കുഞ്ഞിന് ജന്മം നൽകുന്നത് സങ്കീർണമായ പ്രക്രിയയാണ്. ഒരു കുഞ്ഞിന്‍റെ ജനനം മാതാപിതാക്കൾക്ക് അത്രമേല്‍ സന്തോഷം നൽകുന്നതുമാണ്. ഗർഭധാരണത്തിന് ശേഷം പ്രസവം, മുലയൂട്ടൽ എന്നിങ്ങനെ പല ശാരീരിക ഘട്ടങ്ങളിലൂടെയുമാണ് ഓരോ അമ്മമാരും കടന്നുപോകാറുള്ളത്. കുഞ്ഞിന്‍റെ ജനനത്തിന് ശേഷമുള്ള പ്രാരംഭ വർഷങ്ങളിൽ അമ്മമാർ പല മുൻകരുതലുകളും എടുക്കണം. പ്രത്യേകിച്ച് ആദ്യമായി അമ്മയാകുമ്പോൾ. പല അമ്മമാരും വെല്ലുവിളികൾ അഭിമുഖീകരിക്കുന്നത് കുഞ്ഞിന് മുലയൂട്ടുന്ന സമയത്താണ്. എന്നാൽ ശരിയായ മാർഗനിർദേശങ്ങളിലൂടെ ഈ വെല്ലുവിളികളെ മറികടക്കാൻ സാധിക്കും.
ചില തുറന്നുപറച്ചിലുകൾ
'ആദ്യ പ്രസവത്തിന് ശേഷം മുലയൂട്ടിയപ്പോൾ നേരിട്ടത് അസഹ്യമായ വേദന' : രണ്ട് കുട്ടികളുടെ അമ്മയാണ് രേണുക ഭാരതി. മൂത്ത കുട്ടിക്ക് രണ്ടര വയസും ഇളയ കുട്ടിക്ക് അഞ്ച് മാസവുമാണ് പ്രായം. ആദ്യ പ്രസവത്തിന് ശേഷം മുലയൂട്ടുന്നതിൽ ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. അതുമൂലം അവർക്ക് മാത്രമല്ല കുഞ്ഞിനും ചില ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടു.
ആ സമയങ്ങളിൽ മാറിടത്തിലും മുലക്കണ്ണുകളിലും അസഹ്യമായ വേദന അനുഭവപ്പെടാറുണ്ടായിരുന്നുവെന്ന് അവർ പറയുന്നു. തന്‍റെ സ്‌തനങ്ങളിൽ പാൽ നിറഞ്ഞ് വീക്കം ആയതാണെന്നും അതുമൂലം ഉണ്ടായ അണുബാധയാണ് ഈ വേദനയ്ക്ക് കാരണമായതെന്നും പിന്നീടാണ് അറിഞ്ഞത്.
കുഞ്ഞിന്‍റെ ആരോഗ്യത്തിലും ഇതിന്‍റെ സ്വാധീനം പ്രകടമായിരുന്നു. തന്‍റെ ആദ്യ കുഞ്ഞിനെ മുലയൂട്ടിയതിന്‍റെ അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം മുലയൂട്ടലുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും താൻ ശ്രദ്ധിച്ചുവെന്നും അവർ പറയുന്നു.
'മുലക്കണ്ണുകളിൽ വിള്ളലുകൾ ഉണ്ടാകാൻ തുടങ്ങി' : ശ്രദ്ധ പരീഖ് എന്ന, രണ്ടുവയസുകാരന്‍റെ അമ്മയും മുലയൂട്ടലിൽ അവർ നേരിട്ട പ്രതിസന്ധികളെ കുറിച്ച് വെളിപ്പെടുത്തി. കുഞ്ഞിനെ മുലയൂട്ടാൻ ഒരുപാട് ബുദ്ധിമുട്ടുകൾ താൻ നേരിട്ടിരുന്നു. മുലക്കണ്ണുകളിൽ അസഹ്യമായ വേദനയാണ് അനുഭവപ്പെട്ടിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ മുലക്കണ്ണുകളിൽ വിള്ളലുകൾ ഉണ്ടാകാൻ തുടങ്ങി.
മുലയൂട്ടുന്ന സ്‌ത്രീകള്‍ക്ക് ക്ഷീണം അല്ലെങ്കിൽ അമിതമായ ഉറക്കം പോലുള്ള പ്രശ്‌നങ്ങൾ നേരിടുന്നു. എന്നാൽ തന്‍റെ കുഞ്ഞിനെ മുലയൂട്ടുന്ന രീതിയെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, പ്രശ്‌നം വർധിച്ച് വേദന സഹിക്കാൻ കഴിയാതെയായി. ഇതോടെ ശ്രദ്ധ വിഷയം അമ്മയെ അറിയിച്ചു.
അമ്മ ശ്രദ്ധയ്‌ക്ക് കുഞ്ഞിനെ ശരിയായ സ്ഥാനത്ത് വച്ച് മുലയൂട്ടുന്നതിനെപ്പറ്റി പറഞ്ഞുകൊടുത്തു. കൂടാതെ, സ്‌തനങ്ങളിൽ പാൽ ശേഖരിക്കാൻ അനുവദിക്കരുതെന്നും ശ്രദ്ധയെ അറിയിച്ചു. കുട്ടിക്ക് മുഴുവൻ പാൽ കുടിക്കാൻ കഴിയുന്നില്ലെങ്കിൽ സ്‌തനങ്ങളിൽ അമർത്തിയോ പമ്പിന്‍റെ സഹായത്തോടെയോ ബാക്കിയുള്ള പാൽ പുറത്തെടുക്കണം. അമ്മയുടെ ഉപദേശങ്ങൾ പാലിച്ചതോടെ മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട തന്‍റെ പ്രശ്‌നങ്ങൾ ഒരു പരിധിവരെ കുറഞ്ഞുവെന്നും ശ്രദ്ധ പറയുന്നു.
മുലയൂട്ടലുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങൾ : രേണുകയോ ശ്രദ്ധയോ മാത്രമല്ല, മുലയൂട്ടുന്നതിനെക്കുറിച്ചുള്ള അറിവില്ലായ്‌മ കാരണം പല അമ്മമാർക്കും വ്യത്യസ്‌ത പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം അമ്മമാരെ കൃത്യമായി മുലയൂട്ടാൻ പരിശീലിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിഭ മെറ്റേണിറ്റി ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റ് ഡോ.സംഗീത വർമ പറയുന്നു. സാധാരണയായി, ഒരു കുട്ടിയുടെ ജനനത്തിനുശേഷം ആശുപത്രികളിലെ ഡോക്‌ടർമാരും നഴ്‌സുമാരും എങ്ങനെ മുലയൂട്ടണം എന്നതിനെക്കുറിച്ച് ചുരുക്കം വിവരങ്ങളേ അമ്മമാർക്ക് നൽകുന്നുള്ളൂ. ഈ വിഷയത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ അമ്മമാരെ അറിയിക്കേണ്ടത് അനിവാര്യമാണ്.
മുലക്കണ്ണുകളില്‍ വേദന, വിള്ളലുകൾ, പരന്ന മുലക്കണ്ണുകളായിരിക്കുക, കുമിളകൾ, നീർവീക്കം, സ്‌തന വേദന, സ്‌തനഭാരം, പാൽ അടിഞ്ഞുകൂടുക, പാൽ ഉത്പാദനം കുറയുകയോ കൂടുകയോ ചെയ്യുക, തനിയെ പുറത്തുവരുക, അണുബാധ, എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ മുലയൂട്ടുന്ന സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്നു. പല കാരണങ്ങളാൽ സ്‌തനങ്ങളിൽ അണുബാധ ഉണ്ടാകാം. പനി പോലുള്ള ലക്ഷണങ്ങൾക്കൊപ്പവും സ്‌തനങ്ങളിൽ വേദന, വീക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം.
ചിലപ്പോൾ അമ്മയിൽ മുലയൂട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് മൂലം കുട്ടിക്ക് ശരിയായ അളവിൽ പാൽ ലഭിക്കാത്ത അവസ്ഥയും വരാമെന്ന് ബെംഗളൂരു കെയർ ക്ലിനിക്കിലെ പീഡിയാട്രീഷ്യൻ ഡോ. സുധ എം റോയ് പറയുന്നു. കുട്ടിക്ക് ആറ് മാസം തികയുന്നതിന് മുമ്പ് സ്ത്രീക്ക് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവുകയും ഈ കാരണങ്ങളാൽ കുഞ്ഞിന് ആവശ്യമായ അളവിൽ മുലയൂട്ടാൻ കഴിയാതെ വരികയും ചെയ്‌താൽ കുട്ടിയുടെ ആരോഗ്യത്തെയും ബാധിക്കാം. അതേസമയം, സ്‌തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകുന്നതും കുട്ടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
മുലയൂട്ടൽ പ്രശ്‌നങ്ങൾ എങ്ങനെ ഒഴിവാക്കാം : കുഞ്ഞ് ജനിക്കുന്നതിന് മുമ്പും പ്രസവത്തിന് തൊട്ടുപിന്നാലെയും ശരിയായ പൊസിഷനെക്കുറിച്ചും പാല്‍ കൊടുക്കുന്നതിന് ആവശ്യമായ മറ്റ് മുൻകരുതലുകളെക്കുറിച്ചും അറിയിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഡോ. സംഗീത വർമ പറയുന്നു.
- സുഖപ്രദമായ സ്ഥാനത്ത് ഇരുന്ന് വേണം കുഞ്ഞിനെ മുലയൂട്ടാൻ.
- കുഞ്ഞ് പാൽ കുടിക്കുമ്പോൾ, കുട്ടിയുടെ മൂക്ക് തുണിയോ മറ്റ് വസ്‌തുക്കളോ ഉപയോഗിച്ച് മൂടാൻ പാടില്ല എന്നത് എപ്പോഴും ഓർമിക്കുക.
- രണ്ട് വിരലുകൾക്കിടയിൽ മുലക്കണ്ണ് വച്ചുകൊണ്ട് കുഞ്ഞിന് മുലപ്പാൽ നൽകാൻ ശ്രദ്ധിക്കുക.
- സാധാരണയായി, പ്രസവശേഷം മുലയൂട്ടുമ്പോൾ സ്ത്രീകൾക്ക് നേരെ ഇരിക്കാനും കുനിയാനും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ, നഴ്‌സിംഗ് തലയിണ അല്ലെങ്കിൽ മുലയൂട്ടൽ തലയിണ വളരെ സഹായകമാകും. ഇത് അമ്മയ്ക്ക് മുലയൂട്ടൽ എളുപ്പമാക്കുക മാത്രമല്ല, ശാരീരിക ആശ്വാസം നൽകുകയും ചെയ്യും.
- കുഞ്ഞിന് പാൽ നൽകുന്നതിന് മുമ്പും ശേഷവും മുലക്കണ്ണ് വൃത്തിയാക്കുക. മുലക്കണ്ണ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
- മുലക്കണ്ണുകളിൽ വീര്യം കൂടിയ സോപ്പുകളും ക്രീമുകളും ഉപയോഗിക്കരുത്.
- വിള്ളലുള്ള മുലക്കണ്ണുകളിൽ ലാനോലിൻ അടങ്ങിയ ക്രീം അല്ലെങ്കിൽ ഒലിവ് ഓയിൽ പുരട്ടുക. അല്ലെങ്കിൽ മുലപ്പാൽ പുരട്ടി ഉണങ്ങാൻ അനുവദിക്കുക, കാരണം അതിൽ വിറ്റാമിൻ ഇ ഉൾപ്പടെയുള്ള മറ്റ് പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വളരെ ഗുണം ചെയ്യും.
- തണുപ്പിച്ചോ ചൂടുപിടിപ്പിച്ചോ മസാജ് വഴി സ്‌തനങ്ങളില്‍ അനുഭവപ്പെടുന്ന ചെറിയ വേദനകളില്‍ നിന്ന് ആശ്വാസം നേടാം. എന്നാൽ വേദന വർധിക്കാൻ തുടങ്ങുകയും പനി അനുഭവപ്പെടുകയും ചെയ്‌താൽ ഒരു ഡോക്‌ടറെ സമീപിക്കേണ്ടതാണ്.
- അമ്മമാർ അവരുടെ ഭക്ഷണക്രമത്തിൽ പോഷകസമൃദ്ധമായ ഭക്ഷണം ഉൾപ്പെടുത്തണം.
ജോലിക്ക് പോകുന്ന അമ്മമാർക്കായി : ജോലിചെയ്യുന്ന സ്ത്രീകൾക്ക് കുട്ടികളെ മുലയൂട്ടാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്ന് ഡോ.സുധ വിശദീകരിക്കുന്നു. നിലവിൽ, മിക്ക സർക്കാർ, സ്വകാര്യ ഓഫിസുകളിലും പ്രസവാവധി ലഭ്യമാണെങ്കിലും അതിന്‍റെ കാലാവധി വ്യത്യാസപ്പെടാം.
- മുലപ്പാൽ ശേഖരിച്ച് സൂക്ഷിക്കാനുള്ള വഴികൾ : ഒരു ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ചോ സ്‌തനങ്ങളിൽ അമർത്തിയോ പുറത്തെടുക്കുന്ന പാൽ നിശ്ചിത സമയത്തേക്ക് ശേഖരിച്ച് സൂക്ഷിക്കാൻ കഴിയും. ഈ പാൽ ഫ്രിഡ്‌ജിലോ വൃത്തിയുള്ള മറ്റേതെങ്കിലും സ്ഥലത്തോ സൂക്ഷിക്കാം. പക്ഷേ ഈ പാൽ നേരിട്ട് ഗ്യാസിലോ മൈക്രോവേവിലോ വച്ച് ചൂടാക്കരുത്. കാരണം, ഇത് പാലിലെ പോഷക ഘടകങ്ങളെ നശിപ്പിക്കും. മുലപ്പാൽ സംഭരിക്കുന്ന ബാഗുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അമ്മമാർക്ക് ഈ ബാഗുകളിൽ പാൽ ശേഖരിക്കാനും ആവശ്യമുള്ളപ്പോൾ ഉപയോഗിച്ച് കുഞ്ഞിന് എളുപ്പത്തിൽ ഭക്ഷണം നൽകാനും കഴിയും.
- മുലയൂട്ടുന്ന പല സ്ത്രീകൾക്കും സ്‌തനങ്ങളിൽ നിന്ന് തുടർച്ചയായി പാൽ ചോർച്ച അനുഭവപ്പെടാറുണ്ട്. ഇത് ചിലപ്പോൾ ഓഫിസിലോ പുറത്തോ ആയിരിക്കുമ്പോഴാകും സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ, ബ്രെസ്റ്റ് പാഡുകൾ വളരെ സഹായകരമാണ്. ഈ പാഡുകൾ സ്‌തനങ്ങൾക്ക് മുകളിലും ബ്രായുടെ കപ്പുകളിലും വയ്ക്കാം. അവ ലീക്കാകുന്ന പാൽ വലിച്ചെടുക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങൾ നനയുകയോ കറപിടിക്കുകയോ ചെയ്യില്ല.
- ബ്രെസ്റ്റ് പമ്പോ ബ്രെസ്റ്റ് പാഡോ ആണ് ഉപയോഗിക്കുന്നതെങ്കിൽ അണുബാധയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാകാതിരിക്കാൻ അവ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും ബ്രെസ്റ്റ് പമ്പ് ചൂടുവെള്ളം ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. അതേസമയം, കോട്ടൺ പാഡുകൾ ഉപയോഗിക്കുകയാണെങ്കിൽ, പാഡ് നനഞ്ഞാൽ അവ മാറ്റണം. കാരണം, നനഞ്ഞ പാഡുകൾ ചർമ്മത്തിൽ അണുബാധയ്ക്ക് കാരണമാകും.