വ്യത്യസ്ഥയിനം ഭക്ഷണങ്ങളിലൂടെ പ്രോട്ടീന്‍ ലഭിക്കുന്നത് രക്തസമ്മര്‍ദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ചൈനയിലെ സതേണ്‍ മെഡിക്കല്‍ സര്‍വകലാശാല നടത്തിയ പഠനം. 'ഹൈപ്പര്‍ടെന്‍ഷന്‍' എന്ന ശാസ്ത്ര ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ചൈന ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രിഷന്‍ സര്‍വേയില്‍ പങ്കെടുത്ത ആളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാണ് പഠനം ഈ നിഗമനത്തില്‍ എത്തിയത്.
പ്രോട്ടീനുവേണ്ടി ഏതെങ്കിലും ഒരു ഭക്ഷണയിനത്തെ ആശ്രയിക്കാതെ വ്യത്യസ്തതരം ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലതെന്നാണ് പഠനം പറയുന്നത്. ഹൃദയാഘാതത്തിന് പ്രധാന കാരണങ്ങളില്‍ ഒന്നാണ് അമിത രക്തസമ്മര്‍ദം. ഇത് പക്ഷാഘാതത്തിനും കാരണമാകുന്നു.
സംസ്ക്കരിക്കാത്ത ധാന്യങ്ങള്‍(തവിട് മുതലയാവ ഒന്നും കളയാത്തവ), സംസ്കരിച്ച ധാന്യങ്ങള്‍ (തവിട്,ജേര്‍മ് അഥവാ മുളപൊട്ടുന്ന ഭാഗം എന്നിവ നീക്കം ചെയ്തവ), സംസ്കരിച്ച റെഡ് മീറ്റ്, സംസ്കരിക്കാത്ത റെഡ് മീറ്റ്, പോള്‍ട്രി (കൊഴി ഇറച്ചി, തറാവ് ഇറച്ചി), മീന്‍, പയര്‍വര്‍ഗങ്ങള്‍, മുട്ട തുടങ്ങിയ പ്രോട്ടീന്‍ ലഭിക്കുന്ന എട്ട് ഭക്ഷണ ഇനങ്ങള്‍ കഴിക്കുന്നത് അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മേല്‍പ്പറഞ്ഞ ഭക്ഷണയിനങ്ങളില്‍ നാലോ അതില്‍ കൂടുതലോ ഇനങ്ങള്‍ കഴിക്കുന്നവരില്‍ രക്തസമ്മര്‍ദത്തിനുള്ള സാധ്യത രണ്ടില്‍ കൂടുതല്‍ ഭക്ഷണയിനങ്ങള്‍ കഴിക്കാത്തവരേക്കാള്‍ 66 ശതമാനം കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ALSO READ: മൃഗങ്ങളുടെ അവയവം മനുഷ്യരിലേക്ക് മാറ്റി വയ്‌ക്കുന്ന ശസ്‌ത്രക്രിയകളുടെ ഭാവി
പ്രോട്ടീന്‍ തീരെ കുറഞ്ഞാലും പ്രോട്ടീന്‍ ആവശ്യത്തില്‍ കൂടിയാലും ഒരേപോലെ രക്തസമ്മര്‍ദത്തിനുള്ള സാധ്യത വര്‍ധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. കഴിക്കുന്ന ഭക്ഷണത്തിന്‍റെ പോഷകാംശവും ഹൃദ്രോഗങ്ങളുമായി ബന്ധമുണ്ടെന്നും പഠനം പറയുന്നു. പോഷകാംശമുള്ള ഭക്ഷണം കഴിച്ചുകൊണ്ട് രക്തസമ്മര്‍ദത്തില്‍ നിന്ന് പ്രതിരോധം തീര്‍ക്കലാണ് ഏറ്റവും കാര്യക്ഷമവും എളുപ്പവുമായ മാര്‍ഗമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സിയാന്‍ഹുയി ക്വിന്‍ പറഞ്ഞു. സതേണ്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ കിഡ്‌നി രോഗങ്ങള്‍ക്കുള്ള ഗവേഷണ കേന്ദ്രത്തിന്‍റെ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം.
1997മുതല്‍ 2015 വരെ നടന്ന ചൈന ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രിഷന്‍ സര്‍വേയിലെ ഏഴ് റൗണ്ടുകളില്‍ കുറഞ്ഞത് രണ്ട് റൗണ്ടെങ്കിലും പങ്കെടുത്ത 12,200 പേരുടെ ആരോഗ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്. കഴിക്കുന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളുടെ വൈവിധ്യത്തിനനുസരിച്ച് ഇവര്‍ക്ക് സ്കോര്‍ നല്‍കി(കൂടുതല്‍ ഭക്ഷണയിനങ്ങള്‍ കഴിക്കുന്നവര്‍ക്ക് കൂടുതല്‍ സ്കോര്‍ എന്ന നിലയില്‍). ഇങ്ങനെ കൂടുതല്‍ സ്കോര്‍ ലഭിച്ചവര്‍ക്ക് രക്തസമ്മര്‍ദത്തിന്‍റെ സാധ്യത കുറഞ്ഞ സ്കോര്‍ ലഭിച്ചവരേക്കാള്‍ കുറവാണെന്നാണ് കണ്ടെത്തിയത്.