വിശുദ്ധ റമദാൻ മാസത്തിന്‍റെ തുടക്കത്തോടെ തന്നെ നോമ്പുതുറ വിപണിയിൽ മുൻനിരയിലുള്ള വിഭവമാണ് ഈന്തപ്പഴം. തീൻമേശയിലെ നോമ്പുതുറ വിഭവങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമാണ് ഈന്തപ്പഴം. എന്നാൽ രുചിക്കും ഭംഗിക്കും അപ്പുറം ഗുണങ്ങൾ ഏറെയുള്ള ഈന്തപ്പഴം കഠിനമായ നോമ്പിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അവശ്യ ഭക്ഷണങ്ങളിലൊന്നാണെന്നാണ് ഗവേഷകർ പറയുന്നത്.
ശരീരത്തിന് തൽക്ഷണം ഊർജ്ജം നൽകാനും വ്രതം അനുഷ്‌ഠിക്കുന്നവരുടെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ് ഈന്തപ്പഴം എന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഈന്തപ്പഴത്തിൽ ധാരാളം ഫൈബറുകൾ അടങ്ങിയിരിക്കുന്നു. രാവിലെ വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കുന്നത് തന്നെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നു.
ഈന്തപ്പഴത്തിന്‍റെ വിവിധ ആരോഗ്യ ഗുണങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്
- ഈന്തപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പും രക്തസമ്മർദവും മെച്ചപ്പെടുത്തുകയും ഹൃദയ സംബന്ധമായ വിവിധ പ്രശ്‌നങ്ങൾ തടയുകയും ചെയ്യുന്നു.
- ഈന്തപ്പഴം ശരീരത്തിന് ആവശ്യമായ ധാതുക്കളും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും കൊണ്ട് സമ്പുഷ്‌ടമാണ്.
- ഈന്തപ്പഴത്തിൽ കൊളസ്‌ട്രോളും കലോറിയും കുറവാണ്. മാത്രമല്ല പ്രോട്ടീൻ കൂടുതലുമാണ്. അതുകൊണ്ട് തന്നെ ഇവ കഴിച്ചാൽ ഏറെനേരം വയറു നിറഞ്ഞതായി തോന്നുകയും ശരീരഭാരം നിയന്ത്രണത്തിലാകുകയും ചെയ്യും.
- ആന്‍റി ഓക്‌സിഡന്‍റുകളുടെ രൂപത്തിലുള്ള വിറ്റാമിൻ എ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണുകൾക്ക് വളരെ നല്ലതാണ്. മാത്രമല്ല ഈന്തപ്പഴം റികിറ്റ്സുകളുടെയും (വിറ്റാമിൻ ഡിയുടെ കുറവുകൊണ്ടുണ്ടാകുന്ന രോഗം) മറ്റ് നേത്രരോഗങ്ങളുടെയും അവസ്ഥ ലഘൂകരിക്കുന്നു.
- കാൽസ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ ധാതുക്കൾ ഈന്തപ്പഴത്തിൽ ധാരാളമായി ലഭ്യമാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ കാൽസ്യം സഹായിക്കുന്നു. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് കോപ്പർ സഹായിക്കുന്നു. മഗ്നീഷ്യം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
- ശരീരഭാരം കൂട്ടാൻ ശ്രമിക്കുന്നവർക്കും കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഈന്തപ്പഴം നല്ലതാണ്.
- മലബന്ധം ഉള്ളവർ രാവിലെ വെള്ളത്തിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. ചൂടുവെള്ളത്തിൽ ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നതാണ് ഉത്തമം. വെള്ളത്തിലിട്ട് കുതിർത്തുമ്പോൾ ഇതിലെ ഫൈബറുകൾ പെട്ടെന്ന് തന്നെ അയയുന്നു. ഇതോടെ ഫൈബറുകൾ ശരീരം പെട്ടെന്ന് തന്നെ ആഗീരണം ചെയ്യാനും കുടലിനിത് പെട്ടെന്ന് തന്നെ ദഹിപ്പിക്കാനും സാധിക്കുന്നു. ഇതിലൂടെ ദഹനം നല്ല രീതിയിൽ നടക്കുകയും വയറിന് ആരോഗ്യം ലഭിക്കുകയും ചെയ്യുന്നു.
- ഈന്തപ്പഴത്തിൽ ബി കോംപ്ലക്‌സിനൊപ്പം വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. കൂടാതെ നിയാസിൻ, റൈബോഫ്ലേവിൻ, പാന്‍റോതെനിക് ആസിഡ്, പിറിഡോക്‌സിൻ തുടങ്ങിയ പോഷകങ്ങൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.
- ഈന്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്നതിനാൽ ആളുകൾ ഈന്തപ്പഴം കഴിക്കാൻ ഭയപ്പെടുന്നു. എന്നാൽ ഈന്തപ്പഴത്തിലെ സ്വാഭാവിക പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം ഉയർത്തുന്നില്ലെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തി. എന്നാൽ പ്രമേഹമുള്ളവർ ഡോക്‌ടറുടെ നിർദേശപ്രകാരം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.
- ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6 തലച്ചോറിനെ സജീവമാക്കുന്നു.
- ഈന്തപ്പഴം ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
- വൃക്കയിലെ കല്ലുകൾ അലിയിക്കാൻ ഈന്തപ്പഴം ഇടയ്ക്കിടെ കഴിക്കണം. കൂടാതെ ചിലർക്ക് മൂത്രതടസ്സം, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ട്. ഇതെല്ലാം ഈന്തപ്പഴം കഴിച്ചാൽ കുറയും.
Also read: ഭക്ഷണം കഴിക്കുന്നതില്‍ എത്ര നേരത്തെ ഇടവേളയാകാം ; പുതുപഠനം പറയുന്നത് ഇങ്ങനെ