പ്യോങ്യാങ്: കോവിഡ് മഹാമാരിയിൽ ലോകം മുഴുവൻ ആശങ്കയിലിരിക്കെ ദക്ഷിണ കൊറിയയിൽ അപൂർവ അണുബാധയേറ്റ് ഒരു മരണം. മസ്‌തിഷ്‌കം ഭക്ഷിക്കുന്ന അമീബയായ 'നെഗ്ലേരിയ ഫൗലേറി' ബാധിച്ചാണ് മരണം. 'പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (PAM)' എന്നാണ് ഈ അണുബാധ അറിയപ്പെടുന്നത്. തായ്‌ലൻഡിൽ വച്ചാണ് 50 വയസുകാരനായ മധ്യവയസ്‌കന് അണുബാധയേറ്റത്.
മരണം ഒഴിവാക്കാൻ പ്രയാസം: യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നതനുസരിച്ച് ഈ അണുബാധ മൂക്കിലൂടെ പ്രവേശിച്ചാണ് തലച്ചോറിലെത്തുന്നത്. ശേഷം ഭക്ഷണമായി തലച്ചോറിലെ പ്രധാന ഭാഗങ്ങൾ ആക്രമിക്കുകയും ചെയ്യുന്നു. തുടർന്ന് പിഎഎം എന്ന പ്രശ്‌നം സംഭവിക്കുന്നു.
അസഹനീയമായ തലവേദനയാണ് ഈ അണുബാധയുടെ ആദ്യ ലക്ഷണം. അതിനുശേഷം, മാനസിക സന്തുലിതാവസ്ഥ, ഭ്രമാത്മകത മുതലായവ ഉണ്ടാവുകയും രോഗം ബാധിച്ച വ്യക്തി കോമയിലേക്ക് പോവുകയും ചെയ്യുന്നു. 1962 നും 2021 നും ഇടയിൽ, അമേരിക്കയിൽ 154 പേർക്ക് ഈ അണുബാധയുണ്ടായി. ഇതിൽ 150 പേരും മരണപ്പെട്ടു.
എന്നാൽ ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ലെന്ന് ഡോക്‌ടർമാർ വ്യക്തമാക്കി. ഇതിന് ഫലപ്രദമായ മരുന്ന് ലഭ്യമല്ല. നിലവിലുള്ള ചില മയക്കുമരുന്ന് കോമ്പിനേഷനുകൾ ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നതെന്ന് സിഡിസി വിശദീകരിക്കുന്നു.
എന്താണ് 'നെഗ്ലേരിയ ഫൗലേരി'?: അമീബ കുടുംബത്തിൽപ്പെട്ട ഒരു പ്രോട്ടോസോവയാണ് നെഗ്ലേരിയ ഫൗലേരി. ഈ ജീവികൾ ശുദ്ധജല സ്രോതസുകൾ, മണ്ണ്, കുളങ്ങൾ, തടാകങ്ങൾ എന്നിവയിൽ വസിക്കുന്നു. എല്ലാ അമീബകളും മനുഷ്യർക്ക് അപകടകാരികളല്ല.
പക്ഷേ നെഗ്ലേരിയ ഫെലോറിക്ക് മനുഷ്യരെ കൊല്ലാൻ കഴിയും. ഉയർന്ന താപനിലയിൽ തടാകങ്ങളിലെ വെള്ളം ചൂടാകുന്ന സമയത്ത് ഏതെങ്കിലും കാരണവശാൽ ഇത്തരം തടാകങ്ങളിൽ നിന്നുള്ള വെള്ളം മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ ഈ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.