കാസർകോട്: ടാറ്റ കൊവിഡ് ആശുപത്രിക്ക് പകരം കാസർകോട് സ്‌പെഷ്യാലിറ്റി നിലവാരത്തിൽ 50 കിടക്കകളുള്ള അതിതീവ്ര പരിചരണ വിഭാഗം ഒരുങ്ങും. ടാറ്റ ആശുപത്രി പുനർനിർമിക്കാനാണ് സർക്കാർ തീരുമാനം. ഇതിന്‍റെ ആദ്യഘട്ടമായി അതിതീവ്ര പരിചരണ വിഭാഗം ആരംഭിക്കാൻ 23.75 കോടി രൂപയും അനുവദിച്ചു.
ടാറ്റ കമ്പനി നിർമിച്ചു നൽകിയ പ്രീ ഫാബ്രിക്കേറ്റഡ് സംവിധാനം പൊളിച്ചുമാറ്റിയായിരിക്കും പുനർനിർമാണം. കൊവിഡ് കാലത്ത് ചട്ടഞ്ചാലിൽ ആരംഭിച്ച ടാറ്റ ആശുപത്രിയുടെ പ്രവർത്തനം നിലച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് താത്‌കാലിക പരിഹാരമായാണ് സർക്കാരിന്‍റെ പുതിയ നടപടി. 60 കോടി രൂപ ചെലവിൽ ടാറ്റ കമ്പനി നിർമിച്ച് നൽകിയ ആശുപത്രി സംവിധാനം ദീർഘകാലം ഉപയോഗിക്കാനാവില്ലെന്ന് കണ്ടെത്തിയതോടെ അവ പൊളിച്ചുനീക്കി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കാനാണ് നീക്കം.
'ടാറ്റ' എത്തിയതെങ്ങനെ: ടാറ്റ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്‌തൃതിയിലാണ് കൊവിഡ് ആശുപത്രി സ്ഥാപിച്ചത്. ടാറ്റ ട്രസ്‌റ്റ് സിഎസ്ആർ ഫണ്ടിൽ നിന്ന് 60 കോടിയിലേറെ തുക മുടക്കിയാണ് നിർമാണം നടത്തുന്നതെന്നാണ് അന്ന് ജില്ല ഭരണകൂടം അറിയിച്ചത്. കൂടാതെ ജില്ല ഭരണകൂടം 12 കോടി രൂപ ചെലവഴിച്ച് ദേശീയപാതയിൽ നിന്ന് ആശുപത്രിയിലേക്കുള്ള അപ്രോച്ച് റോഡും നിർമിച്ചിരുന്നു. തുടര്‍ന്ന് 2020 ഒക്‌ടോബറിലാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്.
ഇതുവരെ ഇവിടെ 4987 കൊവിഡ് രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. 1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്‌റ്റേര്‍സ്, എട്ട് ഓവര്‍ഫ്‌ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളായിരുന്നു. ആശുപത്രി യൂണിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിര്‍മാണവും ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി നിര്‍വഹിച്ചത്.
ഇനി 'കൊവിഡ് ആശുപത്രി' അല്ല: ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തര ഘട്ടങ്ങളില്‍ ടാറ്റ ഗ്രൂപ്പ് ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായി കാസര്‍കോടാണ് ആശുപത്രിയെത്തിയത്. എന്നാൽ കൊവിഡ് രോഗികൾ കുറഞ്ഞതോടെ ആശുപത്രി പൂർണമായും അടച്ചു പൂട്ടുകയായിരുന്നു. കൂടാതെ ടാറ്റ ആശുപത്രിയിൽ സർക്കാർ നേരത്തേ അനുവദിച്ച 188 ഓളം പുതിയ തസ്‌തികകൾ പിന്നീട് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
അതേസമയം ആശുപത്രി പൂർണമായി പ്രവർത്തനമാരംഭിക്കുന്നതോടെ ഈ തസ്‌തികകൾ ഇവിടേക്ക് തിരികെയെത്തും. ടാറ്റ കൊവിഡ് ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം നിയമസഭയിൽ ഉയർത്തിയിരുന്നതായും അതിന്മേലാണ് ഇപ്പോൾ അനുകൂലമായ നടപടി സർക്കാർ ആരംഭിച്ചതെന്ന് സി.എച്ച് കുഞ്ഞമ്പു എംഎൽഎ പറഞ്ഞു. ഇതുപ്രകാരം ആശുപത്രി സ്ഥിതി ചെയ്യുന്ന റവന്യൂ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുടെ അനുബന്ധ ഘടകമായി ആയിരിക്കും ആശുപത്രി പ്രവർത്തനം ക്രമീകരിക്കുക.