നാട്ടില്‍ നടക്കുന്ന പല ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും പിറകില്‍ അമിതമായി പോണ്‍ ചിത്രങ്ങള്‍ കാണുന്ന സ്വഭാവ രീതി കാരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചില തരത്തിലുള്ള പോണ്‍ ചിത്ര ഉള്ളടക്കങ്ങള്‍, അതിക്രമങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും കാട്ടുന്നതിന് സ്വാധീനം ചെലുത്താന്‍ ഇടയുണ്ടെന്നാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു വിദഗ്ധൻ പറഞ്ഞത്. പോണ്‍ ചിത്രങ്ങള്‍ പതിവായി കാണുന്നവരില്‍ ‘ഇതാണ് ശരിയായ ജീവിത രീതി’ എന്നുള്ള ഒരു ചിന്ത സൃഷ്ടിക്കുമെന്നും അത് അവരുടെ യാഥാര്‍ഥ്യ ബോധത്തെ വികലമാക്കുന്നതിലേക്ക് നയിക്കുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.
“അമിതമായി പോണ്‍ ചിത്രങ്ങള്‍ കാണുന്നത് വിലക്കുകള്‍ ലംഘിക്കുവാനും വൈകാരികത ഉള്‍കൊള്ളാതെ പ്രവര്‍ത്തിക്കാനുമുള്ള മനസ്സ് സൃഷ്ടിക്കുകയും ‘ഇതാണ് ജീവിത രീതി’ എന്ന് ചിന്തിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീക്കുകയും ചെയ്യാന്‍ ഇടയുള്ളതിനാല്‍ അത് യാഥാര്‍ഥ്യ ബോധത്തെ വികലമാക്കുന്നതിലേക്ക് നയിക്കും'' ന്യൂ ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിലെ മാനസികാരോഗ്യ, പെരുമാറ്റരീതി ശാസ്ത്ര വിഭാഗം തലവനും ഡയറക്ടറുമായ സമീര്‍ പരീഖ് പറഞ്ഞു.
“അത് മാത്രമല്ല, ഏറെ അക്രമോത്സുകമായ ഉദ്ധാരണങ്ങള്‍ക്ക് അത് കാരണമാകും. അതോടു കൂടി ലൈംഗികതയെ ഒരു വ്യക്തി നോക്കി കാണുന്ന രീതിയെ തന്നെ അത് ബാധിക്കുകയും ചെയ്യും,'' പരീഖ് കൂട്ടിച്ചേര്‍ത്തു. പോണ്‍ ചിത്രങ്ങള്‍ കാണുന്നത് ചെറിയ പ്രായത്തില്‍ തന്നെ ആരംഭിച്ചാല്‍ ഇത്തരത്തിലുള്ള വിശ്വാസങ്ങളും സമീപനങ്ങളും പെരുമാറ്റ രീതികളുമൊക്കെ രൂപപ്പെടുന്നതിനും കൂടുതല്‍ പ്രതികരിക്കുന്നതിനുമൊക്കെയുള്ള സാധ്യത ആ വ്യക്തിയില്‍ വര്‍ധിക്കുമെന്നും വിദഗ്ധന്‍ പറയുന്നു.
ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്നതിന് ചില തരത്തിലുള്ള പോണ്‍ ചിത്രങ്ങള്‍ കാണുന്നതുമായി ബന്ധമുണ്ട് എന്നാണ് ന്യൂ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എഐഐഎംഎസ്) മനശാസ്ത്ര വിഭാഗം പ്രൊഫസറായ നന്ദ് കുമാര്‍ പറയുന്നത്. ഇത്തരം ചിത്രങ്ങള്‍ കാണുന്നത് അക്രമണോത്സുകതയും ലൈംഗിക കുറ്റകൃത്യവും കാട്ടുന്നതിനുള്ള സ്വാധീനം ചെലുത്തിയേക്കുമെന്നും, കാണുന്ന പോണ്‍ ചിത്രങ്ങളുടെ ഉള്ളടക്കത്തെ ആശ്രയിച്ചിരിക്കുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
“ആക്രമണോത്സുകമായ തരത്തിലുള്ള പോണ്‍ ചിത്രങ്ങള്‍ കാണുന്നത് ലൈംഗിക അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ചെയ്യുന്നതിന് കൂടുതല്‍ കാരണമാകും. ഒരു വ്യക്തിയുടെ വ്യക്തിത്വവും അതോടൊപ്പം തന്നെ പോണ്‍ ചിത്രങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്ന സമയവും ഇടവേളകളുമൊക്കെ അയാളുടെ പോണ്‍ ചിത്രങ്ങളുമായി ബന്ധപ്പെട്ട ലൈംഗിക കലാപ വാസനക്ക് കൂടുതല്‍ നിറം പകരും,'' നന്ദ്കുമാര്‍ പറഞ്ഞു.
ജേണല്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന വിശകലന പ്രകാരം പോണ്‍ ചിത്രങ്ങള്‍ കൂടുതലായി കാണുന്നത് കായികവും വാചികവുമായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് പറയുന്നു. വാചികമായ സ്വാധീനങ്ങളേക്കാള്‍ കൂടുതല്‍ കായികമായ ലൈംഗിക അതിക്രമങ്ങള്‍ ആണ് ഇത്തരം പോണ്‍ ചിത്രങ്ങള്‍ ഒരു വ്യക്തിയില്‍ സൃഷ്ടിക്കുന്നത്. അതേസമയം രണ്ടും നിര്‍ണ്ണായകമായ വസ്തുതകളാണെന്നും പഠനം പ്രത്യേകം എടുത്തു പറയുന്നു. കലാപകലുഷിതമായ ലൈംഗിക ഉള്ളടക്കങ്ങള്‍ ഇത്തരം പെരുമാറ്റ രീതികള്‍ തീവ്രമാക്കി മാറ്റുവാനുള്ള സാധ്യതയുടെ പൊതുവായ ഒരു പ്രവണത കണ്ടു വരുന്നതായും പഠനം പറയുന്നുണ്ട്.
“വിവിധ തരത്തിലുള്ള കടന്നുകയറ്റങ്ങൾ നടത്തൽ, ലൈംഗിക ഉപദ്രവങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ കാട്ടൽ എന്നിവയ്ക്ക് അതുമായി ബന്ധപ്പെട്ട ലൈംഗിക ചിത്രങ്ങള്‍ കാണുന്നതുമായി പരസ്പരം ബന്ധമുണ്ടെന്ന് ചില തെളിവുകള്‍ വ്യക്തമായും സൂചിപ്പിക്കുന്നുണ്ട്,'' പരീഖ് പറയുന്നു. “എല്ലാ തരത്തിലുമുള്ള കുറ്റകൃത്യങ്ങള്‍ക്കും പിറകില്‍ പോണ്‍ ചിത്രങ്ങള്‍ കാണുന്നതാണ് കാരണമെന്ന് പറയുന്നത് ശരിയല്ല. ഒട്ടേറെ മറ്റ് ഘടകങ്ങളും അതിനു കാരണമാകുന്നുണ്ട്. അതേ സമയം തന്നെ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ പോണ്‍ ചിത്രങ്ങള്‍ കാണുന്നതുമായി ഇതിന് ചില സഹ ബന്ധങ്ങളുമുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വ്യക്തി ഒരു ദിവസം പോണ്‍ ചിത്രങ്ങള്‍ കാണുന്നതിനായി ചിലവഴിക്കുന്ന സമയക്രമം അയാളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഉറക്കം, ജോലി, വിദ്യാഭ്യാസം, സാമൂഹിക ജീവിതം എന്നിവയൊക്കെ ബാധിക്കുന്നുണ്ട് എന്നും വിദഗ്ധര്‍ പരാമര്‍ശിക്കുന്നു. പോണ്‍ ചിത്രങ്ങള്‍ കാണുന്നതിന് അടിമയായി മാറിയവരെ ചികിത്സിക്കുമ്പോള്‍ സ്വയം തെറ്റു തിരുത്തല്‍, പെരുമാറ്റ രീതിയിലെ തിരുത്തലുകള്‍ വരുത്തല്‍, പ്രത്യേകിച്ച് ഡിജിറ്റല്‍ “വിഷ മുക്ത”മാക്കല്‍ എന്നിവയൊക്കെ പ്രത്യേകം നോക്കി കാണേണ്ടതുണ്ട്. ഒരു വ്യക്തി ശ്രദ്ധ തിരിച്ചു വിടാൻ മറ്റ് പല കാര്യങ്ങളിലും സ്വയം ഉള്‍പ്പെടുവാന്‍ ശ്രമിക്കുകയും അതോടൊപ്പം തന്നെ ഒരു വിദഗ്ധന്‍റെ സഹായം തേടുകയും ചെയ്യേണ്ടതുണ്ട്.
പോണ്‍ ചിത്രങ്ങള്‍ നിരോധിക്കുന്നത് പലര്‍ക്കും ഉപകാരപ്രദമാകുമോ എന്നുള്ള ചോദ്യത്തിന് പരീഖ് പറഞ്ഞ മറുപടി, ഇങ്ങനെ പോണ്‍ ചിത്രങ്ങള്‍ നിരോധിച്ചാല്‍ വ്യക്തികള്‍ പഴുതുകളിലൂടെ ഒന്നല്ലെങ്കില്‍ മറ്റൊരു വഴി കണ്ടെത്തുവാനുള്ള ശ്രമം നടത്തുകതന്നെ ചെയ്യും എന്നാണ്. “മാധ്യമ സാക്ഷരതയെ നമുക്ക് ഒരുപക്ഷെ ഇതിന് ഉപയോഗിക്കാവുന്നതാണ്. ശരിയായി തെരഞ്ഞെടുക്കേണ്ടത് എന്താണെന്ന് യുവജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുവാന്‍ അതിലൂടെ കഴിയും. യാഥാർത്ഥ്യം എന്ത്, വ്യാജം എന്ത് എന്നുള്ളതിന്‍റെ വ്യത്യാസം മനസ്സിലാക്കുവാന്‍ അവരെ കഴിവുള്ളവരാക്കണം. അവരില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തി സ്വന്തം സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് അവരെ മനസ്സിലാക്കിക്കുവാനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ട്,'' പരീഖ് പറഞ്ഞു.
“ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് പറയുകയാണെങ്കില്‍, ഒരു വ്യക്തിയുടെ ലൈംഗിക പെരുമാറ്റത്തെ പോണ്‍ ചിത്രങ്ങള്‍ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് പൊതു ജനങ്ങളെ മൊത്തത്തില്‍ ബോധവല്‍ക്കരിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള പാഠ്യവിഷയങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തണം എന്നാണ് എനിക്ക് പറയാനുള്ളത്,'' പരീഖ് കൂട്ടിച്ചേര്‍ത്തു.