ഹൈദരാബാദ്: വൻകുടലില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ വളരെയധികം ആശങ്കയുണ്ട്. കാരണം വന്‍കുടല്‍ കാന്‍സര്‍ സങ്കീര്‍ണമായൊരു രോഗമാണ്. എങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മെഡിക്കല്‍ രംഗത്ത് കൈവരിച്ച പുരോഗതി മൂലം ഇത്തരം രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും ശരിയായ ചികിത്സ ലഭ്യമാക്കാനും പൂര്‍ണമായി സുഖപ്പെടുത്താനും സാധിക്കുന്നു. ലോകത്തു തന്നെ കുറച്ച് വര്‍ഷങ്ങളായി വന്‍കുടല്‍ കാന്‍സര്‍ കേസുകള്‍ വര്‍ധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിൽ വൻകുടലിലെ കാൻസർ ഏറ്റവും സാധാരണമായ നാലാമത്തെ കാൻസറായാണ് അറിയപ്പെടുന്നത്. ഈ രോഗത്തിന്‍റെ കാരണങ്ങളെ കുറിച്ചും അവസ്ഥയെ കുറിച്ചുമെല്ലാം സർജിക്കൽ ഓങ്കോളജിസ്റ്റും കാൻസർ സർജനും ഇൻഡോർ കാൻസർ ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ ദിഗ്‌പാൽ ധർകര്‍ വ്യക്തമാക്കുന്നു. ഏത് പ്രായത്തിലും വരാവുന്ന ഒരു രോഗമാണ് വന്‍കുടല്‍ കാന്‍സര്‍. എന്നാല്‍ കൂടുതലും പ്രായമായവരിലാണ് ഈ രോഗം കാണപ്പെടുന്നതെന്ന് ഡോക്‌ടർ ദിഗ്‌പാൽ ധർകർ പറയുന്നു.
കാരണങ്ങള്‍ ഇവയൊക്കെ: വൻകുടലിന്‍റെ ഭിത്തിയുടെ ഏറ്റവും അകത്തെ പാളിയിലാണ് ഇത് സാധാരണയായി ബാധിക്കുന്നത്. മോശം ജീവിതശൈലി പ്രത്യേകിച്ച് മോശം ഭക്ഷണക്രമം വൻകുടലിലെ കാൻസറിനുള്ള ഏറ്റവും പ്രധാന കാരണമായി കണക്കാക്കാം. ചുവന്ന മാംസങ്ങളോ (Red Meat) അർബുദത്തിന് കാരണമായേക്കാവുന്ന മറ്റ് ഭക്ഷണങ്ങളോ വൻകുടൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. സാധാരണ ഭക്ഷണം കഴിച്ച് 90 മിനിറ്റിനുള്ളിൽ വയറ്റിലെത്തും. രണ്ടര മണിക്കൂറിനുള്ളിൽ അത് വൻകുടലിലൂടെ കടന്ന് മലാശയത്തിലും എത്തും. എന്നാല്‍ നിഷ്‌ക്രിയമായ ജീവിതശൈലി മലം ഉത്‌പാദിപ്പിക്കുന്നതിന്‍റെ വേഗത മന്ദഗതിയിലാക്കുന്നു. അത്തരം സാഹചര്യങ്ങളിൽ, നമ്മുടെ ഭക്ഷണത്തിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉണ്ടെങ്കിൽ അവ വൻകുടലിന്‍റെ ആന്തരിക പാളിയിലും മ്യൂക്കോസയ്ക്ക് മുകളിലുള്ള പാളിയിലും വളരെക്കാലം നിലനിൽക്കും. ഇത് വൻകുടലിനെ ബാധിക്കും.
ഇതുകൂടാതെ, നമ്മുടെ ജീവിതരീതികൾ ഉദാസീനമായാല്‍ വൻകുടലിലെ കാൻസർ മാത്രമല്ല, മറ്റ് പലതരം കാൻസറുകളുടെ സാധ്യതയും വർധിക്കുന്നു. നമ്മുടെ ഭക്ഷണക്രമത്തിൽ ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, പൂരിത ഭക്ഷണം (saturated food) എന്നിവയുടെ അളവ് വർധിക്കുന്നതും വന്‍കുടല്‍ കാന്‍സറിന് കാരണമാകും. ചിലപ്പോൾ ജനിതക കാരണങ്ങളും വന്‍കുടലിലെ കാൻസറിന് കാരണമാകാം. വൻകുടലിലെ ചെറിയ നോഡ്യൂളുകളുടെ രൂപത്തിലുള്ള പോളിപ്പുകളിൽ കാൻസർ കോശങ്ങൾ വളരാൻ തുടങ്ങുന്നു. ഇത് ഫാമിലിയല്‍ അഡിനോമാറ്റസ് പോളിപോസിസ് എന്നാണ് അറിയപ്പെടുന്നത്. ജനിതക കാരണങ്ങളാൽ, ഈ പോളിപ്‌സ് ചിലപ്പോൾ ആളുകളിൽ അർബുദത്തിന് മുമ്പുള്ളവയായിരിക്കാം. പ്രായാധിക്യവും വന്‍കുടല്‍ കാന്‍സറിന് ഒരു കാരണമാകാറുണ്ട്.
ലക്ഷണങ്ങള്‍ അവഗണിക്കേണ്ട: തുടർച്ചയായി രണ്ടോ മൂന്നോ മാസം നീണ്ടു നില്‍ക്കുന്ന മലവിസര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മലവിസർജന ദിനചര്യയിലെ മാറ്റം, മലം പോകാൻ കൂടുതൽ സമയമെടുക്കൽ, മലം പോകുമ്പോഴുള്ള ബുദ്ധിമുട്ട്, തൃപ്‌തികരമല്ലാത്ത മലവിസർജനം എന്നിവ ഭയാനകമായ ലക്ഷണങ്ങളായി കണക്കാക്കാമെന്ന് ഡോക്‌ടർ ധർകർ പറയുന്നു. കൂടാതെ മലത്തിൽ രക്തത്തിന്‍റെ അംശം, സ്ഥിരമായ വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്‌മ, ശരീര ഭാരം കുറയല്‍, വയറുവേദന എന്നിവയും വന്‍കുടല്‍ കാന്‍സറിന്‍റെ ലക്ഷങ്ങളാണ്.
കാന്‍സറിനെ അകറ്റി നിര്‍ത്താം നല്ല ജീവിതശൈലിയിലൂടെ: വൻകുടലിലെ കാൻസർ വരാതിരിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമവും ജീവിതശൈലിയും ആരോഗ്യകരമായി നിലനിര്‍ത്താനാണ്. പച്ചക്കറികൾ, പയറുവർഗങ്ങൾ, ധാന്യങ്ങൾ, സാലഡുകൾ എന്നിവയെല്ലാം ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങളാണ് ഇത്തരം ഭക്ഷ്യവസ്‌തുക്കളില്‍ അടങ്ങിയിട്ടുള്ളത്. ചുവന്ന മാംസത്തിന്‍റെ ഉപഭോഗവും അർബുദ പ്രവണതകളുള്ള മറ്റ് ഭക്ഷണക്രമങ്ങളും ഒഴിവാക്കുന്നതിനൊപ്പം ഇത്തരത്തിലുള്ള ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ നമുക്ക് വയറ്റിലെ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനും കാൻസറിനുള്ള സാധ്യത കുറയ്ക്കാനും കഴിയും. ഇതുകൂടാതെ, പുകവലിയും ലഹരിയും ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, കൃത്യമായ പരിശോധനകൾ നടത്തുക എന്നിവയും വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.
വിവിധ വകഭേദങ്ങള്‍ ഉണ്ടെങ്കിലും ശരിയായ രോഗനിർണയം നടത്തി പൂർണമായ ചികിത്സയും തുടർ മുൻകരുതലുകളും സ്വീകരിച്ചാല്‍ വന്‍കുടല്‍ കാന്‍സറില്‍ നിന്ന് മുക്തി നേടാനാകും. വന്‍കുടല്‍ കാന്‍സര്‍ രോഗിയുടെ ശരീരത്തിലെ രോഗത്തിന്‍റെ അവസ്ഥയേയും തീവ്രതയേയും ആശ്രയിച്ചിരിക്കുന്നു. സങ്കീർണമായ ഏതെങ്കിലും തരത്തിലുള്ള വൻകുടല്‍ കാൻസർ ബാധിച്ച ഒരു വ്യക്തിയുടെ ചികിത്സയിൽ കാലതാമസമുണ്ടാകുകയോ അല്ലെങ്കിൽ വൻകുടലിനു ചുറ്റുമുള്ള അവയവങ്ങളിലേക്ക് കാൻസർ പടരാൻ തുടങ്ങുകയോ ചെയ്‌താൽ അത് അപകടകരമാണ്.
നേരത്തെ അറിയാം, ചികിത്സ തേടാം: ഒരു പ്രത്യേക പ്രായത്തിന് ശേഷം, കുടുംബത്തിൽ ആര്‍ക്കെങ്കിലും വൻകുടല്‍ കാൻസർ വന്നിട്ടുള്ളവരും മലവിസര്‍ജനത്തിന് സ്ഥിരമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരും പതിവായി ഡോക്‌ടറെ സമീപിച്ച് പരിശോധന നടത്തണം. രണ്ടുമാസം കൂടുമ്പോൾ അവരുടെ മലം പരിശോധിക്കണം. രക്തത്തിലെ സിഇഎ (കാർസിനോംബ്രിയോണിക് ആന്‍റിജൻ) പരിശോധിക്കുന്ന 'ട്യൂമർ മാർക്കർ' എന്ന രക്തപരിശോധന ഉപയോഗിച്ചും ഇത്തരത്തിലുള്ള കാൻസർ നിർണയിക്കപ്പെടുന്നു. കാൻസർ ചികിത്സ പൂർത്തിയാക്കിയതിന് ശേഷമാണ് ഈ പരിശോധന നടത്തുന്നത്. അതിലൂടെ രോഗത്തിന്‍റെ അവസ്ഥയും അതിന്‍റെ പ്രത്യാഘാതങ്ങളും വ്യക്തിയിൽ രേഖപ്പെടുത്താൻ കഴിയും. ഇതുകൂടാതെ സോണോഗ്രാഫി, കൊളോനോസ്‌കോപ്പി തുടങ്ങിയ പരിശോധനകളുമുണ്ട്.
ഇന്‍ഡോര്‍ കാൻസർ ഫൗണ്ടേഷന്‍: രാജ്യത്തുള്ള ആളുകൾക്ക് കാൻസറിന്‍റെ ലക്ഷണങ്ങളും ചികിത്സയും സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിന് ഇൻഡോർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോര്‍ കാൻസർ ഫൗണ്ടേഷന്‍ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഡോക്‌ടര്‍ പറയുന്നു. ഫൗണ്ടേഷൻ 'കാൻസർ സങ്കേത്' മൊബൈൽ ആപ്ലിക്കേഷനും സൃഷ്‌ടിച്ചിട്ടുണ്ട്. അതിൽ ഒരു വ്യക്തിക്ക് കാൻസറിന്‍റെ ലക്ഷണങ്ങളെ കുറിച്ച് അറിയാനും ആ ലക്ഷണങ്ങൾ കാണുമ്പോൾ ശരിയായ സമയത്ത് ചികിത്സ തേടാനും കഴിയും. ഇതുകൂടാതെ, ഫൗണ്ടേഷൻ ഒരു കാൻസർ ഹോം കെയർ ആപ്പും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയിലെ 10 വ്യത്യസ്‌ത പ്രാദേശിക ഭാഷകളിൽ വിവിധ തരത്തിലുള്ള കാൻസറുകളെക്കുറിച്ചുള്ള വിവരങ്ങളും ഹോം കെയർ സൗകര്യങ്ങളും നൽകുന്നതിന് സഹായിക്കും.