'മഴ..ചായ..ജോൺസൺ മാഷ്..ആഹാ അന്തസ്സ്..' ഒരു മലയാള സിനിമയിൽ ദുൽഖർ സൽമാൻ പറഞ്ഞ ഡയലോഗാണിത്. മലയാളികളുടെ പൾസ് അറിഞ്ഞെഴുതിയ ഡയലോഗ്. ചൂട് ചായയും പരിപ്പുവടയും കഴിച്ച് മഴക്കാലം ആസ്വദിക്കുന്നവരാണ് നമ്മളിൽ പലരും. ഇടതടവില്ലാതെ മേൽക്കൂരയ്‌ക്ക് മേൽ വീഴുന്ന മഴയുടെ ശബ്‌ദത്തിനിടെ അടുക്കളയിൽ പാചകം ചെയ്യുന്ന പലഹാരത്തിന്‍റെ മണവും ആ കട്ടൻചായയും.. ആഹാ അസാധ്യ കോമ്പോ...
ചൂടുള്ള ചായക്കൊപ്പം പരിപ്പുവടയും പഴംപൊരിയും ഉഴുന്നുവടയുമൊക്കെ കോമ്പിനേഷനാക്കുന്നവരുണ്ട്. ഇത്തവണത്തെ മഴക്കാലത്ത് അതൊന്ന് മാറ്റി പരീക്ഷിക്കാം. മഴക്കാലം ആസ്വദിക്കാൻ ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില സ്‌നാക്കുകൾ പരിചയപ്പെടാം.
ഉള്ളിവട (Onion Pakora) : മഴക്കാലത്ത് ആളുകൾ പലതരം പക്കോറകൾ ഉണ്ടാക്കുന്നു. അതിൽ പ്രധാനിയാണ് ഉള്ളിവട.
അരിഞ്ഞെടുത്ത ഉള്ളിയും കടലമാവും പച്ചമുളകും ചേർത്ത് ഉണ്ടാക്കുന്ന സ്വാദിഷ്‌ടമായ പലഹാരമാണ് ഉള്ളി പക്കോറ അഥവ മലയാളികളുടെ സ്വന്തം ഉള്ളിവട.
സമൂസ (Samosa) : ആഡംബരക്കാരായ കട്‌ലറ്റിനും പഫ്‌സിനുമൊപ്പം ഇപ്പോഴും കട്ടയ്‌ക്ക് പിടിച്ചുനിൽക്കുന്ന പലഹാരമാണ് സമൂസ.
വേവിച്ച് വച്ച ഉരുളക്കുഴങ്ങും കാബേജും ഗ്രീൻപീസും ഉടച്ചെടുത്ത് അതിൽ പച്ചമുളകും ഗരംമസാലയും ഉപ്പും ചേർത്ത് യോജിപ്പിച്ച ശേഷം മൈദ മാവ് പരത്തി കോൺ ഷേപ്പിലാക്കി അതിനുള്ളിലേക്ക് വച്ച് എണ്ണയിലിട്ട് വറുത്തെടുക്കുക. കട്ടൻചായക്കൊപ്പം ഒരു ക്രിസ്‌പി ട്രീറ്റ്.
ബ്രെഡ് പക്കോറ (Bread Pakora) : ജനപ്രിയമായ ഉത്തരേന്ത്യൻ ഭക്ഷണമാണ് ബ്രെഡ് പക്കോറ അഥവാ ബ്രെഡ് പക്കോഡ. ബ്രെഡ് ബജി എന്ന പേരിൽ മലയാളികൾക്കിടയിൽ സുപരിചിതനാണ് ബ്രെഡ് പക്കോറ.
ഒന്നുകിൽ ബ്രെഡ് മാവിൽ മുക്കിപ്പൊരിച്ച് ഇവ പാകം ചെയ്‌തെടുക്കാം. അല്ലെങ്കിൽ ബ്രെഡിനുള്ളിൽ ഉരുളക്കിഴങ്ങ് മസാലയോ പനീർ മസാലയോ നിറച്ച് എണ്ണയിൽ പൊരിച്ചെടുക്കാം. തക്കാളി ചട്‌നിക്കൊപ്പം ബ്രെഡ് ബജി വിളമ്പിയാൽ സ്വാദ് കൂടും.
ചെറുപയർ വട (Moong Dal Pakora) : ചെറുപയറും ഇഞ്ചിയും പച്ചമുളകും ചേർത്ത് യോജിപ്പിച്ച മിശ്രിതത്തിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും കരിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക.
ചായക്കൊപ്പമോ കാപ്പിക്കൊപ്പമോ കഴിക്കാം. വിളമ്പുന്നതിനിടെ കുറച്ച് ചട്‌നി കൂടി വക്കാൻ വക്കാൻ മറക്കണ്ട.
വട പാവ് (Vada Pav) : മുംബൈയുടെ സ്വന്തം വട പാവ്. സാധാരണക്കാരന്‍റെ ബർഗർ എന്നും ഇത് അറിയപ്പെടുന്നു. പാവ് ബ്രെഡും വറുത്ത ബറ്റാറ്റ വട സ്റ്റഫിംഗും ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ജനപ്രിയ ഇന്ത്യൻ സ്ട്രീറ്റ് ഫുഡാണ് വട പാവ്.
കടലമാവ്, വേവിച്ച ഉരുളക്കിഴങ്ങ്, പച്ചമുളക്, മസാലകൾ എന്നിവ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് വട നിർമിക്കുന്നു. തുടർന്ന് രണ്ട് പാവ് ബ്രെഡ് കഷണങ്ങൾക്കിടയിൽ മിന്‍റ് ചട്‌നിയും തക്കാളി ചട്‌നിയും തേച്ച ശേഷം അതിനിടയിൽ ഉരുളക്കിഴകങ്ങ് വട വച്ച് ആസ്വദിച്ച് കഴിക്കാം.
Also read : ചീരയും ഗ്രീൻപീസും കൊണ്ട് സ്വാദൂറും വെജിറ്റബിൾ കബാബ് തയ്യാറാക്കാം