ബോസ്‌റ്റണ്‍ : ലോകത്താകമാനം പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം ചെറിയ കുട്ടികളിൽ ശ്വാസകോശ രോഗത്തിന് കാരണമാകുന്നതായി പഠനം. ക്രൂപ്പ് (Croup) എന്ന ശ്വാസകോശരോഗത്തിന് ഒമിക്രോണ്‍ വകഭേദം വഴിവയ്‌ക്കുന്നുവെന്നാണ് കണ്ടെത്തല്‍. അമേരിക്കയിലെ ജേണല്‍ ഓഫ് പീഡിയാട്രിക്‌സാണ് പഠനവിവരം പ്രസിദ്ധീകരിച്ചത്.
ഒമിക്രോൺ വകഭേദം പടര്‍ന്ന് പിടിച്ചതുമുതല്‍ ക്രൂപ്പ് പിടിപെടുന്ന രോഗികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായെന്ന് ബോസ്റ്റൺ മെഡിക്കൽ സെന്‍ററിലെ ഗവേഷകൻ റയാൻ ബ്രൂസ്‌റ്റര്‍ പറഞ്ഞു.
കൊവിഡ്-19 ബാധിച്ച, പഠനവിധേയരാക്കിയ കുട്ടികളിൽ ഭൂരിഭാഗവും 2 വയസ്സിന് താഴെയുള്ളവരും, അതില്‍ 72 ശതമാനവും ആൺകുട്ടികളും ആയിരുന്നു. ജലദോഷം ബാധിച്ച ഒരു കുട്ടി ഒഴികെ, മറ്റെല്ലാവര്‍ക്കും സാര്‍സ്-കോവ്-2 ബാധിച്ചിരുന്നു. രോഗബാധിതരായെത്തിയ 97 ശതമാനം കുട്ടികളേയും ഡെക്‌സമെതസോണ്‍ എന്ന സ്‌റ്റിറോയിഡ് ഉപയോഗിച്ചാണ് ചികിത്സിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്രൂപ്പ് രോഗികളായ കൊവിഡ് ബാധിതര്‍ക്ക് കൂടുതല്‍ പരിചരണം ആവശ്യമായി വന്നെന്നും പഠനത്തില്‍ നിന്ന് മനസിലായെന്ന് അദ്ദേഹം വ്യക്‌തമാക്കി.
ക്രൂപ്പ് എന്ന ശ്വാസകോശരോഗം
നവജാത ശിശുക്കളിലും ചെറിയ കുട്ടികളിലും കാണുന്ന ഒരു സാധാരണ ശ്വാസകോശ രോഗമാണ് ഇത്. ജലദോഷവും മറ്റ് അണുബാധകളും വഴി വോയ്‌സ് ബോക്‌സ്, ശ്വാസനാളം, ബ്രോങ്കിയൽ ട്യൂബുകൾ എന്നിവയ്ക്ക് ചുറ്റും വീക്കം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കനത്ത ചുമയും ശ്വാസംമുട്ടലുമാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍.
Also read: India covid:1761 പുതിയ കൊവിഡ് രോഗികള്‍; രണ്ട്‌വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്