വാഷിംഗ്‌ടൺ: കൊവിഡ്-19ന്‍റെ ഉപവകഭേദമായ സാഴ്സ് കൊവ് 2 (SARS-CoV-2) അണുബാധ ആർഎൻഎയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠനം. SARS-CoV-2 അണുബാധ ഹോസ്റ്റ് സെല്ലുകളിൽ മീഥൈലേഷന്‍റെ അളവ് വർധിപ്പിക്കുന്നു. മീഥൈലേഷന്‍റെ അളവിലുണ്ടാകുന്ന വ്യത്യാസം ചില തന്മാത്രകൾ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ബാധിക്കുന്നു. ഇത് പ്രോട്ടീനുകൾ, എൻസൈമുകൾ, ഹോർമോണുകൾ, ജീനുകൾ എന്നിവയുടെ സ്വഭാവത്തെ മാറ്റുന്നു.
ഗവേഷണം: ബ്രസീലിലെ ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോയിലെ (UNIFESP) ശാസ്ത്രജ്ഞർ വൈറൽ, ഹ്യൂമൻ, ആനിമൽ സെൽ ആർഎൻഎ എന്നിവയെക്കുറിച്ചുള്ള നാല് പഠനങ്ങളിൽ നിന്ന് ലഭിച്ച പതിമൂന്ന് ഡാറ്റാസെറ്റുകൾ വിശകലനം ചെയ്‌തായിരുന്നു പഠനം.
കോശങ്ങളിലെ എല്ലാ ആർഎൻഎകളെയും വിശകലനം ചെയ്‌ത് ആർഎൻഎകളുടെയും ഡിഎൻഎകളുടെയും അടിസ്ഥാനഘടനാപരമായ യൂണിറ്റായ നൂക്ലിയോടൈഡുകളിലെ മീഥൈലേഷനുകളിലെ എണ്ണം കണ്ടെത്തി രോഗബാധിതരായ കോശങ്ങളുടെ ആർഎൻഎയിൽ മാറ്റങ്ങൾ വന്നതായി ഗവേഷകർ കണ്ടെത്തി.
ആർഎൻഎ ന്യൂക്ലിയോടൈഡുകളിൽ നൈട്രജൻ ബേസുകൾ അടങ്ങിയിരിക്കുന്നു. വൈറസിന്‍റെ വ്യത്യസ്‌ത സ്‌ട്രെയിനുകൾ അവയുടെ ന്യൂക്ലിയോടൈഡുകളിലെ നൈട്രജൻ ബേസുകളുടെ ക്രമത്തിൽ വ്യതിയാനങ്ങൾ കാണിക്കുന്നതായും സംഘം കണ്ടെത്തി. ചില സ്‌ട്രെയിനുകൾ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ മീഥൈലേറ്റഡ് ആയിരിക്കാം. അങ്ങനെയെങ്കിൽ, അവയ്ക്ക് ആതിഥേയ കോശങ്ങൾക്കുള്ളിൽ നന്നായി പെരുകാൻ കഴിയുമെന്ന് ഗവേഷകർ പറഞ്ഞു.
മീഥൈലേഷൻ: ഒരു തന്മാത്രയുടെ ഭാഗം മറ്റൊന്നിലേക്ക് മാറ്റാൻ കഴിവുള്ള എൻസൈമുകളുടെ പ്രവർത്തനത്തിലൂടെ ഹോസ്റ്റ് സെല്ലുകളിൽ സംഭവിക്കുന്ന ഒരു പ്രക്രിയയാണിത്. അഥവാ മീഥൈൽ ഗ്രൂപ്പിന്‍റെ കൂട്ടിച്ചേർക്കൽ ഉൾപ്പെടുന്ന ഒരു ബയോകെമിക്കൽ പരിഷ്ക്കരണമാണ് മീഥൈലേഷൻ. ഇത് പ്രോട്ടീനുകൾ, എൻസൈമുകൾ, ഹോർമോണുകൾ, ജീനുകൾ എന്നിവയുടെ സ്വഭാവത്തെ മാറ്റുന്നു.
വൈറസുകളിൽ മീഥൈലേഷന് രണ്ട് പ്രവർത്തനങ്ങൾ ഉണ്ട്. ഒന്നാമത്തേത് പ്രോട്ടീൻ പ്രകടനത്തെ നിയന്ത്രിക്കുന്നു എന്നതാണ്. രണ്ടാമത്തെ ഹോസ്റ്റ് ഓർഗാനിസം ഉൽപ്പാദിപ്പിക്കുന്ന ശക്തമായ ആന്‍റിവൈറൽ പദാർഥമായ ഇന്‍റർഫെറോണിന്‍റെ പ്രവർത്തനത്തിനെതിരെ പ്രതിരോധിക്കാൻ വൈറസിനെ സജ്ജമാക്കുന്നു.
വൈറസ് സ്വന്തം മീഥൈലേഷനായി സെൽ എൻസൈമുകളെ ഉപയോഗിക്കുന്നു. അങ്ങനെ അവ സെൽ സീക്വൻസുകളോട് കൂടുതൽ സാമ്യമുള്ളതായിത്തീരുന്നു. ഇത് മൂലം ആക്രമിക്കപ്പെട്ട കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ആന്‍റി വൈറൽ പ്രോട്ടീനായ ഇന്‍റർഫെറോണിൽ നിന്ന് കൂടുതൽ വിജയകരമായി വൈറസിന് രക്ഷപ്പെടാൻ കഴിയും.
രണ്ട് മീഥൈലേഷൻ ഡിറ്റക്ഷൻ പ്രോഗ്രാമുകൾ ഉപയോഗിച്ചാണ് സെൽ മീഥൈലേഷൻ വർധനവ് മാപ്പ് ചെയ്‌തത്. ഇതിലൊന്നിനായി മൾട്ടിപ്പിൾ ഇൻസ്റ്റൻസ് ലേണിംഗ് (MIL) എന്ന മെഷീൻ ലേണിങ് ടെക്‌നിക് ഉപയോഗിച്ചു. മറ്റൊന്ന് (എപിനാനോ) സപ്പോർട്ട് വെക്റ്റർ മെഷീൻ (എസ്വിഎം) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു.