങ്ങൾ, പനി, നിർജ്ജലീകരണം തുടങ്ങിയ അവസ്ഥകൾക്കും കാരണമാകുന്നു. ഈ കാലാവസ്ഥയിൽ ചൂടിനെ ചെറുക്കാനും ആരോഗ്യം നിലനിർത്താനും ചില കാര്യങ്ങൾ നാം ശ്രദ്ധിക്കണം.
- ധാരാളം വെള്ളം കുടിക്കുക: വേനൽ ചൂടും അമിത വിയർപ്പും നമ്മുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്നു. ഇതിലൂടെ പനി, വിറയൽ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. അതിനാൽ ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കേണ്ടത് ഏറെ അത്യാവശ്യമാണ്.
- ഉഷ്‌ണാഘാതത്തിൽ നിന്ന് രക്ഷ: വേനൽക്കാലത്ത് പ്രായമായവർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് ഉഷ്ണാഘാതം. ശരീരം താപനില വ്യതിയാനങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടുന്നില്ല എന്നതാണ് ഇത് പ്രായമായവരിൽ ഏറ്റവുമധികം ബാധിക്കാൻ കാരണം. കടുത്ത പനി, ഓക്കാനം, ഛർദ്ദി, തലവേദന, തലകറക്കം എന്നിവയെല്ലാം ഉഷ്ണാഘാതത്തിന്‍റെ ലക്ഷണങ്ങളാണ്.
- കട്ടികുറഞ്ഞ വസ്‌ത്രങ്ങൾ ധരിക്കുക: വേനൽക്കാലത്ത് കട്ടികുറഞ്ഞ അയഞ്ഞ വസ്‌ത്രങ്ങൾ മാത്രം ധരിക്കുക. ഇത് കനത്ത ചൂടിൽ നിന്ന് നിങ്ങളുടെ ശരീര താപനിലയെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. ഈ സമയങ്ങളിൽ കോട്ടണ്‍, ലിനൻ വസ്‌ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
- വെയിലത്ത് ഇറങ്ങാതിരിക്കുക: വേനൽ കാലത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കാതിരിക്കാൻ ശ്രദ്ധിക്കുക. തുറസായ സ്ഥലങ്ങളിലെ പരിപാടികൾ രാവിലെ 11 മണിക്ക് മുൻപായോ വൈകുന്നേരം 5 മണിക്ക് ശേഷമോ നടത്തുക. തണുപ്പുള്ള അടഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ സമയവും ചെലവഴിക്കുക.
- ആരോഗ്യമുള്ള ഭക്ഷണം മിതമായ രീതിയിൽ കഴിക്കുക: മിതമായ രീതിയിൽ കട്ടികുറഞ്ഞ ഭക്ഷണം ഇടയ്‌ക്കിടെ കഴിക്കുക. ഉയർന്ന കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ കനത്ത ഭക്ഷണം ശരീരത്തിൽ ധാരാളം ചൂട് ഉണ്ടാക്കുന്നു. അതിനാൽ ഓറഞ്ച്, തണ്ണിമത്തൻ, തക്കാളി തുടങ്ങി ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.
- കണ്ണുകളെ സംരക്ഷിക്കുക: സൂര്യപ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ പുറത്തിറങ്ങുമ്പോൾ 99 ശതമാനം അൾട്രാ വയലറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്ന സണ്‍ഗ്ലാസുകൾ ധരിക്കുക.
- മദ്യപാനം, കോഫി തുടങ്ങിയവ ഒഴിവാക്കുക: മദ്യം, കോഫി തുടങ്ങിയവ നമ്മുടെ ശരീരത്തിൽ വളരെ പെട്ടന്ന് നിർജ്ജലീകരണം ഉണ്ടാക്കുന്നു. അതിനാൽ ഇത്തരത്തിലുള്ളവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ചൂട് വെള്ളവും ഒഴിവാക്കുക.
വേനൽക്കാലത്തെ പ്രതിരോധിക്കാനും ആരോഗ്യം നിലനിർത്താനും പ്രമുഖ പോഷകാഹാര വിദഗ്‌ധ ഡോ. ദിവ്യ ഗുപ്ത നിർദ്ദേശിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്. മാങ്ങ, വെള്ളരിക്ക, തണ്ണീർ മത്തൻ, തൈര് തുടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ പ്രധാന്യം നൽകുക. ഓറഞ്ച്, വെള്ളരി, പുതിന എന്നിവ ചേർത്ത വെള്ളം കുടിക്കുന്നതും ശരീരത്തിന് ഏറെ ഗുണകരമാണ്.
ALSO READ: ഹോ എന്താ ചൂട്! വേനല്‍കാലത്ത് എപ്പോഴും കൂളാവാൻ ചില മാര്‍ഗങ്ങള്‍
ഇതിനായി ഒരു ഓറഞ്ച് തൊലിയോട് കൂടി ചെറിയ കഷ്‌ണങ്ങളാക്കി അരിഞ്ഞ് എടുക്കുക. ഇതിനൊപ്പം തൊലി കളഞ്ഞ ചെറു നാരങ്ങയും വെള്ളരിക്കയും ചെറിയ കഷ്‌ണങ്ങളായി മുറിച്ച് ചേർക്കുക. ശേഷം ഇതിലേക്ക് പുതിന ഇല ഇടുക.
ഇവയെല്ലാം ഒരു ജാർ വെള്ളത്തിലിട്ട് മൂന്നു മണിക്കൂറോളം വെയ്‌ക്കുക. ശേഷം ആ വെള്ളം കുടിക്കുക. പുതിനയും ഓറഞ്ചും വെള്ളത്തിന് മധുരം നൽകും. കൂടാതെ ഇത് മെറ്റബോളിസം വർധിപ്പിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.