വാഷിങ്ടണ്‍ : മങ്കിപോക്‌സ് രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പകരുകയാണ്. മങ്കിപോക്‌സ് വൈറസ് കാണപ്പെടാത്ത യൂറോപ്പിലും അമേരിക്കയിലുമാണ് ഇപ്പോള്‍ രോഗം പടരുന്നത്. രോഗം വ്യാപിച്ചത് സ്വവര്‍ഗരതിക്കാരായ പുരുഷന്‍മാരിലാണ്. ഇപ്പോഴത്തെ പൊട്ടിപ്പുറപ്പെടലില്‍ രോഗം ആദ്യം സ്ഥിരീകരിക്കുന്നത് മെയ് 7ന് യുകെയിലാണ്.
ഇപ്പോള്‍ മങ്കിപോക്‌സ് രോഗം പന്ത്രണ്ടോളം രാജ്യങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. ഇതുവരെ 200 പേര്‍ക്കാണ് സ്ഥിരീകരിക്കപ്പെട്ടത്. ഇതുവരെ രോഗം കാരണം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. കൂടുതല്‍ രാജ്യങ്ങളില്‍ മങ്കിപോക്‌സ് രോഗം വ്യാപിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ലോകാരോഗ്യ സംഘടന നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. മങ്കിപോക്‌സ് വൈറസ് സാധാരണ കണ്ടുവരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യാതിരുന്നവരില്‍ രോഗം കാണപ്പെടുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ യൂറോപ്പില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്‌തവരിലാണ്. എന്നാല്‍ ഇത്തവണ യൂറോപ്പിലെ പല രാജ്യങ്ങളിലും ഒരേസമയത്ത് മങ്കിപോക്‌സ് വൈറസ് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ യാത്രചെയ്യാത്തവരിലാണ് രോഗം കാണപ്പെടുന്നത്.
മങ്കിപോക്‌സ് ലൈംഗിക പകര്‍ച്ചവ്യാധിയല്ല. പക്ഷേ ഇപ്പോള്‍ രോഗം വ്യാപിച്ചവരില്‍ കൂടുതലും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരിലാണെന്ന് ലോകാരോഗ്യ സംഘടന അധികൃതര്‍ വ്യക്തമാക്കി. ലൈംഗിക പകര്‍ച്ചവ്യാധിയായി മങ്കിപോക്‌സ് രോഗത്തെ നിര്‍വചിച്ചിട്ടില്ലെങ്കില്‍ കൂടി ലൈംഗിക വേഴ്‌ചയ്ക്കിടെയുണ്ടാകുന്ന വളരെ തീവ്രമായ ശാരീരിക ബന്ധങ്ങളില്‍കൂടിയാകാം രോഗം പടര്‍ന്നതെന്നാണ് വിദഗ്‌ധര്‍ അനുമാനിക്കുന്നത്.
മങ്കിപോക്‌സ് രോഗം സാമൂഹ്യ വ്യാപനത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഇസിഡിസി(European Centre for Disease Prevention and Control) അറിയിച്ചു. ഇപ്പോഴത്തെ വ്യാപനം കൂടുതലും ഉണ്ടായത് ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവരിലാണെന്ന് ഇസിഡിസി പറയുന്നു. മങ്കിപോക്‌സ് വൈറസ് സാധാരണയായി കണ്ടുവരാത്ത ആഫ്രിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ മങ്കിപോക്‌സ് വ്യാപനം തടഞ്ഞുനിര്‍ത്താന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി.
കൊവിഡ് വ്യാപനവുമായി മങ്കിപോക്‌സിനെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. മങ്കിപോക്‌സിന്‍റെ വ്യാപനശേഷി വളരെ കുറവാണ്. ചര്‍മ്മവും ചര്‍മ്മവും തമ്മിലുള്ള ബന്ധം വഴിയാണ് രോഗം പകരുന്നത്. രോഗം പിടിപെട്ടവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നും ഡബ്ല്യുഎച്ച്ഒ അധികൃതര്‍ വ്യക്തമാക്കി.
മങ്കിപോക്‌സ് വൈറസിന് വകഭേദം സംഭവിച്ചു എന്നുള്ളതിന് ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. വകഭേദം സംഭവിക്കാന്‍ സാധ്യതയില്ലാത്ത ജനിതകമായി സ്ഥിരത കൈവരിച്ച വൈറസ് വിഭാഗത്തില്‍പ്പെടുന്നതാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.