അവനവനോട് തന്നെ അമിതമായ ഇഷ്‌ടവും പ്രാധാന്യവും തോന്നുകയും മറ്റുള്ളവർക്ക് തീരെ മൂല്യം കൽപ്പിക്കാതിരിക്കുകയും ചെയ്യുന്നവരെയാണ് പൊതുവേ നാർസിസ്റ്റുകൾ(Narcissist) എന്ന് പറയുന്നത്. നാർസിസ്റ്റുകൾ അവരവരെ തന്നെ ദൈവതുല്യരായി കാണുകയും അവരിലുള്ള ഉത്‌കണ്ഠകളും അരക്ഷിതാവസ്ഥയുമെല്ലാം മറക്കുകയും ചെയ്യുന്നു. ഒരുതരം ആത്മാരാധനയാണിത്.
മാരകമായ ആത്മരതിയും വ്യക്തികേന്ദ്രീകൃതമായ സ്വഭാവം മൂലം മറ്റുള്ളവരുടെ ആഗ്രഹങ്ങളോ ആവശ്യങ്ങളോ താൽപര്യങ്ങളെ പരിഗണിക്കാതിരിക്കുകയാണ് നാർസിസത്തിന്‍റെ അടിസ്ഥാന സ്വഭാവം. ഇത്തരത്തിലുള്ള പെരുമാറ്റം വ്യക്തിത്വ വൈകൃതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മനശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
സ്വന്തം പ്രതിബിംബവുമായി അഗാധമായ പ്രണയത്തിലായ നാർസിയൂസ് എന്ന കുട്ടിയെ സംബന്ധിച്ച ഗ്രീക്ക് പുരാണത്തിൽ നിന്നാണ് നാർസിസം എന്ന പേര് ഉരുത്തിരിഞ്ഞത്. സ്വാർഥനായ വ്യക്തിയുടെ പ്രതിനിധാനമായാണ് സിഗ്മണ്ട് ഫ്രോയിഡ് ഈ കഥയെ അവതരിപ്പിച്ചിട്ടുള്ളത്.
അതിശയോക്തി, ഭ്രമം, ശ്രദ്ധ പിടിച്ചുപറ്റൽ, പ്രകടനപരത എന്നിവയെല്ലാം ഒരു നാർസിസ്റ്റിനെ അടയാളപ്പെടുത്താൻ മാനസിക വിദഗ്‌ധരും ചിന്തകരും പണ്ടുമുതൽക്കേ ഉപയോഗിച്ചുവരുന്നവയാണ്.
നാർസിസ്റ്റിന് ഒരു നല്ല പങ്കാളിയാകാൻ കഴിയുമോ?
മികച്ച കരിയർ, വിജയം, ആകർഷണീയത എന്നു തുടങ്ങി ഒരു ദീർഘകാല പങ്കാളിയിൽ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ബാഹ്യ സവിശേഷതകളെല്ലാം ഒരു നാർസിസ്റ്റിൽ കണ്ടെന്ന് വരാം. എന്നാൽ ഇത്തരത്തിലുള്ള മുൻവിധികൾ എല്ലാം മറന്നുകളയുന്നതാണ് നിങ്ങളുടെ ഭാവിക്ക് നല്ലത്. ആദ്യം തോന്നുന്ന ആകർഷണത്തിൽ നാർസിസ്റ്റായ ഒരു പങ്കാളിയെയാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് ദുഃഖിക്കാനേ സമയമുണ്ടാകൂ. നിങ്ങൾ ഒരു നാർസിസ്റ്റുമായി പ്രണയത്തിലായിരിക്കുമ്പോൾ നിങ്ങളുടെ ഓരോ പ്രവൃത്തിയും സൂക്ഷ്‌മമായി നിരീക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യാം. നിങ്ങൾ പ്രണയത്തിലായിരിക്കുന്നയാൾ ആദ്യം തുടർച്ചയായി മെസേജുകളും സാന്നിധ്യവും പ്രശംസയും ഔദാര്യപരമായ പ്രവൃത്തികളും നിങ്ങളുടെ മേൽ ചൊരിയുകയും പ്രണയം കൊണ്ട് നിങ്ങളെ വീർപ്പുമുട്ടിക്കുകയും ചെയ്‌തേക്കാം. എന്നാൽ ഇത് മിക്കപ്പോഴും അവരുടെ സ്വന്തം നേട്ടത്തിന് വേണ്ടി മാത്രമായിരിക്കും.
നിങ്ങളുടെ സ്‌നേഹവും ശ്രദ്ധയും അവരിലേക്ക് തന്നെ കേന്ദ്രീകരിച്ചുകൊണ്ട് നിങ്ങളെ നിയന്ത്രിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കും. റിലേഷൻഷിപ്പ് പുരോഗമിക്കുന്നതോടെ അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിങ്ങളെ നിരാശരാക്കും. നിങ്ങൾ പ്രണയത്തിലായ ആ വിശേഷപ്പെട്ട സ്വഭാവത്തിനുടമ ഒരു നാർസിസ്റ്റാണെന്ന് അറിയുന്നത് നിങ്ങളെ ഞെട്ടിക്കാം. മിക്ക കേസുകളിലും ഇത് ബന്ധം വഷളാകുന്നതിനും പങ്കാളിയുടെ ടോക്‌സിക് സ്വഭാവം കൂടുന്നതിലേക്കും ഇത് വഴിവയ്ക്കും.
ഒരു നാർസിസ്റ്റിന് ഒരു നല്ല പങ്കാളിയാകാൻ കഴിയുമോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഇല്ല എന്ന് തന്നെയാണ് എല്ലായ്‌പ്പോഴും ഉത്തരം. അവർ സ്വന്തം കാര്യം മാത്രം നോക്കുന്നവരും ബന്ധങ്ങളിൽ അവർ മൂലമുണ്ടാകുന്ന വിള്ളലിൽ പശ്ചാത്തപിക്കാത്തവരുമായതിനാൽ നാർസിസം മാറാൻ വളരെ ബുദ്ധിമുട്ടാണ്. ഈ സ്വഭാവം അവരെ ആളുകളുമായി അടുത്തിടപഴകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു.
എന്നാൽ നിങ്ങൾ ഇതിനകം തന്നെ നാർസിസ്റ്റ് ആയ ഒരാളുമായി പ്രണയത്തിൽ ആണെങ്കിൽ എന്തുചെയ്യും. നിങ്ങൾ നിങ്ങളുടെ പങ്കാളിയുടെ ടോക്‌സിക് സ്വഭാവത്തെയും പെരുമാറ്റത്തേയും ന്യായീകരിക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രണയം ഒരു നാർസിസ്റ്റുമായാണെന്ന് നിസം ശയം പറയാം. ഈ നാല് അടയാളങ്ങൾ നിങ്ങളുടെ പങ്കാളിയിലുണ്ടോ എന്ന് നോക്കുന്നത് അയാളിൽ മറഞ്ഞിരിക്കുന്ന സ്വഭാവം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. ഈ നാല് സ്വഭാവങ്ങൾ നിങ്ങളുടെ പങ്കാളിയിലുണ്ടെങ്കിൽ നിങ്ങൾ ഒരു നാർസിസ്റ്റായ വ്യക്തിയുമായാണ് പ്രണയത്തിലായിരിക്കുന്നത്.
1. സംഭാഷണത്തിന്‍റെ നിയന്ത്രണം എല്ലായ്‌പ്പോഴും ഏറ്റെടുക്കുക
ബന്ധങ്ങളിൽ എല്ലായ്‌പ്പോഴും രണ്ട് പേർക്കും തുല്യ പ്രാധാന്യമാണുള്ളതെങ്കിലും സംഭാഷണങ്ങൾ തങ്ങളുടെ ഭാഗത്തേക്ക് മാത്രം കൊണ്ടുവരാൻ നാർസിസ്റ്റായ ആളുകൾക്ക് പലപ്പോഴും ഒരു പ്രവണതയുണ്ട്. ശ്രദ്ധാകേന്ദ്രമാകുന്നതും സംഭാഷണങ്ങൾക്ക് നേതൃത്വം നൽകുന്നതും അവർ ആസ്വദിക്കുന്നു. അവർ പങ്കാളിയുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കാതെ വരികയും അവർ സംസാരിച്ചുകൊണ്ടിരിക്കെ ഇടയിൽ കയറി അഭിപ്രായം പറയുകയും അവർക്ക് താൽപര്യമുള്ള വിഷയത്തിലേക്ക് സംഭാഷണങ്ങളെ വഴി തിരിക്കാൻ ശ്രമിക്കുകയും ചെയ്യും.
2. സഹാനുഭൂതി ഇല്ലായ്‌മ
സഹാനുഭൂതി ഇല്ലാതിരിക്കുക എന്നത് നാർസിസ്റ്റുകളുടെ ഒരു പ്രത്യേകതയാണ്. ആത്മാർഥമായ സ്നേഹം ഇല്ലാതിരിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങളും വികാരങ്ങളും മാനിക്കാതിരിക്കുകയും നിങ്ങളുടെ പങ്കാളി ചെയ്യാം. സ്വയം സുരക്ഷിതരായിരിക്കണമെന്ന നാർസിസ്റ്റുകളുടെ ചിന്താഗതി അഴരുടെ ബന്ധത്തിൽ വിള്ളലുകൾ വീഴ്‌ത്തിയേക്കാം. പങ്കാളിയുടെ വികാരങ്ങൾ മനസിലാക്കുന്നതിനും പരിഗണിക്കുന്നതിനും അവർക്ക് അനുകമ്പ നഷ്‌ടപ്പെടാം.
3. പഴിചാരൽ
പങ്കാളിയുടെ വീക്ഷണത്തെ മാറ്റാൻ നാർസിസ്റ്റുകൾ ഉപയോഗിക്കുന്ന തന്ത്രമാണ് പഴിചാരൽ(Gaslighting). തെറ്റ് അവരുടെ ഭാഗത്താണെങ്കിലും നാർസിസ്റ്റുകൾ നിങ്ങളെ പഴിചാരാൻ ശ്രമിക്കുകയും കുറ്റം നിങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളിൽ തെറ്റില്ല എന്ന് നിങ്ങൾക്ക് പൂർണ ബോധ്യമുള്ള കാര്യമാണെങ്കിൽ പോലും പങ്കാളിയുടെ ഗ്യാസ് ലൈറ്റിങ്ങിലൂടെ നിങ്ങൾ നിങ്ങളെ തന്നെ സംശയിക്കുന്ന അവസ്ഥ വരാം. ഒടുക്കം നിങ്ങൾ ചെയ്യാത്ത തെറ്റിന് നിങ്ങൾക്ക് ക്ഷമാപണം നടത്തേണ്ടി വരാം. നാർസിസ്റ്റുമായുള്ള ബന്ധം നിങ്ങളെ അരക്ഷിതാവസ്ഥയിലേക്കെത്തിക്കും.
4. ആധിപത്യമനോഭാവം
അമിതമായ അഹങ്കാരവും മറ്റുള്ളവരെ കരുണയില്ലാതെ പരിഹസിക്കുക, താഴ്ത്തിക്കെട്ടുക എന്നിവയും നാർസിസ്റ്റുകളുടെ ആധിപത്യ മനോഭാവം കൊണ്ടാണ്. ഒരു നാർസിസ്റ്റ് മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കില്ല. നിങ്ങളുടെ പങ്കാളി നിങ്ങളോട് അയാൾ നിങ്ങളേക്കാൾ ശ്രേഷ്‌ഠനാണെന്ന രീതിയിൽ പെരുമാറാൻ തുടങ്ങിയാൽ അത് അയാൾ നാർസിസ്റ്റ് ആണെന്നതിന്‍റെ ലക്ഷണമാണ്.