കൊവിഡ് ബാധിതരായ വ്യക്തികളുടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ SARS-CoV-2 വൈറസിന്‍റെ നിരവധി വകഭേദങ്ങൾ മറഞ്ഞിരിക്കാമെന്ന് കണ്ടെത്തൽ. യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെയും ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇത് രോഗബാധിതനായ വ്യക്തിയുടെ ശരീരത്തിൽ നിന്ന് വൈറസ് പൂർണമായും ഇല്ലാതാക്കുന്നതിന് കൂടുതൽ തടസമാകുമെന്നും ഗവേഷകർ പറയുന്നു.
നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രധാനമായും, വൈറസുകള്‍ക്ക് വിവിധതരം കോശങ്ങളിൽ എങ്ങനെയൊക്കെ പരിണാമം സംഭവിക്കുന്നുവെന്നും രോഗബാധിതമായ കോശങ്ങളില്‍ തന്നെ നിലയുറപ്പിച്ച് എങ്ങനെ അവ പ്രതിരോധശേഷി നേടുന്നുവെന്നും വിശദീകരിക്കുന്നു.
സ്പൈക്ക് പ്രോട്ടീൻ പോക്കറ്റ്
വൈറൽ അണുബാധ ചക്രത്തിൽ SARS-CoV-2 സ്പൈക്ക് പ്രോട്ടീന്‍റെ പ്രവർത്തനം അടിസ്ഥാനമാക്കിയായിരുന്നു പഠനം. കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിനും കോശങ്ങളെ ബാധിക്കുന്നതിനും വൈറസ് ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീന്‍റെ അറ, അണുബാധയിൽ പ്രധാന പങ്ക് വഹിച്ചതായി കണ്ടെത്തി.
ഒമിക്രോണും അതിന്‍റെ വകഭേദങ്ങളും ഉൾപ്പെടെയുള്ളവ യഥാർഥ വൈറസിനെ പൂർണമായും മാറ്റിസ്ഥാപിച്ചിരിക്കുന്നതായി ഗവേഷണത്തിൽ കണ്ടെത്തിയെന്ന് ബ്രിസ്റ്റോൾ സർവകലാശാല പ്രൊഫസർ ഇമ്രെ ബെർഗർ പറഞ്ഞു.
വൈറസ് മറഞ്ഞിരിക്കുന്നത് വിവിധതരം കോശങ്ങളിൽ
ബ്രിസ്റ്റോളിൽ കണ്ടെത്തിയ മുൻകാല വകഭേദമായ ബ്രിസ്‌ഡെൽറ്റയും ഗവേഷകർ പരിശോധിച്ചു. അതിൽ യഥാർഥ വൈറസിൽ നിന്ന് വ്യത്യസ്തമായി ആകൃതിയിൽ മാറ്റം വന്നതായി കണ്ടെത്തി. എന്നാൽ അതിന്‍റെ സ്പൈക്ക് പ്രോട്ടീൻ അറയിൽ മാറ്റമില്ലെന്നും ബെർഗർ വിശദമാക്കി. ഒരാളുടെ ശരീരത്തിൽ പലതരം വൈറസ് വകഭേദങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങളിൽ കണ്ടെത്തിയതായി ബ്രിസ്‌ഡെൽറ്റ ലേഖകനായ കപിൽ ഗുപ്തയും അവകാശപ്പെടുന്നു.
ശരീരം പ്രധാന വൈറസിനെതിരെ പ്രതിരോധിക്കുന്ന സമയത്ത്, വകഭേദങ്ങളിൽ ചിലത് മറഞ്ഞിരിക്കുന്നതിനായി കിഡ്‌നി അല്ലെങ്കിൽ സ്‌പ്ലീൻ കോശങ്ങൾ ഉപയോഗിച്ചേക്കാം. ഇത് രോഗബാധിതരായ വ്യക്തികളിൽ നിന്ന് SARS-CoV-2 പൂർണമായും ഇല്ലാതാകുന്നതിന് തടസമാകുമെന്നും ഗുപ്‌ത പറയുന്നു.
കൃത്രിമ വിറിയോണുകൾ വഴി പഠനം
സ്പൈക്ക് പ്രോട്ടീൻ പോക്കറ്റിന്‍റെ പ്രവർത്തനം മനസിലാക്കുന്നതിനായി ടെസ്റ്റ് ട്യൂബിൽ സിന്തറ്റിക് SARS-CoV-2 വിറിയോണുകളെ (വൈറസ് കണികകൾ) ഗവേഷകർ നിർമിച്ചു. ഈ കൃത്രിമ വിറിയോണുകൾ ഉപയോഗിച്ച്, വൈറൽ അണുബാധയിൽ പോക്കറ്റിന്‍റെ കൃത്യമായ പ്രവര്‍ത്തനം മനസിലാക്കാൻ ഗവേഷകർക്ക് സാധിച്ചു. ഫാറ്റി ആസിഡുമായി കൂടിച്ചേരുമ്പോൾ വിറിയോണുകളെ സംയോജിപ്പിക്കുന്ന പ്രോട്ടീൻ അവയുടെ ആകൃതിയിൽ മാറ്റം വരുത്തുമെന്ന് പഠനം തെളിയിച്ചു. ഈ 'സ്വിച്ചിങ് ഷേപ്പ്' മെക്കാനിസം വൈറസിനെ പ്രതിരോധ സംവിധാനത്തിൽ നിന്ന് ഫലപ്രദമായി മറഞ്ഞിരിക്കാൻ അനുവദിക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കി.
ഫാറ്റി ആസിഡുകളെ തിരിച്ചറിയാൻ പ്രത്യേകം നിർമിച്ച ഈ പോക്കറ്റ്, ശരീരത്തിനുള്ളിൽ SARS-CoV-2 വളരെ വേഗത്തിൽ പെരുകാൻ അനുവദിക്കുന്നു. എന്നിരുന്നാലും അതേ സവിശേഷത വൈറസിനെ പരാജയപ്പെടുത്താനും സഹായകമാകുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.