കൊളംബോ: ശ്രീലങ്കയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധികാരണം മരുന്നുകള്‍ക്ക് നേരിടുന്ന ക്ഷാമം കണക്കിലെടുത്താണ് തീരുമാനം. ശ്രീലങ്കയിലെ ഗവണ്‍മെന്‍റ് മെഡിക്കല്‍ ഒഫിസേഴ്‌സ് അസോസിയേഷനാണ്(ജിഎംഒഎ) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രോഗികളുടെ ജീവന്‍ രക്ഷിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ജിഎംഒഎ സെക്രട്ടറി ഡോ:ഷെനല്‍ ഫെര്‍ണാണ്ടോ പറഞ്ഞു. സര്‍ക്കാറിന്‍റെ മേല്‍നോട്ടത്തിലെ പിഴവുകളാണ് മരുന്നുകളുടെ ദൗര്‍ലഭ്യത്തിലേക്ക് നയിച്ചതെന്ന് ജിഎംഒഎ കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കില്‍ മരുന്നുകളുടെ ക്ഷാമം വീണ്ടും രൂക്ഷമാകുമെന്നാണ് വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പൊതുജനാരോഗ്യം അവശ്യ സേവനമായി ഫെബ്രുവരി 12ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. പൊതുജനാരോഗ്യത്തെ അവശ്യ സേവനമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണമായിരുന്നുവെന്ന് ഫെര്‍ണാന്‍റോ പറഞ്ഞു. രാജ്യത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് നേരിടുന്ന ക്ഷാമത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ശ്രീലങ്കയില്‍ രാജ്യത്താകെ മൂന്ന് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സര്‍ക്കാറിന്‍റെ സമീപനത്തില്‍ പ്രതിഷേധിച്ച് കൊളംബോയില്‍ വലിയ ജനകീയ റാലികള്‍ പൊട്ടിപുറപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാജ്യത്താകെ അടിയന്തരാവസ്ഥയും പ്രസിഡന്‍റ് പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാനപാലനം ഉറപ്പുവരുത്താനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയത്.