ചൈനയിൽ കൊവിഡ് ഒമിക്രോണിന്‍റെ ഉപവകഭേദമായ ബിഎഫ് 7ന്‍റെ വ്യാപനത്തെത്തുടർന്ന് ഇന്ത്യയിലും മുൻകരുതൽ നടപടികൾ ആരംഭിച്ചിരിക്കുയാണ്. വളരെ കുറച്ച് കേസുകൾ മാത്രമേ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളു എങ്കിൽ പോലും മുൻകാലങ്ങളിലെ അപകടകരമായ സാഹചര്യം കണക്കിലെടുത്താണ് ഇവ തടയുന്നതിനുള്ള മുൻകരുതലുകൾ സർക്കാർ നേരത്തെ തന്നെ കൈക്കൊണ്ടത്.
ഇന്ത്യയിലെ നിലവിലെ കൊവിഡ് സാഹചര്യം ആശങ്കാജനകമല്ല. എന്നാൽ ചൈനയിൽ ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം ലോകരാജ്യങ്ങളെയാകെ ആശങ്കാകുലരാക്കിയിട്ടുണ്ട്. ചൈനയിൽ കൊവിഡിന്‍റെ ബിഎഫ് 7ന് വകഭേദം സ്ഥിരീകരിച്ചിട്ട് മാസങ്ങളായെങ്കിലും രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. പിന്നാലെയാണ് മുൻകരുതൽ നടപടിയെന്നോണം അണുബാധ വ്യാപിക്കാതിരിക്കാനുള്ള സുരക്ഷ നടപടികൾ രാജ്യങ്ങൾ സ്വീകരിക്കാൻ തുടങ്ങിയത്.
കൊവിഡ് വ്യാപനത്തിന്‍റെ തുടക്കം മുതൽ തന്നെ അതിന്‍റെ മാതൃ വൈറസായ സാർസ്- കോവ്-2 ൽ തുടർച്ചയായ മ്യൂട്ടേഷനുകൾ കണ്ടെത്തിയിരുന്നു. മ്യൂട്ടേഷൻ എന്നത് കൊവിഡ് വൈറസിന്‍റെ ഒരു പ്രവണതയെന്നാണ് വൈറോളജിസ്റ്റുകളുടെയും എപ്പിഡെമിയോളജിസ്റ്റുകളുടെയും കണ്ടെത്തൽ. സാർസ്- കോവ്-2 ന് ശേഷം ഡെൽറ്റ, ഡെൽറ്റ പ്ലസ്, ഒമിക്രോണ്‍ എന്നീ വകഭേദങ്ങളും വന്നുപോയി. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഈ വൈറസിന്‍റെ കൂടുതൽ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വ്യാപനശേഷി കൂടുതൽ: എന്നാൽ കൊവിഡ് വൈറസിന്‍റെ ഈ വകഭേദങ്ങളെക്കാൾ ഒമിക്രോണ്‍ വകഭേദമായ ബിഎഫ്.7 ജനങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ബിഎഫ്. 7 (മുഴുവൻ പേര് BA. 5.2.1.7) എന്നത് ഒമിക്രോണിന്‍റെ BA.5 ഉപ- പരമ്പരകളുടെ വളരെ വേഗത്തിൽ വ്യാപിക്കുന്ന ഒരു ഉപ-വകഭേദമാണ്. അതിനാൽ ഇതിന്‍റെ വ്യാപന ശേഷി വളരെ കൂടുതലായിരിക്കുമെന്നും എന്നാൽ രോഗതീവ്രത കുറവായിരിക്കുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കൊവിഡ് വാക്‌സിൻ എടുത്തവരിൽ പോലും ഈ വകഭേദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് കണ്ടെത്തൽ. കൊറോണയിൽ അടങ്ങിയിരിക്കുന്ന സ്പൈക്ക് പ്രോട്ടീനിലെ ഒരു പ്രത്യേക മ്യൂട്ടേഷൻ കൊണ്ടാണ് ഈ വേരിയന്‍റ് രൂപപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ ആന്‍റീബോഡിക്ക് ഈ വകഭേദത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കില്ല എന്നാണ് കണ്ടെത്തൽ. അതേസമയം BF.7 ന്‍റെ ലക്ഷണങ്ങൾ ഒമിക്രോണിന്‍റെ മറ്റ് ഉപവകഭേദങ്ങൾക്ക് സമാനമാണ്.
അവയിൽ ചിലത് ഇനിപ്പറയുന്നവയാണ്.
- വിറയലോടു കൂടിയ പനി
- തൊണ്ടവേദന
- കഫത്തോട് കൂടിയതോ അല്ലാതെയോ ഉള്ള ചുമ
- മൂക്കൊലിപ്പ്
- ഛർദി അല്ലെങ്കിൽ വയറിളക്കം
- ശ്വസന പ്രശ്‌നങ്ങൾ
- തലവേദനയും പേശി വേദനയും
- രുചി, മണം തുടങ്ങിയ നഷ്‌ടമാകുക
അതേസമയം ഓരോ രാജ്യങ്ങളിലേയും ആളുകളുടെ ഭക്ഷണ ശീലങ്ങൾ വ്യത്യസ്‌തമാണെന്നും അതിനാൽ തന്നെ അവരുടെ ശാരീരികവും ആരോഗ്യപരവുമായ അവസ്ഥകളും വ്യത്യസ്‌തപെട്ടിരിക്കുന്നുവെന്നും മധ്യപ്രദേശിലെ ശിശുരോഗ വിദഗ്‌ധ ഡോ. സൊണാലി നവലെ വ്യക്‌തമാക്കി. അതിനാൽ തന്നെ ബിഎഫ്.7 ന്‍റെ വ്യാപനത്തിൽ ചൈനയിലേതുപോലൊരു തീവ്രത ഇന്ത്യയിലുണ്ടാവില്ലെന്നും സൊണാലി നവലെ കൂട്ടിച്ചേർത്തു.
മുൻകരുതൽ പ്രധാനം: ഭൂരിഭാഗം ഇന്ത്യക്കാരും ഹൈബ്രിഡ് പ്രതിരോധ ശേഷി കൈവരിച്ചിട്ടുള്ളവരാണ്. കൂടാതെ കൊവിഡ് രോഗമുക്‌തിയിലും ഇന്ത്യ മികച്ചു നിൽക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രണ്ട് ഡോസ് വാക്‌സിനുകൾ കൂടാതെ ബൂസ്റ്റർ ഡോസ് എടുക്കുന്ന ആളുകളുടെ എണ്ണവും രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പോലും ബിഎഫ്.7 ൽ നിന്ന് ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. അതിനായി മുൻപത്തേതു പോലെ നമ്മുടെ ദിനചര്യകളിൽ സുരക്ഷ ക്രമീകരണങ്ങൾ വീണ്ടും ഉൾപ്പെടുത്തേണ്ടതും വളരെ അത്യാവശ്യമാണ്.
മാസ്‌ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ആളുകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ ഇപ്പോൾ തന്നെ പാലിച്ച് തുടങ്ങേണ്ടതും ആവശ്യമാണ്. ഇതോടൊപ്പം തന്നെ ഭക്ഷണക്രമവും, മറ്റ് ദിനചര്യകളും ആരോഗ്യകരവും സജീവവുമായും നിലനിർത്തി പ്രതിരോധ ശേഷി കൂട്ടുന്നതും രോഗബാധ തടയുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
സുരക്ഷ കുട്ടികളിലും: കൂടാതെ കുട്ടികൾക്കും ഇവ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത് അനിവാര്യമാണ്. പൊതു സ്ഥലങ്ങൾ, സ്‌കൂളുകൾ, തിരക്കേറിയ സ്ഥലങ്ങൾ തുടങ്ങിയയിടങ്ങളിൽ മാസ്‌ക് ധരിക്കാൻ അവരോട് ആവശ്യപ്പെടണം. പതിവായി സോപ്പ് ഉപയോഗിച്ച് കൈ കഴുകേണ്ടതിന്‍റെ ആവശ്യകതയും, തങ്ങളുടെ ചുറ്റുമുള്ള വ്യക്‌തികളിലോ, കുട്ടികളിലോ ചുമ, ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരിൽ നിന്ന് സാമൂഹിക അകലം പാലിക്കണ്ട കാര്യവും കുട്ടികളിൽ വിശദീകരിച്ച് നൽകണം.