കാസര്‍കോട് : ഭിന്നശേഷി കുട്ടികൾക്കായി ജില്ലയില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും സ്ഥാപിക്കും. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിന്‍റെ മാതൃകയിലുള്ള പുനരധിവാസ കേന്ദ്രമാണ് സ്ഥാപിക്കുക. ഭിന്നശേഷി കുട്ടികളുടെ പുനരധിവാസം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുനരധിവാസ കേന്ദ്രത്തിലൂടെ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളാർ കൊട്ടോടിയിലാണ് പുനരധിവാസ കേന്ദ്രം സ്ഥാപിക്കുക. ബിസിഎം കോളജിലെ ഹിന്ദി പ്രൊഫസര്‍ ആയിരുന്ന ലൂക്കയാണ് പുനരധിവാസ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള 16 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കുന്നത്. 2017ല്‍ കാസര്‍കോട് നടന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രയാസമേറിയ ജീവിതം നേരില്‍ കണ്ടാണ് പുനരധിവാസത്തിനായി മുന്നിട്ട് ഇറങ്ങിയത്.
തുടര്‍ന്ന് ഇത്തരം കുട്ടികളില്‍ സമഗ്രമായ മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2019ല്‍ തിരുവനന്തപുരത്ത് ഡിഫറന്‍റ് ആര്‍ട്ട് സെന്‍റര്‍ ആരംഭിച്ചത്.