പുരുഷന്‍മാരിലെ വന്ധ്യതയുടെ വ്യാപ്‌തി വെളിപ്പെടുത്തി പുതിയ കണക്കുകള്‍. 2020ല്‍ IVF(In vitro fertilization) നടത്തപ്പെട്ടതില്‍ മൂന്നിലൊന്നിലും പുരുഷ വന്ധ്യത കണ്ടെത്തിയിട്ടുണ്ടെന്ന് ANZARD(Australia and New Zealand Assisted Reproduction Database) കണക്കുകള്‍ വ്യക്തമാക്കുന്നു. പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രശ്‌നങ്ങളും പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കില്ലെങ്കിലും പുംബീജത്തിന്‍റെ മേന്മ ജീവിത ശൈലി വ്യത്യാസപ്പെടുത്തുന്നതിലൂടെ വര്‍ധിപ്പിക്കാന്‍ സാധിക്കും. അത് സ്വഭാവികമായി തന്നെ ബീജസംയോഗം നടന്ന് പ്രത്യുല്‍പ്പാദനത്തിന് വഴിയൊരുക്കുന്നു.
പുരുഷ ലൈംഗിക അവയവത്തിലെ വൃഷണങ്ങള്‍ ഗര്‍ഭധാരണം നടക്കാന്‍ ആവശ്യമായ പുംബീജങ്ങള്‍ ഉല്‍പ്പാദിപ്പിക്കാത്തതാണ് ഭൂരിപക്ഷം പുരുഷ വന്ധീകരണത്തിനും കാരണം. പുംബീജത്തിന്‍റെ കൗണ്ട് കുറയുക, അവ ശരിയായി സഞ്ചരിക്കാതിരിക്കുക, അസാധാരണമായ ആകൃതിയിലുള്ള പുംബീജങ്ങളുടെ അനുപാതം കൂടുക എന്നിവ അണ്ഡാശയത്തില്‍ നിന്ന് ഉല്‍സര്‍ജിക്കപ്പെടുന്ന അണ്ഡവുമായി പുംബീജം സംയോജിച്ച് ബീജസംയോഗം നടക്കുന്നതിനുള്ള സാധ്യത കുറയ്‌ക്കുന്നു . ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും പുരുഷ വന്ധ്യതയുടെ കാരണം ഇന്നതാണെന്ന് പറയുക പ്രയാസമാണ്.
പുരുഷ വന്ധ്യതയുടെ കാരണം ഇന്നതാണെന്ന് തറപ്പിച്ച് പറയാന്‍ സാധിക്കുന്നത് 40 ശതമാനം കേസുകളില്‍ മാത്രമാണ് എന്നാണ് കണക്കാക്കുന്നത്. ജനിതകപരമായ കാരണങ്ങള്‍, അണുബാധ, വൃഷണത്തിന് സംഭവിക്കുന്ന പരിക്ക്, കാന്‍സര്‍ ചികിത്സ മുതലായവ കാരണം പുംബീജങ്ങളുടെ ഉല്‍പ്പാദനം ശരിയായി നടക്കാതിരിക്കുന്നത് തുടങ്ങിയവ വന്ധീകരണത്തിന്‍റെ കാരണങ്ങളാണ്. ചില പുരുഷന്‍മാരിലെ ശുക്ലസ്ഖലനത്തില്‍ പുംബീജങ്ങള്‍ ഉണ്ടാവില്ല. ഈ അവസ്ഥയെ അസൂസ്പര്‍മിയ(Azoospermia) എന്നാണ് വിളിക്കുന്നത്.
വന്ധ്യതയ്‌ക്ക് വഴി വയ്ക്കുന്ന കാരണങ്ങള്‍: വൃഷണങ്ങളില്‍ നിന്ന് പുംബീജങ്ങളെ മൂത്രനാളിയില്‍ എത്തിക്കുന്ന ബീജവാഹികളില്‍ തടസം ഉണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കാം. ഇത്തരത്തിലുള്ള തടസം ജന്മന ഉണ്ടാകാം. പുരുഷ വന്ധീകരണമായ വസ്‌കടമി നടത്തിയാലും ശുക്ലത്തില്‍ പുംബീജങ്ങള്‍ ഉണ്ടാവില്ല.
തുടര്‍ച്ചയായ അല്ലാത്തതും ഗര്‍ഭധാരണത്തിന് അനുയോജ്യമല്ലാത്തതുമായ സമയങ്ങളിലുള്ള ലൈംഗിക ബന്ധം ബീജസംയോഗം നടക്കാതിരിക്കാന്‍ കാരണമാകും. ഉദ്ദാരണക്കുറവ് ശുക്ലസ്‌ഖലനം ഉണ്ടാകാതിരിക്കുക തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പുരുഷ വന്ധ്യതയുടെ കാരണങ്ങളാണ്. അപൂര്‍വമായി തലച്ചോറിലെ പിറ്റുയിറ്ററി ഗ്രന്ധിയില്‍ നിന്നുള്ള ഹോര്‍മണുകളുടെ സിഗ്‌നലുകളിലെ കുറവും പുരുഷ വന്ധീകരണത്തിന് കാരണമാകുന്നുണ്ട്. പല ഹോര്‍മോണുകളും ഉല്‍പ്പാദിപ്പിക്കുന്നതും നിയന്ത്രിക്കുന്നതുമായി ഗ്രന്ധിയാണ് പിറ്റുറ്ററി ഗ്രന്ധി.
പിറ്റുയിറ്ററി ഗ്രന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനിതകപരമായും സംഭവിക്കാം അതേപോലെ തന്നെ പിറ്റുയിറ്ററി ട്യൂമര്‍ മൂലവും സംഭവിക്കാം. ഹോര്‍മോണ്‍ ചികിത്സ ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ചെയ്യുന്നതാണ്.
ജീവിത ശൈലി രോഗങ്ങള്‍ പുംബീജത്തിന്‍റെ നിലവാരം കുറച്ച് പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകുന്നു. പൊണ്ണത്തടി, പ്രമേഹം എന്നിവയാണ് പുംബീജങ്ങളുടെ ആരോഗ്യം കുറയ്‌ക്കുന്നത്. രാസവസ്‌തുക്കളുടെ സാമിപ്യവും, അമിതമായ പുകവലിയും മയക്കു മരുന്നുകളുടെ ഉപയോഗവും വന്ധ്യതയുടെ ആക്കം കൂട്ടും.
ICSI പ്രതീക്ഷ നല്‍കുന്നു: കുഞ്ഞുങ്ങള്‍ ഉണ്ടാവത്തതിന് കാരണം പുരുഷ വന്ധ്യതയാണെങ്കില്‍ ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുണ്ടാവാനായി ദമ്പതികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചികിത്സയാണ് ICSI(Intracytoplasmic Sperm Injection). IVF ചികിത്സയ്‌ക്ക് തുല്യമാണ് ICSIഉം. ഒരു വ്യാത്യാസം ICSIയില്‍ ഒരൊറ്റ പുംബീജം ഒരോ അണ്ഡത്തിലും അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നേരിട്ട് ഇന്‍ജക്‌റ്റ് ചെയ്യുന്നു.
IVFല്‍ ചെയ്യുന്നത് ആയിരകണക്കിന് പുംബീജങ്ങള്‍ ഒരോ അണ്ഡത്തിലും ചേര്‍ക്കുകയാണ്. അതിലേതങ്കിലും ഒന്നില്‍ ബീജസംയോഗം നടക്കും എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത്. ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാവത്തതിന്‍റെ കാരണം പുരുഷ വന്ധ്യത എന്ന ഘടകമല്ലെങ്കില്‍ ICSIക്ക് IVFനെ അപേക്ഷിച്ച് എന്തെങ്കിലും നേട്ടമില്ല.
പുംബീജത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുക എന്നുള്ളത് പ്രധാനമാണ്. ഇതിനായി പല കാര്യങ്ങളും നമുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. പുംബീജം പൂര്‍ണാവസ്ഥയില്‍ എത്തണമെങ്കില്‍ മൂന്ന് മാസം എടുക്കും. അതുകൊണ്ട് തന്നെ കുഞ്ഞുണ്ടാകാന്‍ ശ്രമിക്കുന്നതിന് മൂന്ന് മാസം മുമ്പായി ആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് മാറുന്നത് ബീജസംയോഗം നടക്കുന്നതിനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും സഹായിക്കും.
പുംബീജങ്ങളുടെ നിലവാരം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍: സിഗററ്റില്‍ അടങ്ങയിരിക്കുന്ന ആയിരകണക്കിന് രാസവസ്‌തുക്കള്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെ എന്ന പോലെ നിങ്ങളുടെ പുംബീജത്തേയും ബാധിക്കുന്നു. നല്ലവണ്ണം പുകവലിക്കുന്ന ആളില്‍ പുംബീജങ്ങളുടെ ഉല്‍പ്പാദനം കുറവായിരിക്കും. കൂടാതെ പുകവലിക്കാരില്‍ പുംബീജങ്ങളുടെ രൂപമാറ്റം സംഭവിച്ച് അതിന്‍റെ ചലനത്തെ ബാധിക്കുകയും അതുകൊണ്ട് തന്നെ അണ്ഡവാഹിയില്‍ എത്തി അണ്ഡവുമായി സംയോജിക്കാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടാക്കുന്നു.
പുകവലി പുംബീജത്തിന്‍റെ ഡിഎന്‍എയേയും അപകടകരമായ രീതിയില്‍ ബാധിക്കുന്നു. ഇത് ജനിക്കുന്ന കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഗര്‍ഭം അലസുന്നതിലേക്കും ഇത് നയിച്ചേക്കാം. ഗര്‍ഭധാരണ സമയത്ത് ദിവസം ഇരുപത് സിഗരറ്റിലേറെ വലിക്കുന്ന പിതാവിന്‍റെ കുട്ടിക്ക് രക്താര്‍ബുദം വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനം. ഗര്‍ഭ ധാരണവുമായി ബന്ധപ്പെട്ട് പുകവലിയിലൂടെ ഉണ്ടാകുന്ന പ്രശ്‌നം പുകവലി നിര്‍ത്തുന്നതിലൂടെ മാറ്റാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിലൂടെ കുട്ടികള്‍ ഉണ്ടാവാനും കുട്ടികളുടെ ആരോഗ്യത്തിനും പുകവലി ഉപേക്ഷിക്കണം.
അമിതവണ്ണമുള്ള ആളുടെ പുംബീജത്തിന്‍റെ നിലവാരം കുറവായിരിക്കും. അമിതവണ്ണം ലൈംഗിക താല്‍പ്പര്യകുറവിനും ഉദ്ധാരണക്കുറവിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ അമിതവണ്ണം കുറയ്‌ക്കുക പ്രധാനമാണ്. വ്യായമവും സമീകൃത ആഹാരവും ഇതിന് പ്രധാനമാണ്. അമിതഭാരത്തില്‍ നിന്ന് കുറച്ച് കിലോഗ്രാം കുറഞ്ഞാല്‍ തന്നെ നിങ്ങളുടെ പുംബീജത്തിന്‍റെ ഗുണമേന്മ കൂടുന്നു.
കഞ്ചാവ്, കൊക്കെയിന്‍, ഹെറോയിന്‍ തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ വര്‍ജിക്കുക എന്നത് ലൈംഗിക ആരോഗ്യത്തിന് പ്രധാനമാണ്. ഈ ലഹരിപദാര്‍ഥങ്ങള്‍ പുരുഷഹോര്‍മാണായ ടെസ്‌റ്റോസ്റ്ററോണിന്‍റെ അളവ് കുറയ്‌ക്കുകയും ലൈംഗിക ഉത്തേജനം നഷ്‌ടപ്പെടുത്തുകയും ചെയ്യുന്നു. അമിതമായ മദ്യപാനം പുംബീജത്തിന്‍റ അളവും നിലവാരവും കുറയ്‌ക്കുന്നു.
സാധാരണഗതിയില്‍ ജീവിതവസാനം വരെ പുരുഷന്‍മാരില്‍ പുംബീജം ഉല്‍പ്പാദിപ്പിക്കപ്പെടും. എന്നിരുന്നാലും നാല്‍പ്പത് വയസില്‍ കുറവുള്ള പുരുഷന്‍മാര്‍ക്ക് ഗര്‍ഭധാരണം ഉണ്ടാക്കാനുള്ള സാധ്യത പ്രായമായവരേക്കാല്‍ കൂടുതലാണ്. പ്രായം കൂടുന്തോറും പുരുഷന്‍മാരിലെ പുംബീജത്തിന്‍റെ നിലവാരം കുറയുന്നു.
അതുകൊണ്ട് തന്നെ പ്രായമായ പങ്കാളികളുള്ള സ്ത്രീകളില്‍ ഗര്‍ഭം അലസാനും കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ കുഞ്ഞുണ്ടാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അധികം താമസിപ്പിക്കുന്നത് നല്ലതല്ല.
ലൈംഗിക വേഴ്‌ചയിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍, പ്രത്യേകിച്ച് ചികിത്സിക്കപ്പെടാത്തവ പുംബീജത്തിന്‍റെ നിലവാരം കുറയ്‌ക്കുകയും ബീജവാഹിയില്‍ ബ്ലോക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതിന്‍റെ ഫലമായി പുംബീജം വൃഷണത്തില്‍ നിന്ന് പ്രോസ്റ്റേറ്റ് ഗ്രന്ധിയില്‍ എത്തി അത് ഉല്‍പ്പാദിപ്പിക്കുന്ന ദ്രവവുമായി ചേരാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ലൈംഗികവേഴ്‌ചയിലൂടെ പകരുന്ന രോഗങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കോണ്ടം ഉപയോഗിക്കണം. അതുപോലെ തന്നെ ലൈംഗിക പകര്‍ച്ചവ്യാധികളുണ്ടായാല്‍ ഉടനെ ചകിത്സ തേടേണ്ടതും അനിവാര്യമാണ്.