ഇന്ന് ലോക പ്രണയ ദിനം. പ്രിയപ്പെട്ടവരെ ചേര്‍ത്തു പിടിക്കുക, അവര്‍ക്ക് സമ്മാനങ്ങളും സര്‍പ്രൈസുമൊരുക്കി കാത്തിരിക്കുയും ചെയ്യുക എന്നത് ഈ ദിവസത്തിന്‍റെ പ്രത്യേകതയാണ്. എന്നാല്‍, വാലന്‍റൈന്‍സ് ഡേ എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ എല്ലാം മനസില്‍ ഓടിയെത്തുന്നത് ചുവപ്പ് നിറമാണ്. ഈ ദിവസത്തില്‍ ചുവപ്പിന് എന്ത് കൊണ്ടാണ് ഇത്രയുമധികം പ്രാധാന്യമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?.
ഒരു പക്ഷേ, ഈ ദിവസത്തിന് ഏറെ ഭംഗി നല്‍കുന്നത് ചുവപ്പ് നിറം തന്നെയാണ് എന്നതില്‍ സംശയമില്ല. കാരണം, നമ്മുടെ വികാരങ്ങള്‍ പ്രകടമാക്കാന്‍ ചുവപ്പിന് അല്ലാതെ മറ്റൊരു നിറത്തിന് കഴിയില്ല എന്നതാണ് വാസ്‌തവം. ശക്തമായ നമ്മുടെ വികാരങ്ങള്‍ പ്രകടമാക്കുക എന്നത് പോലെ തന്നെ സ്‌നേഹം, ഇച്ഛാശക്തി തുടങ്ങിയവ പ്രകടമാക്കാന്‍ ചുവപ്പ് എന്ന നിറത്തിന് കഴിയും.
പ്രണയം പൂക്കുന്ന ദിനം: വാലന്‍റൈന്‍സ് ഡേയ്‌ക്ക് കമിതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോസാപ്പൂക്കള്‍. ചുവന്ന റോസാപ്പൂക്കള്‍ക്ക് വന്‍ ഡിമാന്‍റാണ് ഈ ദിവസങ്ങളിലുള്ളത്. ഇപ്പോള്‍ മാത്രമല്ല, നൂറ്റാണ്ടുകളായി വാലന്‍റൈന്‍സ് ഡേയ്‌ക്ക് മുടങ്ങാതെ ഉപയോഗിക്കുന്ന ഒന്നാണ് ചുവന്ന റോസാപ്പൂക്കള്‍.
ഹാര്‍ട്ട് രൂപത്തിലുള്ള സമ്മാനങ്ങള്‍, റോസാപ്പൂക്കള്‍, വിവാഹ വസ്‌ത്രങ്ങള്‍, അമ്പും വില്ലുമായി നില്‍ക്കുന്ന മാലാഖ തുടങ്ങിവയെല്ലാം കാണുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക സ്‌നേഹം, റൊമാന്‍സ് എന്നിവയൊക്കെയാണ്. ഈ ദിവസത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുമ്പോള്‍ ചുവപ്പ് നിറം തന്നെയാണ് നാം തിരഞ്ഞെടുക്കുക. എന്തുകൊണ്ടാണ് ചുവപ്പ് ഇത്രയുമധികം ശക്തമായ നിറമായത് എന്നതിന് നിരവധി കാരണങ്ങളാണുള്ളത്.
ഹൃദയം തൊടും പ്രണയം: ഏറ്റവുമാദ്യം, ചുവപ്പ് എന്ന നിറം ഏറ്റവുമധികം പ്രതിനിധീകരിക്കുന്നത് സ്‌നേഹത്തിന്‍റെയും വികരത്തിന്‍റെയും ചിഹ്നമായ ഹൃദയത്തെയാണ്. ഹൃദയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ നമ്മുടെയെല്ലാം മനസിലേക്ക് ഓടിയെത്തുക കടും ചുവപ്പ് നിറമാണ്. മറ്റൊരു തലത്തില്‍ ഉന്മാദവും ആകാംഷയും വികാരവും ആത്മവിശ്വാസവും ധൈര്യവും പ്രകടമാക്കുന്ന നിറമായും ചുവപ്പിനെ സൂചിപ്പിക്കാറുണ്ട്.
ഒറ്റ നോട്ടത്തില്‍ ചുവപ്പ് എന്ന നിറം കാണുമ്പോള്‍ ആവേശവും അഭിനിവേശവുമായിരിക്കും മനസിലേക്ക് ഓടിയെത്തുക. മാത്രമല്ല, ചുവപ്പ് നിറമുള്ള വസ്‌ത്രം ധരിക്കുന്നവര്‍ക്ക് ഭാഗ്യവും നന്മയും കൈവരിക്കുമെന്നാണ് പല ആചാരങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള വിശ്വാസം. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഗ്രീക്ക്, ഹീബ്രു സംസ്‌കാരങ്ങളിലുള്ളവര്‍ പൂര്‍വ കാലം മുതല്‍ തന്നെ ചുവപ്പിനെ സ്‌നേഹത്തിന്‍റെ ചിഹ്നമായായിരുന്നു സൂചിപ്പിച്ചിരുന്നത്.
നീയെന്ന റോസാപ്പൂവ്: 13-ാം നൂറ്റാണ്ടിന്‍റെ മധ്യകാലഘട്ടങ്ങളില്‍ ഏറ്റവും പ്രശസ്‌തമായ ഒരു കവിതയാണ് 'റോമന്‍ ഡി ലാ റോസ്'(റൊമാന്‍സ് ഓഫ് ദി റോസ്). അടച്ചിടപ്പെട്ട പൂന്തോട്ടത്തില്‍ ചുവന്ന റോസാപ്പൂവ് അന്വേഷിച്ചിറങ്ങിയ കവിയെയാണ് കവിതയില്‍ പ്രതിനിധീകരിക്കുന്നത്. ചുവന്ന റോസാപ്പൂ എന്നത് കവിയുടെ പ്രണയിനിയേയാണ് സൂചിപ്പിക്കുന്നത്.
മാത്രമല്ല, ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഒരു നിറമാണ് ചുവപ്പ്. യുഎസ്, യൂറോപ്പ്. ഏഷ്യ അങ്ങനെ ലോകത്തിന്‍റെ ഏത് കോണിലായാലും ചുവപ്പ് എന്നത് സ്‌നേഹത്തിന്‍റെ നിറമാണ്. അതിനാല്‍ തന്നെയാണ് ലോകം മുഴുവന്‍ പ്രണയദിനത്തില്‍ ചുവപ്പിനാല്‍ അലങ്കൃതമാകുന്നത്.
അതിനാല്‍ തന്നെ, ഈ പ്രണയദിനത്തില്‍ നിങ്ങള്‍ ചുവന്ന പൂക്കളാല്‍ അലങ്കരിച്ച ബൊക്കെ സമ്മാനിക്കുന്നത്, ചുവന്ന വസ്‌ത്രം ധരിക്കുന്നത്, നിങ്ങളുടെ അലങ്കാര വസ്‌തുക്കളില്‍ ചുവന്ന നിറം ഉള്‍പെടുത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ പ്രണയത്തെ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കും. പ്രണയദിനാശംസകള്‍..........