വേനല്‍ക്കാലത്തെ കാലാവസ്ഥ കുഞ്ഞുങ്ങളുടെ ചര്‍മത്തെയും ആരോഗ്യത്തെയും ബാധിക്കും. വായു, വിയര്‍പ്പ്, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയിലടങ്ങിയിരിക്കുന്ന മലീനീകരണങ്ങള്‍ വിവിധയിനം ചര്‍മ രോഗങ്ങള്‍ക്ക് കാരണമാകും. വേനല്‍ക്കാലത്തെ അധികഠിനമായ ചൂടില്‍ നിന്നും കുഞ്ഞുങ്ങളുടെ ആരോഗ്യവും ചര്‍മവും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളില്‍ കാണുന്ന പ്രധാന രോഗങ്ങളും അവയെ പ്രതിരോധിക്കുന്നതിനുള്ള പരിഹാര മാര്‍ഗങ്ങളുമാണ് താഴെ.
ദഹനസംബന്ധമായ പ്രശ്നങ്ങൾ: കുഞ്ഞുങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ അറിയാതെ വയറിനകത്ത് എത്തുന്ന ബാക്ടീരിയ, വൈറസുകൾ, വിഷവസ്തുക്കൾ എന്നിവയാണ് ദഹന പ്രക്രിയയില്‍ വിവിധ പ്രശ്നങ്ങളുണ്ടാക്കുന്നത്. ശിശുക്കളിലുണ്ടാകുന്ന വയറിളക്കം സാധാരണമാണ്. എന്നാല്‍ സ്കൂളില്‍ പോവുന്ന കുട്ടികളിലും ഭക്ഷ്യ വിഷബാധ കൂടുതലായും കാണപ്പെടുന്നു. വയറുവേദന, അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ മറ്റ് പ്രശ്നങ്ങളും വേനല്‍ക്കാലത്ത് വ്യാപകമാണ്.
പനി, ചുമ, ജലദോഷം: 5 വയസിന് താഴെയുള്ള കുട്ടികൾക്ക് വർഷത്തില്‍ ഇടയ്ക്കിടക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിലൂടെയും കുട്ടിയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ശ്രമിക്കുക.
ചൂടുകുരു, തിണര്‍പ്പ്: വേനല്‍ക്കാലത്തെ അധികഠിനമായ ചൂട് ശരീരത്തില്‍ ചൂട് കുരു അല്ലെങ്കില്‍ തിണര്‍പ്പ് എന്നിവയുണ്ടാകാന്‍ കാരണമായേക്കാം. ചൂട് അധികരിക്കുമ്പോള്‍ കുട്ടികളിലുണ്ടാകുന്ന വിയര്‍പ്പ് ശരീരത്തിലെ മടക്കുകളിലും അതുപോലെ വിയര്‍പ്പിന് പുറത്ത് വരാന്‍ കഴിയാതെ ചര്‍മത്തിന് കീഴിലും കുടുങ്ങുന്നു. ഇതാണ് കുട്ടികളില്‍ തിണര്‍പ്പിന് കാരണമാകുന്നത്. ചെറിയ ചൊറിച്ചില്‍, കുമിളകള്‍, ചെറിയ മുഴകള്‍ എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍.
തിണർപ്പ്: ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ചൂട് തിണർപ്പിലേക്ക് നയിച്ചേക്കാം. വിയർപ്പ് ചർമത്തിന്‍റെ മടക്കുകളിലും ചർമത്തിന് കീഴിലും കുടുങ്ങുന്നു, ഇത് കുട്ടികളെ ചൂടുള്ള തിണർപ്പിന് ഇരയാക്കും. ചെറിയ, ചൊറിച്ചിൽ മുഴകൾ അല്ലെങ്കിൽ കുമിളകൾ പോലുള്ള ലക്ഷണങ്ങൾ അവർ കാണിക്കും.
പ്രാണികളുടെ കടി: കൊതുക് പോലുള്ള ചെറിയ പ്രാണികളുടെ ഉപദ്രവവും കുഞ്ഞുങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. ഇത്തരത്തില്‍ പ്രാണികളുടെ കടിയേറ്റ് കഴിഞ്ഞാല്‍ ശരീരത്തില്‍ വിവിധ തരത്തിലുള്ള ചൊറിച്ചിൽ, വീക്കം, ചുവപ്പ് എന്നിവയ്ക്ക് കാരണമാകും. ഇതിനെതിരെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കൊതുക് നിവാരണ മരുന്നുകള്‍ പോലുള്ള ഉപയോഗിക്കാം.
കരപ്പന്‍,വരട്ടുചൊറി: കുഞ്ഞുങ്ങള്‍ക്ക് കരപ്പന്‍ അല്ലെങ്കില്‍ വരട്ടുചൊറിയുണ്ടെങ്കില്‍ ശരീരമാസകലം ചൊറിച്ചില്‍ അനുഭവപ്പെടും. വേനല്‍ക്കാലത്ത് അധികമായുള്ള സൂര്യപ്രകാശവും ചൂടും ചര്‍മത്തിലെ വരള്‍ച്ചക്ക് കാരണമായേക്കാം.
സൂര്യാഘാതം: സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന ദോഷകരമായ അള്‍ട്ര വയലറ്റ് രശ്മികള്‍ കുഞ്ഞുങ്ങളുടെ ശരീരത്തിലുണ്ടാകുന്ന പൊള്ളല്‍, വീക്കം, എന്നിവക്ക് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് വിദഗ്ധരായ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന സണ്‍ ക്രീമുകള്‍ ഉപയോഗിക്കുക. വെയിലുള്ള കാലാവസ്ഥയില്‍ പുറത്തിറങ്ങുമ്പോള്‍ ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുന്നത് പതിവാക്കുക.
നിർജലീകരണം: കുഞ്ഞുങ്ങളില്‍ കാണുന്ന മാറ്റൊരു പ്രധാന പ്രശ്നമാണ് നിര്‍ജലീകരണം അല്ലെങ്കില്‍ ശരീരത്തില്‍ ആവശ്യമായ വെള്ളത്തിന്‍റെ അളവ് കുറയുകയെന്നത്. കുഞ്ഞുങ്ങള്‍ എപ്പോഴും വെള്ളം കുടിക്കാന്‍ മറന്ന് പോവുന്നതാണ് നിര്‍ജലീകരണത്തിന് പ്രധാന കാരണമാകുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
വേനല്‍ക്കാലത്ത് ശിശുക്കള്‍ക്കുള്ള ഉത്തമമായ ഭക്ഷണ ക്രമങ്ങള്‍
വാഴപ്പഴം: വാഴപ്പഴത്തില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഒരു വാഴപ്പഴമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്ന് വിദഗ്‌ദര്‍ പറയുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളെ ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും നിലനിർത്തുന്നതിനും സഹായിക്കുന്നു. മാത്രമല്ല കുട്ടികളിലെ ബുദ്ധി വളര്‍ച്ചക്കും വാഴപ്പഴം ഏറെ ഉത്തമമാണ്.
തേങ്ങാവെള്ളം: ധാരാളമായി അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ക്ക് പുറമെ ഇലക്ട്രോലൈറ്റുകളാല്‍ സമ്പന്നമാണ് തേങ്ങവെള്ളം. തേങ്ങവെള്ളത്തിന് നല്ല രുചിയുള്ളതിനാല്‍ കുട്ടികള്‍ക്കും ഇത് വളരെ ഇഷ്ടമാകും. വേനല്‍ക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് തേങ്ങവെള്ളം കൊടുക്കുന്നത് ശരീരത്തില്‍ ആരോഗ്യവും ജലാംശവും നിലനിര്‍ത്തുന്നതിനും സഹായകമാവുന്നു.
മാമ്പഴം: മാമ്പഴം വളരെയധികം രുചികരമാണ്. എന്നാല്‍ രുചിയെക്കാളെറെ ഇത് നമ്മുടെ ശരീരത്തിന് ആരോഗ്യവും നല്‍കുന്ന ഒന്നാണ്. വിറ്റാമിൻ എ, സി, ഡി, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളാൽ സമ്പന്നമാണ് മാമ്പഴം. എന്നിരുന്നാലും മാമ്പഴം കഴിക്കുന്നതിന് രണ്ട് മണിക്കൂറെങ്കിലും ഇവ വെള്ളത്തില്‍ ഇട്ട് വെക്കുന്നതാണ് ഉത്തമം.
പപ്പായ: വേനല്‍ക്കാലത്ത് കുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മലബന്ധം. ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് പപ്പായക്ക് പ്രത്യേക കഴിവുണ്ട്. ദിവസേന കുഞ്ഞുങ്ങള്‍ക്ക് പപ്പായ നല്‍കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. കുട്ടികളെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും പല്ലിന്‍റെയും എല്ലിന്‍റെയും വളര്‍ച്ചക്കും പപ്പായ സഹായകമാവുന്നു. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവരിലും ആരോഗ്യം നിലനിര്‍ത്തുന്നതിനും പപ്പായ വളരെ ഉത്തമമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സ്ട്രോബെറി: വേനൽക്കാലത്ത് കുട്ടികളില്‍ ഊർജസ്വലതയും ആരോഗ്യവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്ട്രോബെറിയും അല്ലെങ്കില്‍ അവ ഉപയോഗിച്ചുണ്ടാക്കുന്ന ഷെയ്ക്ക് പോലുള്ള ഭക്ഷണ പദാര്‍ഥങ്ങളും. ഇവ മിതമായ അളവില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനായി വിദഗ്‌ദര്‍ നിര്‍ദേശിക്കുന്നു. കുട്ടികള്‍ കൂടുതല്‍ ഊര്‍ജ്വസ്വലരാകുന്നതിനും ബുദ്ധി വികാസത്തിനും ഇവ അത്യുതമമാണ്.
also read:ഹോ എന്താ ചൂട്! വേനല്‍കാലത്ത് എപ്പോഴും കൂളാവാൻ ചില മാര്‍ഗങ്ങള്‍